നമ്മള്‍ വിചാരിച്ച ആളല്ല അന്‍സിബ! 9 കാരണങ്ങള്‍ ഇവയാണ്

മത്സരാര്‍ഥിയെന്ന നിലയില്‍ അന്‍സിബയുടെ ശക്തി ദൗര്‍ബല്യങ്ങളും സാധ്യതകളും എന്തൊക്കെ?

ansiba character analysis as a contestant in bigg boss malayalam season 6

സീസണിന്‍റെ ആദ്യ വാരത്തില്‍ പ്രബലരായി തോന്നുവരെ ആവില്ല മുന്നോട്ട് പോകവെ അങ്ങനെ തോന്നുക. ബി​ഗ് ബോസ് എന്ന ഷോയുടെ പ്രത്യേകതയാണ് അത്. ചിലര്‍ വളരെപ്പെട്ടെന്നുതന്നെ ഉള്ള ഇന്ധനമെല്ലാം കത്തിച്ച് തീരുമ്പോള്‍ മറ്റു ചില മത്സരാര്‍ഥികള്‍ അങ്ങനെയല്ല. ഷോയുടെ മെയിന്‍ ട്രാക്കിലേക്ക് പതിയെ വന്നുനില്‍ക്കുന്ന ചിലരുണ്ട്. ഇവര്‍ ഇത്ര കാലവും എവിടെയായിരുന്നുവെന്ന് സഹമത്സരാര്‍ഥികള്‍ അപ്പോഴാണ് അത്ഭുതപ്പെടുക. ഇപ്പറഞ്ഞ ഉപമയ്ക്ക് ഈ സീസണില്‍ പറയാവുന്ന ഉദാഹരണം അൻസിബയാണ്. ഷോ 9-ാം വാരത്തില്‍ എത്തിനില്‍ക്കവെ ശ്രദ്ധ കൊടുക്കേണ്ട മത്സരാര്‍ഥിയായി അന്‍സിബ വളര്‍ന്നിട്ടുണ്ട്. മത്സരാര്‍ഥിയെന്ന നിലയില്‍ അവരുടെ ശക്തി ദൗര്‍ബല്യങ്ങളും സാധ്യതകളും എന്തൊക്കെയെന്ന് നോക്കാം. 

പോസിറ്റീവ്സ്>>>>

1. കാര്യങ്ങള്‍ കൃത്യം പോയിന്‍റുകളിലും മികച്ച ഭാഷയിലും അവതരിപ്പിക്കാന്‍ ശേഷിയുള്ള സീസണ്‍ 6 ലെ അപൂര്‍വ്വം മത്സരാര്‍ഥികളില്‍ ഒരാളാണ് അന്‍സിബ. രതീഷ് കുമാറും റോക്കിയുമൊക്കെയാണ് തുടക്കത്തില്‍ ഈ സീസണിന്‍റെ സ്വഭാവം സെറ്റ് ചെയ്തത്. എപ്പോഴും ബഹളമയമായ അന്തരീക്ഷമായിരുന്നു ആദ്യത്തെ വാരങ്ങളില്‍. ഉറക്കെ പറഞ്ഞില്ലെങ്കില്‍ സ്വന്തം ശബ്ദം കേള്‍ക്കില്ലെന്ന അരക്ഷിതത്വത്തില്‍ മറ്റുള്ളവരും ബഹളം വച്ചതോടെ മിക്കപ്പോഴും ശബ്ദായമാനമായിരുന്നു ഹൗസ്. എന്നാല്‍ അപ്പോഴൊക്കെയും അതിന് ശ്രമിക്കാതെയിരുന്ന മത്സരാര്‍ഥിയാണ് അന്‍സിബ. വേണ്ട സന്ദര്‍ഭങ്ങളില്‍ മാത്രം ശാന്തമായി കൃത്യം ഭാഷയിലാണ് അന്‍സിബ സംസാരിച്ചിട്ടുള്ളത്. നോറയുടെ വലിച്ചുനീട്ടലോ സിജോയുടെ അമിതാവേശമോ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അന്‍സിബയ്ക്ക് ഉണ്ടാവാറില്ല. 

