നേരത്തെ സൂര്യനുദിച്ചിട്ടും ഇനിയും വെളിച്ചമെത്താത്ത അരുണാചൽ രാഷ്ട്രീയം

ആര് ജയിച്ചാലും ആര് തോറ്റാലും അരുണാചലിലെ ജനത്തിന് വേണ്ടത് പ്രത്യേക പരിഗണനയാണ്. ഒറ്റപ്പെടലിന്‍റെ അഗവണനയുടെ കാലം അവസാനിക്കണം. ഗോത്രങ്ങളെയും ഉപഗോത്രങ്ങളെയും മുറിവേൽക്കാതെ കാക്കണം. ദില്ലിയിൽ നിന്ന് നോക്കിയാൽ ഇനിയെങ്കിലും തങ്ങളെ കൂടി കാണണം എന്നേ ഇവർക്ക് പറയാനുള്ളൂ. അരുണാചലിൽ ഏയ്ഞ്ചൽ  മേരി കണ്ടത്

arunachal pradesh politics and people

മനുഷ്യസ്പർശമേറ്റ് വാടാത്ത ഭൂമിയിലെ അവസാന പറുദീസകളിലൊന്ന്. സൗമ്യരും ഉത്സാഹികളുമായ മനുഷ്യർ. കുഞ്ഞുങ്ങളോടും മൃഗങ്ങളോടും അനുകമ്പയുള്ളവർ. ബുദ്ധന്റെ സഹാനുഭൂതി ഓരോ സാധാരണക്കാരനിലും പ്രതിഫലിക്കുന്നയിടം.നരവംശശാസ്ത്രജ്ഞനായ വെരീർ എൽവിൻ ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റത്തെ വിശേഷിപ്പിച്ചതിങ്ങനെയാണ്. അന്നത്തെ  നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ ഏജൻസി പിന്നീട് അരുണാചൽ പ്രദേശായി.

പലദിക്കുകളിൽ നിന്ന്  പലപ്പോഴായി കുടിയേറിപാർത്ത മനുഷ്യർ പരസ്പരം കാണാതെ എണ്ണമറ്റ ഗോത്രങ്ങളിലായി ഇവിടെ കഴിഞ്ഞു .  അരുണാചലിന്‍റെ പ്രത്യേകത കൈമോശം വന്നിട്ടില്ലാത്ത ഈ തനിമയാണ്. അതേസമയം രാഷ്ട്രീയമായി അസ്ഥിരമാണ് അരുണാചൽ.  32 വർഷത്തോളം അഫ്സപയുടെ ചട്ടക്കൂടിനുള്ളിലായിരുന്നു സംസ്ഥാനം.  കേന്ദ്രത്തിൽ ഭരണം മാറുന്നതിന് അനുസരിച്ച് സംസ്ഥാനത്തും അടിയൊഴുക്കുകളുണ്ടായി. ജനപ്രതിനിധികൾ കൂട്ടത്തോടെ കളം മാറി ചവിട്ടിയും കൂടു മാറിയും ഭരണകൂടങ്ങളെ അട്ടിമറിച്ചു.

മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ഏറ്റവും വലിയ അട്ടിമറിയാണ് 2016ൽ അരുണാചലിൽ സംഭവിച്ചത്. ആ കഥയുടെ ബാക്കിയാവും മെയ് 23ന് അരുണാചലിലെ ജനം പൂരിപ്പിക്കുക. അറുപതംഗ നിയമസഭയിലേക്കും രണ്ട് ലോക്സഭാ സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്.

എക്കാലവും കോൺഗ്രസിന്‍റെ വിശ്വസ്ത കോട്ടകളിൽ ഒന്നായിരുന്നു അരുണാചൽ. മാറിയും മറിഞ്ഞുമെങ്കിലും കോൺഗ്രസിന് തന്നെ മേൽക്കൈ.

