'പറയുമ്പോള്‍ ഒരു നിലപാട് വേണം, പിന്നില്‍ നിന്ന് കുത്തരുത്'; അഖിലിനെതിരെ പൊട്ടിത്തെറിച്ച് മിഥുന്‍
വൈകാരിക പ്രതികരണവുമായി മിഥുന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍. പത്താം വാരമായ ഈ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ചലഞ്ചേഴ്സ് ആയി രണ്ട് മുന്‍ ബിഗ് ബോസ് താരങ്ങളെ ബിഗ് ബോസ് കൊണ്ടുവന്നിരുന്നു. റിയാസ് സലിമും ഫിറോസ് ഖാനുമാണ് ഇന്നലെ എത്തിയത്. കോടതി ടാസ്കിലെ അഭിഭാഷകരാണ് ഇരുവരും. കോടതി ടാസ്കിലെ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കു ശേഷവും ഹൌസില്‍ ഒരു തര്‍ക്കം ഉണ്ടായി. തനിക്ക് മോശമുണ്ടാകുന്ന തരത്തില്‍ അഖില്‍ മറ്റ് പലരോടും സംസാരിക്കുന്നുവെന്ന് ആരോപിച്ച് അനിയന്‍ മിഥുന്‍ വന്നതോടെയായിരുന്നു ഇത്.
അനിയന്‍ മിഥുന് സഹമത്സരാര്‍ഥികളായ സ്ത്രീകള്‍ തല മസാജ് ചെയ്ത് കൊടുക്കുന്നത് പൊതുസമൂഹത്തിലെ ഒരു വിഭാഗം എങ്ങനെ കാണും എന്ന സംശയമാണ് അഖില്‍ മുന്‍പ് പലപ്പോഴായി പ്രശ്നവല്‍ക്കരിച്ചത്. എന്നാല്‍ ഇത് മിഥുനോടല്ല അഖില്‍ ഇത് പറഞ്ഞത്. മറിച്ച് സെറീനയോടാണ്. നേരത്തെ പുറത്തായ സ്ത്രീ മത്സരാര്‍ഥികളുടെ എവിക്ഷന് ഇതും ഒരു കാരണമായിട്ടുണ്ടാകാമെന്നായിരുന്നു അഖിലിന്‍റെ നിരീക്ഷണം. എന്നാല്‍ ഇത് തന്‍റെ പ്രതിച്ഛായയെയും ബാധിക്കുന്ന കാര്യമാണെന്ന് പറഞ്ഞ് മിഥുന്‍ അഖിലിന്‍റെയടുത്ത് എത്തിയതോടെ വാദപ്രതിവാദങ്ങള്‍ കൊണ്ട് ബിഗ് ബോസ് ഹൌസ് മുഖരിതമായി.
"സംസാരിക്കുമ്പോള്‍ ഒരു നിലപാട് വേണം. പിന്നില്‍ നിന്ന് കുത്തരുത്", അഖിലിനോട് മിഥുന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞത് നീ കേട്ടോ എന്നായിരുന്നു മിഥുനോട് അഖിലിന്‍റെ ചോദ്യം. തുടര്‍ന്ന് മിഥുന്‍റെ ആവശ്യപ്രകാരം തന്നോട് അഖില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ സെറീന വിശദീകരിച്ചു. സെറീനയോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയും മോശമായി ബാധിക്കുന്നവയാണെന്നായിരുന്നു മിഥുനിന്‍റെ പ്രതികരണം. നിലവിലെ മിക്ക മത്സരാര്‍ഥികളും ഒത്തുകൂടിയ സ്ഥലത്തുവച്ചായിരുന്നു വിഷയം ചര്‍ച്ചയായത്. ഷിജു, റിയാസ്, ജുനൈസ് തുടങ്ങിയവരൊക്കെ ഇതില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.