2. സഹമത്സരാര്‍ഥികളെക്കുറിച്ച് വ്യക്തമായി മനസിലാക്കല്‍. അധികം സംസാരിക്കാത്തതുകൊണ്ടും ടാസ്കുകളില്‍ വലിയ ആവേശം കാട്ടാത്തതുകൊണ്ടും അലസയായ ഒരു ഗെയിമര്‍ എന്ന കാഴ്ചപ്പാടായിരുന്നു അന്‍സിബയെക്കുറിച്ച് ആദ്യ വാരങ്ങളില്‍ മറ്റുള്ളവര്‍ക്ക്. എന്നാല്‍ വൈല്‍ഡ് കാര്‍ഡുകള്‍ എത്തിയപ്പോഴാണ് അന്‍സിബ അങ്ങനെയല്ലെന്ന് സഹമത്സരാര്‍ഥികളില്‍ പലരും ആദ്യമായി അറിഞ്ഞത്. ടീം റൂമില്‍ ഇരുന്ന് രാജതന്ത്രം മെനയുന്ന ആളാണ് അന്‍സിബയെന്നായിരുന്നു സിബിന്‍റെ വാക്കുകള്‍. സഹമത്സരാര്‍ഥികളെക്കുറിച്ച് കൃത്യമായി നിരീക്ഷിച്ച് മനസിലാക്കിയിട്ടുള്ള ആളാണ് അന്‍സിബയെന്ന് ചില തര്‍ക്കങ്ങള്‍ വരുമ്പോഴും കണ്‍ഫെഷന്‍ റൂമില്‍ നോമിനേഷന്‍റെ സമയത്തുമാണ് പ്രേക്ഷകര്‍ മനസിലാക്കിയിട്ടുള്ളത്. 

3. മറ്റുള്ളവര്‍ എന്ത് കരുതുമെന്ന ആശങ്കയില്ല. ഒരു ബിഗ് ബോസ് മത്സരാര്‍ഥിയെ സംബന്ധിച്ച് ഏറ്റവും വേണ്ട ഈ ഗുണം അന്‍സിബയ്ക്ക് ഉണ്ട്. ഹൗസില്‍ വലിയ സൗഹൃദവൃന്ദമില്ലാത്തതിനാല്‍ അന്‍സിബയ്ക്ക് ഇത് അനായാസവുമാണ്. എതിരാളികളെ അവസരം കിട്ടുമ്പോള്‍ കൃത്യമായി ടാര്‍ഗറ്റ് ചെയ്യാറുള്ള അന്‍സിബ വാക്കുകളിലൂടെ അത് മൂര്‍ച്ചയോടെ അവതരിപ്പിക്കാറുമുണ്ട്. പവര്‍ റൂമില്‍ എത്തിയതിന് ശേഷം ശ്രീരേഖയോടുള്ള വിയോജിപ്പ് സ്വന്തം റൂമിലിരുന്ന് അവര്‍ കേള്‍ക്കാന്‍ വേണ്ടിത്തന്നെ പറഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. ഇത് ശ്രീരേഖ കേള്‍ക്കുകയും ചെയ്തു. 