2014ൽ ബിജെപിയും കോൺഗ്രസും ഓരോ ലോക്സഭാ സീറ്റ് വീതം നേടി. 42 എം.എൽഎമാരുമായി കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തി. നബാം തുക്കി രണ്ടാം പ്രാവശ്യവും മുഖ്യമന്ത്രിയായി. വമ്പൻ ഭൂരിപക്ഷം നേടിയിട്ടും കോൺഗ്രസിന് ഭരണം കാക്കാൻ കഴിഞ്ഞില്ല.

ഉൾപാർട്ടി കലഹങ്ങളിൽ മന്ത്രിസ്ഥാനം നഷ്പ്പെട്ട കലികോ പുൽ 2016 ഡിസംബറിൽ പാർട്ടിയിൽ കലാപക്കൊടിയുയർത്തി. 21 കോൺഗ്രസ് എംഎൽമാരും കലികോ പുലിനെ പിന്തുണച്ചു. അരുണാചലിൽ അവസരം കാത്തിരുന്ന ബിജെപി തന്ത്രം മെനഞ്ഞു. 11 ബിജെപി എംഎൽഎമാർ കലികോപുലിന് പിന്തുണ പ്രഖ്യാപിച്ചു.  ഹോട്ടൽ മുറിയിൽ സഭ ചേർന്ന് കലികോ പുലിനെ നേതാവായി തെരഞ്ഞെടുത്തു. ഗവർണർ ജ്യോതി പ്രസാദ് രാജ്ഖോവ ഇത് അംഗീകരിച്ചു.

അപകടം തിരിച്ചറിഞ്ഞ കോൺഗ്രസ് സുപ്രീംകോടതിയിലെത്തി. അരുണാചലിൽ പിന്നെ രാഷ്ട്രപതി ഭരണം. ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നത് നോക്കിനിൽക്കാനാകില്ലെന്ന സുപ്രീംകോടതിയുടെ അതിരൂക്ഷ വിമർശനത്തോടെ നിയമപോരാട്ടത്തിൽ കോൺഗ്രസിന് ജയം.   നബാം തുക്കി സർക്കാർ പുനസ്ഥാപിക്കപ്പെട്ടു. എന്നാൽ ഒടുങ്ങാത്ത ഉൾപ്പാർട്ടി കലഹങ്ങൾ മുന്നിൽ കണ്ട് നബാം തുക്കിക്ക് പകരം അരുണാചലിലെ ആദ്യ മുഖ്മന്ത്രി ഗോർഗി ഖണ്ഡുവിന്റെ മകൻ പേമ ഖണ്ഡുവിനെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. വൈകാതെ  കോൺഗ്രസിനെ ഞെട്ടിച്ച് പേമ ഖണ്ഡു അടക്കം 43 എംഎൽമാർ പ്രാദേശിക പാർട്ടിയായ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ പ്രദേശിലേക്ക് ചേക്കേറി. ആകെ അവശേഷിച്ചത് നബാം തുക്കി മാത്രം. പിന്നെ പേമ ഖണ്ഡുവും എംഎൽമാരും പിപിഎ വിട്ട് ബിജെപിയിൽ. 2003ആവർത്തിച്ചു. ഒരിക്കൽ പോലും അരുണാചലിലെ ജനം തെരഞ്ഞെടുത്തിട്ടില്ലെങ്കിലും രണ്ടാം വട്ടവും ബിജെപി അധികാരത്തിലെത്തി.

ഭരണം നേടിയ ബിജെപിക്ക് പിന്നെ അരുണാചൽ പ്രദേശിൽ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റകളും കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്തു. പടിപടിയായി അരുണാചൽ പ്രദേശിൽ ബിജെപി എല്ലാ അർത്ഥത്തിലും പിടിമുറുക്കി. 

