മത്സരാര്‍ഥികള്‍ക്ക് സര്‍പ്രൈസ്; ബിഗ് ബോസ് വീട്ടിലേക്ക് ഒരു താരം കൂടി
സീസണ് 6 ല്‍ എട്ട് മത്സരാര്‍ഥികളാണ് അവശേഷിക്കുന്നത്
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിക്കാന്‍ ഒരാഴ്ച കൂടി മാത്രമാണ് അവശേഷിക്കുന്നത്. സായ് കൃഷ്ണ കൂടി പോയതോടെ എട്ട് മത്സരാര്‍ഥികള്‍ മാത്രമാണ് ഹൗസില്‍ ഉള്ളത്. അവര്‍ക്ക് സര്‍പ്രൈസുമായി ഒരു താരം കൂടി ബിഗ് ബോസ് ഹൗസിലേക്ക് എത്തുകയാണ്. ചലച്ചിത്രതാരം ഉര്‍വശിയാണ് ബിഗ് ബോസ് മത്സരാര്‍ഥികളെ കാണാനും താന്‍ അഭിനയിച്ച പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി എത്തുന്നത്.
ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഉള്ളൊഴുക്ക് എന്ന ചിത്രത്തിലാണ് ഉര്‍വ്വശി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പാര്‍വ്വതി തിരുവോത്ത് ആണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രം. ജൂണ്‍ 21 നാണ് ഈ ചിത്രത്തിന്റെ റിലീസ്. ഉര്‍വ്വശിയെ ആവേശപൂര്‍വ്വം വരവേല്‍ക്കുന്ന മത്സരാര്‍ഥികളെ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയില്‍ കാണാം. മറ്റൊരു ചലച്ചിത്രതാരവും ബിഗ് ബോസ് ആറാം സീസണില്‍ ഹൗസിനുള്ളില്‍ എത്തിയിരുന്നു. ജോജു ജോര്‍ജ് ആയിരുന്നു അത്. തന്റെ സംവിധാന അരങ്ങേറ്റമായ പണി എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ജോജു ഹൗസിനുള്ളില്‍ എത്തിയത്. അഞ്ചാം സീസണ് മത്സരാര്‍ഥികളായ സാഗര്‍ സൂര്യയും ജുനൈസ് വി പിയുമാണ് ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം സീസണ് 6 ല്‍ അവശേഷിക്കുന്ന എട്ട് മത്സരാര്‍ഥികള്‍ ജാസ്മിന് ജാഫര്‍, അര്ജുന്, അഭിഷേക് ശ്രീകുമാര്‍, നോറ മുസ്കാന്, ജിന്റോ, ശ്രീതു, സിജോ, ഋഷി എന്നിവരാണ്. സീസണിലെ ആവേശകരമായ മത്സരങ്ങളെല്ലാം അവസാനിച്ച ബിഗ് ബോസിലെ അവസാനമെത്തിയ സര്‍പ്രൈസ് സായ് കൃഷ്ണന് മണി ബോക്സ് എടുത്ത് പുറത്തുപോയതായിരുന്നു. ബിഗ് ബോസിന്റെ മണി ബോക്സ് ടാസ്കില് 5 ലക്ഷം രൂപയുടെ പെട്ടി എടുത്താണ് സായ് ഷോയില്‍ നിന്ന് പുറത്തുപോയത്.