നെ​ഗറ്റീവ്സ്>>>>

4. സൗഹൃദങ്ങളോ ​ഗ്യാങ്ങുകളോ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. സീസണിന്‍റെ തുടക്കത്തില്‍ ഋഷി, അര്‍ജുന്‍, റോക്കി എന്നിവര്‍ക്കൊപ്പം ഒരു ടീമില്‍ ആയിരുന്ന സമയത്ത് ഈ മൂവരും തമ്മില്‍ വലിയ കണക്ഷന്‍ ഉണ്ടായിരുന്നു അന്‍സിബയ്ക്ക്. എന്നാല്‍ പെട്ടെന്നുതന്നെ റോക്കി അപ്രതീക്ഷിതമായി പുറത്തായി. അര്‍ജുനും ഋഷിക്കുമിടയില്‍ ഉണ്ടായ വിള്ളല്‍ അര്‍ജുനും അന്‍സിബയ്ക്കുമിടയില്‍ ഉണ്ടായിരുന്ന വൈബിനെയും ബാധിച്ചു. അന്നുമിന്നും ഋഷി മാത്രമാണ് ബിഗ് ബോസില്‍ അന്‍സിബയുടെ ഒരേയൊരു സൗഹൃദം. സോഫ്റ്റ് കോര്‍ണര്‍ ഉള്ളത് ജിന്‍റോയോടും. സ്വഭാവത്തില്‍ ഉള്‍വലിവ് പ്രകടിപ്പിക്കാറുള്ള ആളാണ് അന്‍സിബ. വേക്കപ്പ് ഡാന്‍സിന്‍റെ സമയത്ത് ഒരിക്കലും ഗ്രൂപ്പിനൊപ്പം കാണാറില്ല അന്‍സിബയെ. മുന്നോട്ട് പോകുമ്പോള്‍ കൂടുതല്‍ കഠിനമാകുന്ന ബിഗ് ബോസ് സാഹചര്യങ്ങളില്‍ ഒപ്പം അധികം ആളുകളില്ലാത്തത് അന്‍സിബയ്ക്ക് വലിയ വെല്ലുവിളിയാവും സൃഷ്ടിക്കുക.

5. ഷോയില്‍ നിന്ന് പോകണമെന്ന് ഒന്നരയാഴ്ച മുന്‍പുവരെ അന്‍സിബ പറയുന്നത് പ്രേക്ഷകര്‍ കേട്ടിട്ടുണ്ട്. ഗെയിമര്‍ എന്ന നിലയിലെ സ്വന്തം കരുത്ത് കൃത്യമായി മനസിലാക്കാത്തതുകൊണ്ടും ബിഗ് ബോസ് ഹൗസിലെ സമ്മര്‍ദ്ദങ്ങളാലുമാണ് അത്. നന്നായി സംസാരിക്കാന്‍ അറിയാവുന്ന ആളാണെങ്കില്‍പ്പോലും പല വലിയ തര്‍ക്കങ്ങളും പറഞ്ഞുതീരുംമുന്‍പ് അതില്‍ നിന്ന് ഇറങ്ങിപ്പോരുന്ന അന്‍സിബയെ പ്രേക്ഷകര്‍ പലവട്ടം കണ്ടിട്ടുണ്ട്. കാര്യമായി എതിരഭിപ്രായമുള്ളവരോട് അധികം സംസാരിക്കാന്‍ നില്‍ക്കാറില്ല അന്‍സിബ. ജാസ്മിനുമായി ഉണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍ ഉദാഹരണം. അവര്‍ അത് അര്‍ഹിക്കുന്നില്ലെന്ന ഭാവത്തിലാണ് അന്‍സിബ അതില്‍ നിന്ന് പാതിവഴിയില്‍ ഇറങ്ങിവരിക. എന്നാല്‍ പ്രേക്ഷകരെ സംബന്ധിച്ച് ഇതൊരു ദൗര്‍ബല്യമായും വിലയിരുത്തപ്പെടാം. 