ഈ തെരഞ്ഞെടുപ്പിൽ സമ്പൂർണ ജയമല്ലാതെ മറ്റൊന്നും ബിജെപി ലക്ഷ്യമിടുന്നില്ല. മിഷൻ 60എന്നാണ് പ്രചാരണ പദ്ധതിക്ക് തന്നെ പേരിട്ടിരിക്കുന്നത്.  പക്ഷെ ബിജെപിക്ക് മുമ്പിലെ പ്രധാനവെല്ലുവിളി പിആ‍ർസി പ്രശ്നത്തെ ചൊല്ലിയുള്ള അസംതൃപ്തിയാണ്.

വംശീയ സംഘട്ടനങ്ങളാൽ അസ്വസ്ഥമാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എക്കാലവും. അരുണാചലും വിഭിന്നമല്ല. ഈ വർഷമാദ്യം ഉദയസൂര്യന്റെ നാട് സംഘർഷഭൂമിയായി. അസമിൽ നിന് കുടിയേറി നാംസായ്, ചാങ്ലങ് ജില്ലകളിൽ താമസിക്കുന്ന ഈ ആറ് വിഭാഗങ്ങൾക്ക് സ്ഥിരം താമസക്കാരെന്ന രേഖ നൽകാനുള്ള സർക്കാർ നീക്കമാണ് അരുണാചലിനെ കലാപഭൂമിയാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിയിലും സംവരണം നേടാനും ഭൂമി സ്വന്തമാക്കാനുമെല്ലാം അരുണാചലിൽ പിആർസി വേണം. പിആർസി പ്രശ്നം പരിഹരിക്കാനായി സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോട്ട് നിമസഭയിൽ വയ്ക്കന്നതിനെ എതിർത്ത് തദ്ദേശ ഗോത്രവിഭാഗങ്ങൾ രംഗത്തെത്തി.അരുണാചലിന്റെ  തനത് സംസ്കാരത്തെയും സംരക്ഷിത സ്വഭാവത്തെയും തകർക്കുന്നതാണ് നീക്കമെന്ന് അവർ ആരോപിച്ചു. നിരോധനാജ്ഞ ലംഘിച്ച് ജനം തെരുവിലിറങ്ങി. ഇറ്റാനഗറിനെ പിടിച്ചുകുലുക്കിയ കലാപത്തിൽ ബിജെപി സർക്കാർ മുട്ടുമടക്കി. പിആർസി പ്രക്രിയ നിർത്തിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു.

ഫലത്തിൽ അസമിലും അരുണാചലിലും ഇടമില്ലാത്ത കുടിയേറ്റ വംശജരും, തനത് ഗോത്രവിഭാഗങ്ങളും ബിജെപി സർക്കാരിൽ അസംതൃപ്തരാണ്. 

പ്രതിപക്ഷപാർട്ടികൾക്ക് വീണുകിട്ടിയ ആയുധമായി പിആർസി. വോട്ടുബാങ്കിനായി ബിജെപി അരുണാചലിനെ ആസ്വസ്ഥമാക്കിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. രാഹുൽഗാന്ധിയെത്തി അരുണാചലിനെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തു. എങ്കിലും വോട്ടെടുപ്പിന് മുമ്പേ മൂന്ന് സീറ്റുകളിൽ ബിജെപിക്ക് മുന്നിൽ അടിയറവ് പറഞ്ഞു കോൺഗ്രസ്. പണവും  ബന്ധുബലവും വിരുന്നുമാണ് തെരഞ്ഞെടുപ്പ് ഫലം നിർണയിക്കുന്നതെന്ന ദുഷ്പേരുണ്ട് അരുണാചലിന്. സ്ഥായിയായ രാഷ്ട്രീയചായ്‍വില്ല, കുടിപകയില്ല. ചെലവിടാനുള്ള ശേഷി ജയപരാജയങ്ങൾ തീരുമാനിച്ചപ്പോൾ ഇക്കാലമത്രയും അരുണാചലിൽ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു.

വികസനമെത്താതെ വീർപ്പുമുട്ടുകയാണ് തലസ്ഥാന നഗരമായ ഇറ്റാനഗർ പോലും. നല്ലൊരു റോഡില്ല, വിമാനത്താവളമായിട്ടില്ല. തൊഴിലിലായ്മ അതിരൂക്ഷമാകുന്നു. മദ്യവും മയക്കുമരുന്നും അതിർത്തികൾ വഴിയൊഴുകുന്നു. മാസം രണ്ടായിരം രൂപ തികച്ച് ശന്പളം കിട്ടാത്തത് കൊണ്ട് അരുണാചൽ വിട്ട് കേരളത്തിലേക്ക് പോവുകയാണ് യുവാക്കൾ. അധികാരത്തിലെത്തിയാൽ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് മാസം 5,000 രൂപ നൽകുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിദേശപഠനത്തിനായി ഇരുപത് ലക്ഷം രൂപയും. സൌജന്യ പാഠപുസ്തവും, കംപ്യൂട്ടർ പരിശീലനവും, പോഷകാഹാര വിതരണവും റോഡ് വികസനവും ഒക്കെയാണ് പ്രകടനപത്രികയിലെ മറ്റ് ഇനങ്ങൾ.

അടിസ്ഥാന വികസനത്തിലൂന്നിയാണ് ബിജെപിയും വോട്ട് ചോദിക്കുന്നത്. സൌജന്യ കുടിവെള്ളവും വൈദ്യുതിയും പത്രികയിലുണ്ട്.  അരുണാചൽ പ്രദേശിന് മേലുള്ള ചൈനയുടെ അവകാവാദങ്ങൾ കൂടി കണക്കിലെടുത്ത് ദേശീയതയും പ്രചാരണവിഷയമാണ്. എലാത്തിനും അപ്പുറം 60 വർഷം കോൺഗ്രസ് അവഗണിച്ച അരുണാചലിനെ അരുമയോടെ പരിഗണിച്ച മോദിക്ക് ഒരു വോട്ട് എന്നതാണ് ബിജെപിയുടെ പ്രധാന മുദ്രാവാക്യം. യുപിഎ സർക്കാർ ചെയ്തതിനുമപ്പുറം ബിജെപി ഒന്നും ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് തിരിച്ചടിക്കുന്നു.

മത്സരം ഒട്ടും എളുപ്പമല്ല ബിജെപിക്ക്. വെസ്റ്റ് അരുണാചൽ മണ്ഡലത്തിൽ സിറ്റിംങ് എംപിയായ കേന്ദ്രമന്ത്രി കിരൺ റിജ്ജിജുവിനെ എതിരിടുന്നത് നബാം തുക്കിയെയാണ്. ക്രൈസ്തവ സംഘടനകൾ നബാം തുക്കിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി അരുണാചലിൽ ഒരു വനിത ലോക്സഭയിലേക്ക് മത്സരിക്കുന്നു. കോൺഗ്രസ് വിട്ട് ജെഡിഎസിലെത്തിയ. ബാലവിവാഹത്തിനും വംശീയതയ്ക്കും എതിരെ പോരാടി ഏറെ ശ്രദ്ധ നേടിയ ജാർജെ എതെയക്ക് സ്ത്രീ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനമുണ്ട്. നബാം തുക്കിയും ജാർജെ എതെയും കിരൺ റിജ്ജിജുവിന് ഉയർത്തുന്നത് ചില്ലറ വെല്ലുവിളിയല്ല.

