കൊവിഡ്: ബിഗ് ബോസ് കന്നഡ സീസണ്‍ 8 ഉപേക്ഷിക്കുന്നു
ഞായറാഴ്ച എപ്പിസോഡ് ആയിരിക്കും ഈ സീസണിലെ അവസാന എപ്പിസോഡ്. അവശേഷിക്കുന്ന 11 മത്സരാര്‍ഥികളെയും സ്റ്റേജിലേക്ക് വിളിച്ച് യാത്രയയപ്പ് നല്‍കുമെന്നാണ് സൂചന
കൊവിഡ് രണ്ടാംതരംഗം പിടിമുറുക്കുന്ന സാഹചര്യത്തില്‍ ജനപ്രിയ റിയാലിറ്റി ഷോ ആ ബിഗ് ബോസിന്‍റെ കന്നഡ പതിപ്പ് സംപ്രേഷണം അവസാനിപ്പിക്കുന്നു. ബിഗ് ബോസ് കന്നഡയുടെ എട്ടാം സീസണാണ് പുരോമഗിച്ചിരുന്നത്. നൂറാം ദിവസം അവസാനിക്കേണ്ടിയിരുന്ന ഷോ 70 ദിനങ്ങള്‍ പിന്നിട്ടിരുന്നു. കര്‍ണ്ണാടകയില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ലോക്ക്ഡൗണ്‍ നിബന്ധനകളുടെ ഭാഗമായി സംസ്ഥാനത്തെ ടെലിവിഷന്‍ പരിപാടികളുടെയും സിനിമകളുടെയും ചിത്രീകരണം അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നടന്‍ കിച്ച സുദീപ് അവതാരകനായ സീസണ്‍ 8 ഫെബ്രുവരി 28നാണ് ആരംഭിച്ചത്
ഷോ സംപ്രേഷണം ചെയ്തിരുന്ന കളേഴ്സ് കന്നഡ ചാനലിന്‍റെ ബിസിനസ് ഹെഡ് പരമേശ്വര്‍ ഗുണ്ഡ്കല്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ വിവരം സ്ഥിരീകരിച്ചത്. "ബിഗ് ബോസ് ഹൗസില്‍ ആയിരുന്നതിനാല്‍ പുറത്തെ പ്രതിസന്ധി അറിയാത്ത മത്സരാര്‍ഥികളൊക്കെയും സന്തോഷത്തില്‍ ആയിരുന്നു. എല്ലാവരും സുരക്ഷിതരുമായിരുന്നു. എന്നാല്‍ എന്താണ് പുറത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എല്ലാവരെയും അറിയിക്കാന്‍ പോവുകയാണ്. മത്സരാര്‍ഥികളെയും സാങ്കേതികപ്രവര്‍ത്തകരെയും സുരക്ഷിതരായി വീടുകളില്‍ എത്തിക്കും. നൂറുകണക്കിന് ആളുകളുടെ സ്വപ്നവും പ്രയത്നവുമാണ് പാതിയില്‍ നിര്‍ത്തേണ്ടിവരുന്നത്. ബുദ്ധിമുട്ടേറിയ തീരുമാനം ആയിരുന്നെങ്കിലും ഞങ്ങള്‍ സന്തുഷ്ടരാണ്", പരമേശ്വര്‍ കുറിച്ചു.
ഞായറാഴ്ച എപ്പിസോഡ് ആയിരിക്കും ഈ സീസണിലെ അവസാന എപ്പിസോഡ്. അവശേഷിക്കുന്ന 11 മത്സരാര്‍ഥികളെയും സ്റ്റേജിലേക്ക് വിളിച്ച് യാത്രയയപ്പ് നല്‍കുമെന്നാണ് സൂചന. അതേസമയം അവതാരകനായ സുദീപ് അനാരോഗ്യത്തെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വാരാന്ത്യങ്ങളായി ഷോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആരോഗ്യം വീണ്ടെടുത്തിരുന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം അദ്ദേഹത്തിന് എത്താന്‍ ആയിരുന്നില്ല.
അതേസമയം മലയാളം ബിഗ് ബോസിന്‍റെ സീസണ്‍ 3 പുരോഗമിക്കുകയാണ്. 83 എപ്പിലോഡുകള്‍ പിന്നിട്ടിരിക്കുന്ന ബിഗ് ബോസ് മലയാളത്തിന്‍റെ ചിത്രീകരണം ചെന്നൈയിലാണ് നടക്കുന്നത്. തമിഴ്നാട്ടിലും തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മലയാളം ബിഗ് ബോസ് നിര്‍ത്തുമോ എന്ന സംശയം ഷോയുടെ പ്രേക്ഷകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതുവരെ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona