Asianet News MalayalamAsianet News Malayalam

'ബിഗ് ബോസ് അള്‍ട്ടിമേറ്റില്‍ എന്തുകൊണ്ട് അഖില്‍ മാരാര്‍ ഉണ്ടാവില്ല'? കാരണം പറഞ്ഞ് രജിത്ത് കുമാര്‍

സീസണ്‍ 6 അള്‍ട്ടിമേറ്റ് എഡിഷന്‍ ആയിരിക്കുമോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ട്

akhil marar will not be part of bigg boss ultimate malayalam says rajith kumar nsn
Author
First Published Jul 7, 2023, 9:59 AM IST | Last Updated Jul 7, 2023, 10:01 AM IST

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. വിവിധ ഭാഷകളില്‍ നടക്കുന്ന ബിഗ് ബോസിന്‍റെ മലയാളം പതിപ്പ് അഞ്ച് സീസണുകളാണ് ഇതിനകം പൂര്‍ത്തിയാക്കിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയില്‍ അഖില്‍ മാരാര്‍ ആണ് ടൈറ്റില്‍ വിജയി ആയത്. അതേസമയം ബിഗ് ബോസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഈ ദിവസങ്ങളില്‍ നടക്കുന്ന ഒരു ചര്‍ച്ച ബിഗ് ബോസ് അള്‍ട്ടിമേറ്റിന്‍റെ സാധ്യതയെക്കുറിച്ചാണ്. മുന്‍ സീസണുകളിലെ മത്സരാര്‍ഥികളെ വച്ച് നടത്തുന്ന സീസണ്‍ ആണ് ബിഗ് ബോസ് അള്‍ട്ടിമേറ്റ്. ബിഗ് ബോസ് അള്‍ട്ടിമേറ്റ് എന്ന പേരില്‍ തമിഴിലും ബിഗ് ബോസ് ഹള്ള ബോല്‍ എന്ന പേരില്‍ ഹിന്ദിയിലും ഇത് നടന്നിട്ടുണ്ട്. മലയാളത്തില്‍ അള്‍ട്ടിമേറ്റ് വന്നാല്‍ ആരൊക്കെയുണ്ടാവും എന്നതാണ് ഇവിടുത്തെ ബിഗ് ബോസ് പ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്‍റെ അഭിപ്രായപ്രകടനവുമായി എത്തിയിരിക്കുകയാണ് സീസണ്‍ 2 ലെ ശ്രദ്ധേയ മത്സരാര്‍ഥി ആയിരുന്ന രജിത്ത് കുമാര്‍.

സീസണ്‍ 6 ആണ് അള്‍ട്ടിമേറ്റ് ആയി നടക്കുകയെങ്കില്‍ സീസണ്‍ 5 മത്സരാര്‍ഥികള്‍ അതില്‍ ഉണ്ടാവില്ലെന്ന് രജിത്ത് കുമാര്‍ പറയുന്നു. "ഏറ്റവും ഒടുവില്‍ അവസാനിച്ച സീസണിലെ മത്സരാര്‍ഥികള്‍ ലൈവ് ആയി നില്‍ക്കുകയാവും. അവര്‍ക്ക് ഒട്ടേറെ ആരാധകരും ഉണ്ടായിരിക്കും. അതിനാല്‍ത്തന്നെ മുന്‍ സീസണുകളിലെ മത്സരാര്‍ഥികള്‍ക്കൊപ്പം അവര്‍ വന്നാല്‍ ടൈറ്റില്‍ വിജയിയെ കണ്ടെത്തല്‍ നീതിപൂര്‍വ്വം ആവില്ല. അള്‍ട്ടിമേറ്റ് വന്നാല്‍ ഡിആര്‍കെയും അഖിലുമൊക്കെ ഒരുമിച്ച് മത്സരിക്കണമെന്ന് പ്രേക്ഷകരില്‍ പലരും പറയുന്നുണ്ട്. പക്ഷേ അടുത്ത സീസണ്‍ ആണ് അള്‍ട്ടിമേറ്റ് എങ്കില്‍ അഖില്‍ ഉണ്ടാവില്ല. എന്നാല്‍ സീസണ്‍ 7 ആണ് അള്‍ട്ടിമേറ്റ് എങ്കില്‍ സീസണ്‍ 5 വരെയുള്ള മത്സരാര്‍ഥികളെ പങ്കെടുപ്പിക്കാം. എന്നാല്‍ മുന്‍ സീസണുകളിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വന്നവരെയും അള്‍ട്ടിമേറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്ന് രജിത്ത് പറയുന്നു. അവര്‍ വിജയിച്ചവര്‍ ആണല്ലോ. അവരെ വീണ്ടും ഉള്‍പ്പെടുത്തിയാല്‍ വിജയിച്ചവര്‍ എപ്പോഴും വിജയിക്കുന്നു എന്ന് വരും", സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് രജിത്ത് കുമാറിന്‍റെ പ്രതികരണം.

"മുന്‍നിരയില്‍ നിന്ന് കളിക്കുകയും റേറ്റിംഗ് ഉയര്‍ത്തുകയും പ്രേക്ഷകരെ എന്‍റര്‍ടെയ്ന്‍ ചെയ്യുകയും ചെയ്ത മത്സരാര്‍ഥികള്‍. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വന്നവരെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല". അതേസമയം നാലാം സീസണില്‍ ഇജക്റ്റ് ആയ മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണന്‍ അള്‍ട്ടിമേറ്റില്‍ ഉണ്ടാവണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും രജിത്ത് കുമാര്‍ പറയുന്നു. "റോബിന്‍ അള്‍ട്ടിമേറ്റ് സീസണില്‍ ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ അഞ്ചാം സീസണില്‍ അദ്ദേഹം വന്ന് പോയ രീതി കൊണ്ട് അത് നടക്കുമോ എന്ന് സംശയമുണ്ട്. അണിയറക്കാരോട് ക്ഷമ ചോദിച്ചാല്‍ അതിന് സാധ്യതയുണ്ട്", രജിത്ത് കുമാര്‍ പറയുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കുമ്പോഴും ബിഗ് ബോസ് മലയാളത്തില്‍ അള്‍ട്ടിമേറ്റ് നടത്തുന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. 

ALSO READ : ചില്ലറക്കാരിയല്ല 'സാന്ത്വനത്തിലെ അപ്പു'വിന്‍റെ അമ്മ; നിത ഘോഷിനെ അറിയാമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios