'എന്‍റെ അടുത്ത സിനിമയില്‍ രജിത്ത് കുമാറിന് വേഷം'; അഖില്‍ മാരാരുടെ വാഗ്‍ദാനം
അതിഥിയായാണ് ദിവസങ്ങള്‍ക്ക് മുന്‍പ് രജിത്ത് കുമാര്‍ സീസണ്‍ 5 ഹൗസിലേക്ക് എത്തിയത്
ബിഗ് ബോസ് മലയാളം മുന്നോട്ട് പോകുന്തോറും പുതിയ സീസണുകളില്‍ അണിയറക്കാര്‍ പല പുതുമകളും കൊണ്ടുവരാറുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീസണ്‍ 5 ലെ അത്തരം ഒരു പുതുമയായിരുന്നു മുന്‍ സീസണുകളിലെ രണ്ട് മത്സരാര്‍ഥികളെ ഹൗസിലേക്ക് എത്തിച്ചത്. സീസണ്‍ 2 മത്സരാര്‍ഥി രജിത്ത് കുമാറിനെയും സീസണ്‍ 4 മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണനെയുമാണ് ഈ വാരം ബിഗ് ബോസ് ഹൗസിലേക്ക് കയറ്റിവിട്ടത്. ബിഗ് ബോസിന്‍റെ ക്ലാസിക് ടാസ്കുകളില്‍ ഒന്നായ ഹോട്ടല്‍ ടാസ്കിലെ അതിഥികളായാണ് ഇരുവരെയും ബിഗ് ബോസ് അവതരിപ്പിച്ചത്. ഇതില്‍ റോബിന്‍ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് പുറത്തായെങ്കില്‍ മത്സരാര്‍ഥികളുടെ സ്നേഹവായ്പ്പ് ഏറ്റുവാങ്ങിയാണ് രജിത്ത് പുറത്തിറങ്ങിയത്.
എല്ലാവരെയും ഹാളിലേക്ക് വിളിച്ചുവരുത്തിയിട്ടാണ് ബിഗ് ബോസ് രജിത്തിന് പോവാനുള്ള സമയമായി എന്ന് അറിയിച്ചത്- "ഈ ബിഗ് ബോസ് വീട്ടില്‍ അതിഥിയായി വന്ന രജിത്ത് കുമാറിന് തിരികെ പോകാനുള്ള സമയം എത്തിയിരിക്കുകയാണ്. എല്ലാവരോടും യാത്ര പറഞ്ഞ് പ്രധാന വാതിലിലൂടെ പുറത്തേക്ക് വരിക", എന്നായിരുന്നു ബിഗ് ബോസിന്‍റെ പ്രഖ്യാപനം. ഒറ്റ വാചകത്തില്‍ പറഞ്ഞ് അവസാനിപ്പിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് രജിത്ത് കുമാര്‍ യാത്ര ചോദിക്കാനായി എഴുന്നേറ്റത്.
"നിങ്ങള്‍ ഈ കാണിക്കുന്ന സ്നേഹം കണ്ടാല്‍ തിരിച്ച് പോകാന്‍ തോന്നൂല. ഞാന്‍ വളരെ ഹാപ്പിയാണ്. എന്‍റെ കൂടെ റോബിനും കൂടി ഉണ്ടായിരുന്നെങ്കില്‍ വളരെ നല്ലതായിരുന്നുവെന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു. ഐ ലവ് യൂ", രജിത്ത് കുമാര്‍ പറഞ്ഞ് അവസാനിപ്പിച്ചു. രജിത്തിന് പോകാനുള്ള സമയമായെന്ന ബിഗ് ബോസിന്‍റെ പ്രഖ്യാപനത്തെ മിക്ക മത്സരാര്‍ഥികളും വിഷമത്തോടെയാണ് സ്വീകരിച്ചത്. ഏറ്റവും ദു:ഖിതനായി കാണപ്പെട്ടത് റിനോഷ് ആയിരുന്നു. അതിനിടെ സംവിധായകനായ അഖില്‍ മാരാര്‍ നല്‍കിയ ഒരു വാഗ്ദാനം മറ്റ് മത്സരാര്‍ഥികളുടെ കൈയടി നേടി. "ഞാനിനി ചെയ്യുന്ന സിനിമയില്‍ തീര്‍ച്ഛയായിട്ടും ഈ രജിത്ത് കുമാറിന് ഒരു വേഷം ഉണ്ടായിരിക്കും", എന്നായിരുന്നു അത്.
ALSO READ : 'അഞ്ചാം പാതിരാ'യ്‍ക്കു ശേഷം മിഥുന്‍ മാനുവല്‍ തോമസ്; 'അബ്രഹാം ഓസ്‍ലര്‍' ആയി ജയറാം