ബിഗ് ബോസില്‍ നാടകീയ രംഗങ്ങള്‍; അഖില്‍ മാരാരെയും സാഗര്‍ സൂര്യയെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ്
ഈസ്റ്റര്‍ ദിനത്തില്‍ ബിഗ് ബോസ് നല്‍കിയ രസകരമായ ഗെയിമിനിടെ അഖില്‍ മാരാര്‍ ചില മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതില്‍ നിന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ നാടകീയ രംഗങ്ങള്‍. ഈസ്റ്റര്‍ദിനത്തില്‍ രസകരമായ ഗെയിമും കേക്ക് മുറിക്കലുമൊക്കെയായി ആഘോഷ നിമിഷങ്ങളാണ് ബിഗ് ബോസ് വിഭാവനം ചെയ്തതെങ്കില്‍ മത്സരാര്‍ഥികള്‍ സൃഷ്ടിച്ച സംഘര്‍ഷാവസ്ഥ ഞായറാഴ്ച എപ്പിസോഡിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. അവതാരകനായ മോഹന്‍ലാലിന്‍റെ സാന്നിധ്യത്തെപ്പോലും വകവെക്കാതെയായിരുന്നു ചില മത്സരാര്‍ഥികളുടെ പെരുമാറ്റം.
ഈസ്റ്റര്‍ ദിനത്തില്‍ ബിഗ് ബോസ് നല്‍കിയ രസകരമായ ഗെയിമിനിടെ അഖില്‍ മാരാര്‍ ചില മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഗെയിം അവസാനിച്ച സമയത്ത് മോഹന്‍ലാല്‍ ഇക്കാര്യം അഖിലിനോട് ചോദിച്ചു. സഹമത്സരാര്‍ഥികള്‍ അഖില്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. അവസാനം പൊതുവായി മാപ്പ് പറയാന്‍ തയ്യാറായെങ്കിലും അവിടെയും സ്വയം ന്യായീകരിക്കാനാണ് അഖില്‍ ശ്രമിച്ചത്. തെറ്റുകള്‍ ഉണ്ടാവാത്ത ആളൊന്നുമല്ല. അറിയാതെയാണ്. അറിഞ്ഞുകൊണ്ട് ആരോടും മോശമായി സംസാരിച്ചിട്ടൊന്നുമില്ല. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാന്‍ മാത്രമേ എനിക്ക് പറ്റൂ. ഒരു നാട്ടിന്‍പുറത്ത് ഒരുപാട് പ്രശ്നങ്ങളിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലുമൊക്കെ ഏര്‍പ്പെട്ടിട്ടുള്ള ആളാണ്. സ്വാഭാവികമായും വായില്‍ ചിലപ്പോള്‍ തെറികള്‍ വരാറുണ്ട്. അത് അറിഞ്ഞുകൊണ്ട് വിളിക്കുന്നതല്ല. അറിയാതെ വായില്‍ വരുന്നതാണ്. അത് ഇവരെയും പ്രേക്ഷകരെയും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഹൃദയത്തില്‍ നിന്നുതന്നെ മാപ്പ് പറയാം", അഖില്‍ പറഞ്ഞു.
പിന്നീട് പുതിയ ക്യാപ്റ്റനായ സാഗറിന് ക്യാപ്റ്റന്‍റെ ആം ബാന്‍ഡ് കൈമാറാന്‍ അഖിലിനോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. എന്നാല്‍ നേരത്തെ നടന്ന ഗെയിമിന് ഇടയില്‍ തന്നെയും ജുനൈസിനെയും തെറി വിളിച്ചതിനാല്‍ ആം ബാന്‍ഡ് കൈമാറുന്നതിന് മുന്‍പ് തന്നോടും ജുനൈസിനോടും അഖില്‍ വ്യക്തിപരമായി മാപ്പ് പറയണമെന്ന് സാഗര്‍ ആവശ്യപ്പെട്ടു. മറ്റ് മത്സരാര്‍ഥികളും ഇത് പറഞ്ഞതെങ്കിലും അത് പറ്റില്ലെന്ന നിലപാടിലായിരുന്നു അഖില്‍. ഇതിനിടെ അഖിലിനെ സാഗര്‍ ചെറുതായി പിടിച്ച് തള്ളിയതിനെയും മറ്റു മത്സരാര്‍ഥികള്‍ വിമര്‍ശിച്ചു. തുടര്‍ന്ന് അഖില്‍ അതില്‍ ക്ഷമ ചോദിച്ചു. പിന്നാലെ ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു.
എന്താണെന്ന് സംഭവിച്ചതെന്ന് ഇരുവരോടും ചോദിച്ചതിന് തങ്ങളുടെ ഭാഗം ഇരുവരും വിശദീകരിച്ചു. സ്വയം ന്യായീകരിച്ചാണ് ഇരുവരും സംസാരിച്ചത്. താന്‍ ഹൈപ്പര്‍ തൈറോയ്‍ഡിസം ഉള്ള ആളാണെന്നും വികാരങ്ങള്‍ ഒരു പരിധിക്കപ്പുറത്ത് ആയാല്‍ പ്രതികരിച്ച് പോവുമെന്നും അഖില്‍ പറഞ്ഞു. പൊതുവായി ക്ഷമ ചോദിച്ചെന്നും സാഗറിനെയോ ജുനൈസിനെയോ വ്യക്തിപരമായി തെറി പറഞ്ഞിട്ടില്ലാത്തതിനാല്‍ വ്യക്തിപരമായി ക്ഷമ ചോദിക്കാന്‍ സാധിക്കില്ലെന്നും അഖില്‍ വ്യക്തമാക്കി. മറ്റൊരാള്‍ പറഞ്ഞതുകേട്ട് പിന്നീട് അഖിലിനോട് പ്രശ്നം അവതരിപ്പിച്ചത് എന്തിനെന്നായിരുന്നു സാഗറിനോട് ബിഗ് ബോസിന്‍റെ ചോദ്യം. എന്നാല്‍ ടീമിലുണ്ടായിരുന്ന ജുനൈസ് മത്സരത്തിന്‍റെ സമയത്തേ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും പിന്നീട് സെറീന കൂടി പറഞ്ഞതോടെ ഇക്കാര്യം പൂര്‍ണ്ണമായും വിശ്വസിച്ചെന്നും അങ്ങനെയാണ് ചോദിച്ചതെന്നും സാഗര്‍ പറഞ്ഞു. മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ ഇത്തരത്തിലൊരു സാഹചര്യം ഒഴിവാക്കാമായിരുന്നില്ലേ എന്നായിരുന്നു ബിഗ് ബോസിന്‍റെ അടുത്ത ചോദ്യം. ബിഗ് ബോസ് താന്‍ സ്ഥിരമായി കണ്ടിരുന്നതാണെന്നും താന്‍ ചെയ്തതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നുമായിരുന്നു സാഗറിന്‍റെ പ്രതികരണം. ആദ്യം അഖിലിനോട് സംസാരിച്ച് ലിവിങ് റൂമിലേക്ക് പറഞ്ഞയച്ചതിനു ശേഷമാണ് ബിഗ് ബോസ് സാഗറിനെ വിളിപ്പിച്ചത്.