6. എന്‍റര്‍ടെയ്ന്‍മെന്‍റ് വാല്യു കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്‍സിബ മാത്രമല്ല, ഈ സീസണിലെ മത്സരാര്‍ഥികള്‍ പൊതുവെ ശോകമാണ്. വൈല്‍ഡ് കാര്‍ഡ് ആയി വന്ന സിബിന്‍ മാത്രമാണ് ഇക്കാര്യത്തില്‍ കുറച്ചെങ്കിലും വേറിട്ടുനിന്നത്. സാബുമോനോ അഖില്‍ മാരാരോ മണിക്കുന്നനോ ഒക്കെ ചെയ്തതുപോലെ ടാസ്കുകളിലൂടെ പ്രേക്ഷകര്‍ക്ക് വിനോദം കൂടി നല്‍കുന്ന മത്സരാര്‍ഥികള്‍ ഈ സീസണില്‍ ഇല്ല. അന്‍സിബയും അങ്ങനെതന്നെ. നടിയും ആര്‍ജെയുമൊക്കെയായ അന്‍സിബയില്‍ നിന്നും ആ മേഖലയില്‍ ബി​ഗ് ബോസ് പ്രേക്ഷകര്‍ ചിലത് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അത് നല്‍കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. 

സാധ്യതകള്‍>>>>

7. ഒരു അപ്രതീക്ഷിത ഗെയിം ചേഞ്ചര്‍ ആവാനുള്ള എല്ലാ സാധ്യതകളും അന്‍സിബയ്ക്ക് ഉണ്ട്. കൃത്യം സമയത്താണ് അവര്‍ക്ക് പവര്‍ റൂമില്‍ എന്‍ട്രി ലഭിച്ചിരിക്കുന്നത്. നിലവിലെ ക്യാപ്റ്റന്‍ ഋഷിയും. പവര്‍ റൂമില്‍ ഒപ്പമുള്ളത് നോറ, റസ്മിന്‍, അഭിഷേക് എന്നിവരും. കൂട്ടത്തില്‍ എതിര്‍സ്വരം ഉയര്‍ത്താന്‍ സാധ്യതയുള്ള നോറയ്ക്ക് ബിഗ് ബോസില്‍ അപൂര്‍വ്വം അടുപ്പമുള്ള ആളാണ് അന്‍സിബ. റസ്മിനും അഭിഷേകുമൊക്കെ അന്‍സിബയുടെ വാക്കിന് എന്ത് വിലയാണ് കൊടുക്കുന്നത് എന്നതിന്‍റെ തെളിവായിരുന്നു നോമിനേഷന്‍ ലിസ്റ്റിലേക്കുള്ള പവര്‍ ടീമിന്‍റെ നോമിനേഷന്‍. അന്‍സിബയാണ് ശരണ്യയുടെ പേര് ആദ്യമേ പറഞ്ഞതും അതിനെ സാധൂകരിച്ചതും. ഒടുവില്‍ മറ്റുള്ളവരും അത് ശരിവെക്കുകയായിരുന്നു. 

8. ഇനിയും വെളിപ്പെടുത്താത്ത എക്സ് ഫാക്റ്റര്‍ ഉള്ള ആളാണ് അന്‍സിബയെന്നത് അവര്‍ക്കൊരു അധിക സാധ്യത തുറന്നിടുന്നുണ്ട്. ഇതിനകം വലിയ പ്രേക്ഷകശ്രദ്ധ നേടിയ ജിന്‍റോയോ ജാസ്മിനോ നോറയോ ഒക്കെ എന്താണെന്ന് സഹമത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും വ്യക്തമായ ധാരണയുണ്ട്. തങ്ങള്‍ മനസിലാക്കിയിട്ടുള്ളതിനപ്പുറം ഇവരൊന്നും പോകില്ലെന്ന് പ്രേക്ഷകര്‍ കരുതുന്നു. എന്നാല്‍ വെളിപ്പെടുത്തപ്പെടാന്‍ ഇനിയും ഉണ്ടെന്ന തോന്നല്‍ ഉളവാക്കുന്ന മത്സരാര്‍ഥിയാണ് അന്‍സിബ. അധികം സംസാരിക്കാത്ത, വലിയ ബഹളമുണ്ടാക്കാത്ത, എന്നാല്‍ പോയിന്‍റുകള്‍ കൃത്യമായി ഉന്നയിക്കുന്ന ഗെയിമര്‍ക്ക് ലഭിക്കുന്ന സാധ്യതയാണ് ഇത്. 

