Bigg Boss : ഇത്തവണ ഏറെ പ്രത്യേകതകളുണ്ടാകും; ബിഗ് ബോസ് സീസൺ 4നെ കുറിച്ച് മോഹൻലാൽ
നാളെ വൈകുന്നേരം 7 മണി മുതൽ ബിഗ് ബോസ് സീസൺ 4 ആരംഭിക്കും.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4(Bigg Boss Malayalam) ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. നാളെ വൈകുന്നേരം 7 മണി മുതൽ ബിഗ് ബോസ് സീസൺ 4 ആരംഭിക്കും. ഈ അവസരത്തിൽ ബിഗ് ബോസ് ഷോയെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ(mohanlal).
മുൻപത്തെ സീസണുകളെ പോലെയല്ല ഇത്തവണത്തെ ബിഗ് ബോസെന്നും ഏറെ പ്രത്യേകതകൾ ഉണ്ടായിരിക്കുമെന്നും മോഹൻലാൽ പറയുന്നു. ഇതൊരു മത്സരമാണ്. ചലഞ്ചിംഗ് ആയിട്ട് ഏറ്റവും നന്നായി പെർഫോം ചെയ്ത് മുന്നോട്ട് പോകണമെന്നും മത്സരാർത്ഥികളോടായി മോഹൻലാൽ പറഞ്ഞു.
മോഹൻലാലിന്റെ വാക്കുകൾ
ഒരുപാട് സന്തോഷം. ബിഗ് ബോസ് സീസൺ 4 തുടങ്ങുകയാണ്. എല്ലാത്തവണത്തെയും പോലെയല്ല, ഒരുപാട് പ്രത്യേകതകളുള്ള ബിഗ് ബോസ് വീടായിരിക്കും ഇത്തവണത്തേത്. ഞങ്ങൾ ഷോ ഷൂട്ട് ചെയ്യുന്നത് മുംബൈയിലാണ്. ആ വീട് തന്നെ വളരെയധികം പ്രത്യേകതകളുള്ള വീടാണ്. മത്സരാർത്ഥികളും അതുപോലെ തന്നെയാണ്. കൊവിഡ് പ്രോട്ടോക്കോളുകളും കാര്യങ്ങളുമൊക്കെ ആയിട്ടും ഒരുപാട് കാര്യങ്ങൾ നോക്കിയാണ് മത്സരാർത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും വളരെയധികം എന്റർടെയ്ൻമെന്റ് ആയിരിക്കും ബിഗ് ബോസ്. അതിന്റെ ഒരു ത്രില്ലിൽ തന്നെയാണ് ഞങ്ങൾ എല്ലാവരും. എല്ലാം ഭംഗിയായി നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എന്തായാലും ഒരു വിഷ്വർ ട്രീറ്റായിരിക്കും ഷോ. ഒരുപാട് പ്രത്യേകതകൾ ഷോയിൽ നിന്നും നിങ്ങൾക്ക് പ്രതീക്ഷിക്കാം.
മത്സരാർത്ഥികൾക്ക് ഓരോ നിമിഷവും പുതിയ നിമിഷങ്ങളാണ്. കുറച്ചു നാൾ കഴിയുമ്പോൾ അവർ വേറൊരു ലോകത്തേക്ക് എത്തിപ്പെടും. അവർ എന്താ പറയുന്നതെന്ന് അവർക്ക് തന്നെ അറിയില്ലായിരിക്കും. അതിനൊക്കെ അവർക്കൊപ്പം നിന്ന് അവരെ സഹായിക്കുന്ന രീതിയിലായിരിക്കണം നമ്മൾ നിൽക്കേണ്ടത്. ഒന്നും പ്ലാൻ ചെയ്തുകൊണ്ട് നമുക്ക് സ്റ്റേജിലേക്ക് പോകാൻ പറ്റില്ല. വളരെ സൗമ്യമായ രീതിയിൽ മാത്രമെ നമുക്കിത് മുന്നോട്ട് കൊണ്ടു പോകാൻ പറ്റുള്ളു. അതിന്റെ ത്രില്ലിലാണ് ഞാനും.
24 മണിക്കൂറും നടക്കുന്ന പ്രധാന സംഭവങ്ങളെല്ലാം കാണാറുണ്ട്. ഓരോരുത്തരോടും എന്ത് പറയണം എന്ന ധാരണയോടെയാണ് സ്റ്റേജിലേക്ക് പോകുന്നത്. ചിലപ്പോൾ അവരുടെ ഒരു ചോദ്യം കൊണ്ട് ആ ധാരണകളെല്ലാം തകിടം മറിഞ്ഞ് പോകും. മത്സരാർത്ഥികളുടെയും ബിഗ് ബോസിന്റെയും ഇടയിലുള്ള ഒരു ലിങ്ക് ആണ് ഞാൻ. അത് പൊട്ടിപ്പോകാതെ ഞാൻ നോക്കണം. രണ്ട് പേരോടും നമ്മൾ സൗമ്യമായ രീതിയിൽ തന്നെ പോകണം.
നാലാം സീസൺ വരുന്നുവെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ എങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസ് തന്നെയാണ്. ആരൊക്കെയാണ് ഇത്തവണ ബിഗ് ബോസിലുണ്ടാവുക എന്ന ചര്‍ച്ചയാണ് എങ്ങും. പലരുടെയും പേരുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നു കേട്ടു. എന്നാൽ ഇത്തരം ഊഹാപോഹങ്ങൾക്കെല്ലാം നാളെ സമാപനം ആകുകയാണ്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സംഗതി കളറാകും എന്ന ടാഗ് ലൈനോടെയാണ് പുതിയസീസൺ ആരംഭിക്കുന്നത്.
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.