'ഹി ഈസ് ബാക്ക്'; ബിബി ഹൗസിൽ അഖിൽ മാരാർ തിരിച്ചെത്തി
ഏതാനും ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന അഖിലിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ കൊണ്ടു പോയിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. പുറം ലോകവുമായി ബന്ധമില്ലാതെ നൂറ് ദിവസം ബിബി ഹൗസിൽ നിന്നും ആരാകും വിജയ കിരീടം ചൂടുക എന്നറിയാൻ ഇനി കുറച്ച് നാളുകൾ കൂടി കാത്തിരുന്നാൽ മതിയാകും. പ്രേക്ഷകർ ഇപ്പോഴേ ടോപ്പ് ഫൈവ് പ്രവചനങ്ങളുമായി രംഗത്തെത്തി കഴിഞ്ഞു. ഇതിൽ ശ്രദ്ധേയനാണ് അഖിൽ മാരാർ. ഈ സീസണിലെ കരുത്തുറ്റ മത്സരാർത്ഥിയാണ് അഖിൽ എന്നാണ് ആരാധക പക്ഷം. മാരാരെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ഇപ്പോൾ ബിബി ഹൗസിൽ നിന്നും വരുന്നത്.
ഏതാനും ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന അഖിലിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ കൊണ്ടു പോയിരുന്നു. വയർ സംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ഇന്നലെ വീട്ടിൽ നടന്ന ജയിൽ ടാസ്കിലോ സ്പോൺസർ ടാസ്കിലോ അഖിൽ ഇല്ലായിരുന്നു. അസുഖം കൂടി ലെച്ചുവിനെപ്പോലെ അഖിൽ മാരാരും ഹൗസിലേക്ക് തിരിച്ച് വരാതെയാകുമോ എന്ന ആശങ്ക പ്രേക്ഷകർക്കുണ്ടായിരുന്നു. എന്നാൽ ആ ആശങ്ക വേണ്ടെന്നാണ് ബിഗ് ബോസ് പറയുന്നത്.
വിദഗ്ധ ചികിത്സയ്ക്ക് ശേഷം അഖിൽ ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വന്നത് പോലെ കൂടുതൽ സജീവമായി തന്നെ ടാസ്കിൽ പങ്കെടുക്കും എന്നും അഖിൽ ബിഗ് ബോസിനോട് പറയുന്നു. തനിക്ക് സർജറി മുൻപ് പറഞ്ഞിരുന്നുവെന്നും രണ്ട് മാസം കഴിഞ്ഞ് മതിയെന്നാണ് ഡോക്ടർ പറഞ്ഞതെന്നും അഖിൽ പറയുന്നു. ബിഗ് ബോസ് നൽകിയ കെയറിൽ താൻ വളരെയധികം സന്തോഷവാനാണെന്നും അഖിൽ പറഞ്ഞു. ശേഷം അഖിലിനോട് ആരോഗ്യവും ഭക്ഷണ ക്രമവും കൃത്യമായി നോക്കണമെന്ന് ബിഗ് ബോസ് നിർദ്ദേശവും നൽകി. തിരിച്ചെത്തിയ അഖിലിനെ ഏറെ ആവേശത്തോടെയാണ് മത്സരാർത്ഥികൾ സ്വീകരിച്ചത്.
ആര് ആരെ പൂട്ടും ? മാരാർ- വിഷ്ണു കൂട്ടുകെട്ടിൽ വിള്ളൽ വീഴുമ്പോൾ...
അഖിലിനെ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ ശോഭ പറഞ്ഞ കാര്യങ്ങൾ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. അഖില്‍ എവിടെ പോയെന്ന് നാദിറ ചോദിക്കുമ്പോള്‍, 'അഖിൽ ചെക്കപ്പിന് വേണ്ടി പോയതാണ്. ആ വഴി അവനെ വീട്ടിലോട്ട് വിട്ടാൽ മതിയായിരുന്നു. ബിഗ് ബോസ്... ആ വഴി അവനെ കൊല്ലത്തേക്ക് ഒന്ന് പാക്ക് ചെയ്താൽ നല്ലതായിരുന്നു. എന്തൊരു സമാധാനമാണ് ഈ വീട്ടിൽ. ഇപ്പോഴാണ് സന്മനസുള്ളവർക്ക് സമാധാനമായത്. അഖിൽ മാരാർ പുറത്തേക്ക് കാലുവെച്ചു... ഇവിടം ഭയങ്കര ശാന്തമായി', എന്നാണ് ശോഭ പറഞ്ഞത്. ഒരാൾ അസുഖ ബാധിതനായി പോയിട്ടും വൈരാഗ്യം വിട്ടുമാറിയിട്ടില്ലെന്നും മനുഷ്യത്വം വേണമെന്നും പ്രേക്ഷകർ പറയുന്നു.