സീസണ്‍ 3ലെ അവസാന ക്യാപ്റ്റന്‍; ബിഗ് ബോസിലെ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുത്തു
അനൂപ്, അഡോണി, റംസാന്‍ എന്നിവരായിരുന്നു ഇത്തവണ ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് നാമനിര്‍ദേശം ലഭിച്ചവര്‍.
ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ അവസാനത്തെ ക്യാപ്റ്റനെ തിരഞ്ഞെടുത്തു. 12-ാം വാരത്തിലാണ് അവസാന ക്യാപ്റ്റന്‍സി ഉണ്ടാവുകയെന്ന് ബിഗ് ബോസ് കഴിഞ്ഞ വാരത്തിലേ അറിയിച്ചിരുന്നു. രസകരമായ മത്സരത്തിലൂടെയായിരുന്നു ഇത്തവണത്തെ ക്യാപ്റ്റന്‍റെ തിരഞ്ഞെടുപ്പും. അനൂപ്, അഡോണി, റംസാന്‍ എന്നിവരായിരുന്നു ഇത്തവണ ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് നാമനിര്‍ദേശം ലഭിച്ചവര്‍.
മൂന്നുപേരോടും എല്‍സിഡി സ്ക്രീനിന്‍റെ മുന്നിലേക്ക് നീങ്ങിനില്‍ക്കാന്‍ ആവശ്യപ്പെട്ട ബിഗ് ബോസ് ഇവര്‍ ഓരോരുത്തരെയും പിന്തുണയ്ക്കുന്നവര്‍ ആരൊക്കെയെന്ന് പറയാനും ആവശ്യപ്പെട്ടു. ഇതുപ്രകാരം സായ്, മണിക്കുട്ടന്‍, സൂര്യ എന്നിവര്‍ അനൂപിനെയും രമ്യ, ഫിറോസ് എന്നിവര്‍ അഡോണിയെയും നോബി, റിതു എന്നിവര്‍ റംസാനെയും പിന്തുണയ്ക്കുന്നതായി അറിയിച്ചു. അതിനുശേഷം എന്താണ് ടാസ്‍ക് എന്ന കാര്യം ബിഗ് ബോസ് അറിയിച്ചു.
ഗാര്‍ഡന്‍ ഏരിയയില്‍ മൂന്ന് കൈവണ്ടികളും രേഖപ്പെടുത്തിയ മൂന്ന് ട്രാക്കുകളും ഉണ്ടായിരുന്നു. തന്നെ പിന്തുണയ്ക്കുന്നവരെ ഓരോരുത്തരായി ഓരോ ക്യാപ്റ്റന്‍സി മത്സരാര്‍ഥിയും കൈവണ്ടിയില്‍ ഇരുത്തി, സ്റ്റാര്‍ട്ടിംഗ് പോയിന്‍റില്‍ നിന്നും ഫിനിഷിംഗ് പോയിന്‍റ് വരെ എത്തി തിരിച്ചു കൊണ്ടുവരണമായിരുന്നു. ഇതില്‍ അഡോണിയാണ് വിജയിച്ചത്. രണ്ടാമത് റംസാനും എത്തി. മൂന്നുപേരെ എത്തിക്കേണ്ടിയിരുന്ന അനൂപിന് അവസാനമാണ് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. ഇതോടെ ഈ സീസണിലെ അവസാന ക്യാപ്റ്റന്‍ ആയി അഡോണി ടി ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴത്തെ ക്യാപ്റ്റന്‍ ആയ സൂര്യയും പിന്നാലെ ബിഗ് ബോസും പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു.