'അടിക്കെടാ...' വെല്ലുവിളിച്ച് സാഗർ, തെറിവിളിച്ച് അഖിൽ; വീണ്ടും ഏറ്റുമുട്ടൽ
അഖിലിനെ സാഗർ പിടിച്ച് തള്ളിയെന്ന് പറഞ്ഞ് വിഷ്ണുവും രംഗത്ത് എത്തിയിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചില്‍ മാണിക്യക്കല്ല് എന്ന വീക്കിലി ടാസ്ക്കാണ് നടന്നു കൊണ്ടിരിക്കുന്നത്. വാശിയേറിയ മത്സരമാണ് ഓരോമത്സരാർത്ഥികളും കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ സാഗറും അഖിൽ മാരാരും വീണ്ടും ഏറ്റുമുട്ടിയിരിക്കുകയാണ്. ടാസ്കിലെ രണ്ടാം ഘട്ടത്തിൽ ഡമ്മി കല്ലിൽ തുടങ്ങിയ പ്രശ്നമാണ് വൻ തർക്കത്തിലേക്ക് കലാശിച്ചത്.
ഡമ്മികല്ലിന് ചുറ്റും ആരും ഇരിക്കരുതെന്ന് ബിഗ് ബോസ് നിർദ്ദേശിച്ചിട്ടും എല്ലാവരും അവിടെ തന്നെ ഇരിക്കുക ആയിരുന്നു. ഇത് ടാസ്ക് റൂളിന് എതിരാണെന്ന് അഖിൽ പറഞ്ഞെങ്കിലും അത് കേൾക്കാൻ ആരും കൂട്ടാക്കിയില്ല. ഇതോടെ സാഗറിന്റെ പക്കലിരുന്ന കല്ല് അഖിൽ പിടിച്ച് വലിച്ചു. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ അഖിൽ പറഞ്ഞതാണ് ശരിയെന്ന് ബിഗ് ബോസ് അറിയിച്ചതോടെ ആ സംസാരം അവിടെ അവസാനിച്ചെങ്കിലും വീണ്ടും തുടങ്ങുക ആയിരുന്നു.
കല്ലെന്തിന് വലിച്ചെന്ന് ചോദിച്ച് സാഗറാണ് രണ്ടാമത് വഴക്കുണ്ടാക്കുന്നത്. അഖിൽ മാരാരാണ് ഇവിടെ മനുഷ്യത്വം ഉള്ള ആള് എന്ന് പറഞ്ഞ് അഖിലിനെ സാഗർ ചൊടിപ്പിക്കുക ആയിരുന്നു. ദേഷ്യം നിയന്ത്രിക്കാൻ സാധിക്കാത്ത അഖിൽ തെറി വിളിക്കുന്നുണ്ട്. അടിക്കെടാ..ദേഷ്യം വരുന്നുണ്ടെങ്കിൽ തല്ലെടാ.. എന്ന് ആക്രോശിച്ച് കൊണ്ട് സാഗർ അഖിലിന് നേരെ അടുക്കുന്നുണ്ടെങ്കിലും ശ്രുതി ഇതിന് സമ്മതിക്കുന്നില്ല. സാഗറിനെ അടിക്കാൻ അഖിൽ കയ്യോങ്ങുന്നുമുണ്ട്. എന്നാൽ 'എന്റെ കയ്യിൽ നിന്നും അടി കൊള്ളണമെങ്കിലും യോഗ്യത വേണം. മര്യാദകേട് കാണിക്കുന്നവർക്ക് അടി കിട്ടണം' എന്നും അഖിൽ പറയുകയാണ് ചെയ്തത്.
എനിക്ക് മാന്യതയുള്ളത് കൊണ്ട് ഞാൻ തെറി വിളിക്കുന്നില്ല എന്നാണ് സാഗർ പറയുന്നത്. പിന്നാലെ സംസാരം സൂക്ഷിക്കാനും തെറി വിളിക്കരുതെന്നും മറ്റുള്ളവർ അഖിലിനെ ഉപദേശിക്കുന്നുണ്ട്. പിന്നാലെ അഖിലിനെ സാഗർ പിടിച്ച് തള്ളിയെന്ന് പറഞ്ഞ് വിഷ്ണുവും രംഗത്ത് എത്തിയിരുന്നു. ഇത് സാഗറിനെ ചൊടിപ്പിക്കുകയും ഇരുവരും തമ്മിൽ ചെറിയ തർക്കം ഉണ്ടാകുകയും ചെയ്തു.
ഈസ്റ്റർ ദിനത്തിൽ സാഗറും അഖിലും തമ്മിൽ വലിയ തർക്കം നടന്നിരുന്നു. മോഹൻലാലിന് മുന്നിൽ വച്ച് വരെ ഇരുവരും കയ്യാങ്കളിവരെ എത്തിയിരുന്നു. ഇത് ബിഗ് ബോസ് വീട്ടിൽ വലിയ പ്രശ്നങ്ങൾക്കും വഴിവയ്ക്കുകയും ഇരുവരും ഈ ആഴ്ച നേരിട്ട് നോമിനേഷനിൽ വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അഖിലും സാഗറും തമ്മിൽ കൊമ്പുകോർക്കുന്നത്.