ഈസ്റ്റ് അരുണാചൽ നിലനിർത്തുന്നത് കോൺഗ്രസിനെ സംബന്ധിച്ച് ജീവൻമരണ പോരാട്ടമാണ്. സിറ്റിംഗ് എംപിയായ നാനോങ് എറിങിന് പകരം പലവട്ടം മന്ത്രിയായ ജെയിംസ് ലോവാങ്ചയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. സംസ്ഥാന അധ്യക്ഷൻ തപീർ ഗാവയെയാണ് ബിജെപി കളത്തിലിറക്കിയത്.  പിആർസി ഉപേക്ഷിച്ചെന്ന് ബിജെപി പറയുമ്പോഴും കുടിയേറ്റ ഗ്രോത്രവംശജരെ കൂടെനിർത്താൻ തപീർ ഗാവെയിലൂടെയാണ് ബിജെപിയുടെ ശ്രമം. ഒളിഞ്ഞും മറഞ്ഞും കുടിയേറ്റ വോട്ടർമാർക്ക് പിആർസി വാഗ്ദാനം ചെയ്യുന്നുണ്ട് ബിജെപി. പടിഞ്ഞാറൻ അരുണാചലിൽ സ്ഥാനാർത്ഥിയെ നിർത്തിയ കോണറാർഡ് സാങ്മയുടെ എൻപിപി കിഴക്കൻ അരുണാചലിൽ ബിജെപിയെ പിന്തുണയ്ക്കും.

പക്ഷെ കഴിഞ്ഞ അഞ്ച് വർഷവും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കായിരുന്നു കൊഴിഞ്ഞുപോക്കെങ്കിൽ ഇപ്പോൾ കഥ മാറി. 2003ൽ അരുണാചലലിലെ ആദ്യ ബിജെപി സർക്കാരിന് വഴിയൊരുക്കിയ ഗിയോങ് അപാങ് പാർട്ടി പാർട്ടി വിട്ടത് ബിജെപിക്ക് വലിയ തലവേദനയാണ്. 


സുപ്രീംകോടതി വിധിയിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട കലികോ പുലിനെ പിന്നെ കണ്ടെത്തിയത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ജീവനൊടുക്കിയ നിലയിലാണ്. കോൺഗ്രസ് മുക്ത  വടക്ക് കിഴക്കൻ ഇന്ത്യയെന്ന ലക്ഷ്യത്തിനായി  ബിജെപി ഒരുക്കിയ കുതന്ത്രങ്ങളുടെ ഇരയാണ് കലികോ പുൽ എന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.
ഉൾപ്പാർട്ടി കലഹങ്ങളാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കിയത്.  സംസ്ഥാനത്ത് ബിജെപി പിടിമുറുക്കുന്നത് കണ്ടിട്ടും കോൺഗ്രസ് അവഗണിച്ചു. അസംതൃപ്തരായ അണികൾ കൊഴിഞ്ഞുപോകുന്നത് നോക്കിനിന്നു. തിരിച്ചടിയിൽ നിന്ന് പാഠം പഠിച്ചെന്നാണ് അവകാശ വാദം. ജയിച്ചുകയറാമെന്ന് കോൺഗ്രസും കരുതുന്നില്ല.  എളുപ്പത്തിൽ ജയിക്കാൻ അനുവദിക്കാതിരിക്കാനാണ് ശ്രമം. മറുവശത്ത് ബിജെപിയാകട്ടെ ആത്മവിശ്വാസത്തിലും. മൂന്ന് സീറ്റുകളിലെ എതിരില്ലാത്ത ജയം ടീസറാണത്രേ.

ആര് ജയിച്ചാലും ആര് തോറ്റാലും അരുണാചലിലെ ജനത്തിന് വേണ്ടത് പ്രത്യേക പരിഗണനയാണ്. അതിർത്തിയിലെ പെർമിറ്റ് കൊണ്ട് മാത്രം നൽകാനാവുന്നതല്ല അത്. ഒറ്റപ്പെടലിന്‍റെ അഗവണനയുടെ കാലം അവസാനിക്കണം. ഗോത്രങ്ങളെയും ഉപഗോത്രങ്ങളെയും മുറിവേൽക്കാതെ കാക്കണം. ദില്ലിയിൽ നിന്ന് നോക്കിയാൽ ഇനിയെങ്കിലും തങ്ങളെ കൂടി കാണണം എന്നേ ഇവർക്ക് പറയാനുള്ളൂ.

Latest Videos
Follow Us:
Download App:
  • android
  • ios