9. പവര്‍ റൂം അന്‍സിബയെ കൂടുതല്‍ കരുത്തയാക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ക്യാപ്റ്റന്‍ അടുത്ത സുഹൃത്തായതിനാല്‍ത്തന്നെ ക്യാപ്റ്റനും പവര്‍ ടീമിനുമിടയില്‍ തര്‍ക്കങ്ങളില്ലെന്ന് മാത്രമല്ല, ക്യാപ്റ്റന്‍റെ തീരുമാനങ്ങളില്‍ത്തന്നെ അന്‍സിബയുടെ നേരിട്ടുള്ള സ്വാധീനവുമുണ്ട്. ഫിസിക്കല്‍ ടാസ്കുകളില്‍ മികച്ച പ്രകടനം നടത്താറുള്ള അഭിഷേകും റസ്മിനും, വാഗ്വാദങ്ങളില്‍ യുദ്ധം തന്നെ നടത്താറുള്ള നോറയുമാണ് ഒപ്പമുള്ളത് എന്നതിനാല്‍ ഈ പവര്‍ ടീം ഒരാഴ്ച കൊണ്ട് പവര്‍ റൂം വിട്ടിറങ്ങാനുള്ള സാധ്യത കുറവാണ്. അന്‍സിബയിലെ ഗെയിമര്‍ സ്വന്തം കരുത്ത് ശരിക്കും തിരിച്ചറിയുന്ന ഒരു കാലയളവായി മാറിയേക്കാം പവര്‍ റൂം ഘട്ടം. അവരുടെ മുന്നോട്ടുള്ള ഗെയിമിനെ ഗുണപരമായി സ്വാധീനിക്കാന്‍ സാധ്യതയുള്ള കാര്യമാണ് ഇത്. 

ബിഗ് ബോസ് സീസണ്‍ 6 റിവ്യൂസ് വായിക്കാം

ഗബ്രി എന്തുകൊണ്ട് പുറത്തായി? സീസണ്‍ 6 ലെ സര്‍പ്രൈസ് എവിക്ഷനിലേക്ക് നയിച്ച കാരണങ്ങള്‍

ബിഗ് ബോസ് സീസണ്‍ 6 കപ്പ് ആര്‍ക്ക്? ടോപ്പ് 6 ല്‍ ഇവരോ?

എന്താണ് സിബിന് സംഭവിക്കുന്നത്? അകത്തേക്കോ പുറത്തേക്കോ?

ആഴ്ചകള്‍ക്ക് മുന്‍പ് കണ്ട നോറയല്ല ഇത്! ഫൈനല്‍ ഫൈവോളം എത്തുമോ ഈ കുതിപ്പ്?

9 പേരുള്ള എലിമിനേഷന്‍ ലിസ്റ്റ്; ഈ വാരം ആരൊക്കെ പുറത്താവും?

ജിന്‍റോയുടെ 'പവര്‍' കുറയ്ക്കുമോ അര്‍ജുന്‍? എന്നെത്തും സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്?

റോക്കിയുടെ അപ്രതീക്ഷിത എക്സിറ്റ്; ഇനി നേട്ടമുണ്ടാക്കുന്ന മത്സരാര്‍ഥികള്‍ ആരൊക്കെ?

കളിക്കാന്‍ മറന്ന കോമണര്‍, ബി​ഗ് ബോസിലെ അഭിനയം വഴങ്ങാത്ത നടന്‍

'എന്തിനോ വേണ്ടി തിളച്ചു', ട്രാക്ക് മാറ്റി ബിഗ് ബോസിലെ നിഷ്‍കളങ്കന്‍; എന്‍റർടെയ്‍ൻമെന്‍റ് പാക്കേജ് ആയി ജിന്‍റോ

പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബി​ഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?

കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ

എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios