തെലങ്കാനയിലും പ്രചാരണത്തിന് കൊട്ടിക്കലാശം; നിയമസഭ നേരത്തേ പിരിച്ചുവിട്ട കെസിആറിന്‍റെ തന്ത്രം വിജയിക്കുമോ?
രാജസ്ഥാനൊപ്പം, തെലങ്കാനയും വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. ടിഡിപിയ്ക്കും സിപിഐയ്ക്കുമൊപ്പം കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മഹാകൂടമിയാണ് പ്രാദേശികശക്തിയായ തെലങ്കാന രാഷ്ട്രസമിതിയെ നേരിടുന്നത്. 119 അംഗ നിയമസഭയില്‍ അറുപത് സീറ്റുള്ളവര്‍ക്ക് അധികാരത്തിലെത്താം.
ഹൈദരാബാദ്: രാജസ്ഥാനൊപ്പം തന്നെ പോളിംഗ് ബൂത്തിലേയ്ക്ക് നീങ്ങുന്ന തെലങ്കാനയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് നേരെ നീളുന്ന ഒരു ചൂണ്ടുവിരലാണ്. പ്രാദേശികരാഷ്ട്രീയശക്തികൾക്കെതിരെ ഒരു വിശാലപ്രതിപക്ഷത്തിന് ചുവടുറപ്പിയ്ക്കാനാകുമോ എന്ന് തെലങ്കാനയിലെ തെരഞ്ഞെടുപ്പ് വിധിയെഴുതും. ഈ ഡിസംബറിൽ ജനവിധി തേടുന്ന ഏകദക്ഷിണേന്ത്യൻ സംസ്ഥാനം കൂടിയാണ് തെലങ്കാന.
തെലങ്കാനയില്‍ ഉയര്‍ന്നുവരുന്ന ഭരണവിരുദ്ധ വികാരത്തിന്‍റെയും കോണ്‍ഗ്രസ് തുറന്നുവിടുന്ന അഴിമതി ആരോപണങ്ങളുടെയും നടുവിൽ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്‍റെ നീക്കം വിജയിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നരേന്ദ്രമോദിയും സമാനരീതിയിൽ നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടിയിരുന്നു. സ്ഥിതി വഷളാകുംമുൻപ്, ഭരണകാലയളവ് കൂട്ടിക്കിട്ടാൻ നിയമസഭ പിരിച്ചുവിട്ട കെ.ചന്ദ്രശേഖർ റാവു ഒരു പകിടകളിയ്ക്കാണ് ഒരുങ്ങിയത്.
ശ്രദ്ധയൂന്നേണ്ട മണ്ഡലങ്ങൾ ഏതെല്ലാം?
വാറങ്കല്‍, നിസാമാബാദ്, കരിംനഗര്‍, മഹബൂബാബാദ്, കാമാറെഡ്ഡി തുടങ്ങിയ ജില്ലകളെല്ലാം ഇത്തവണയും കെസിആറിനൊപ്പം നിൽക്കുമോ? അവസാനനിമിഷങ്ങളിലെ നീക്കങ്ങള്‍ പോലും വോട്ടിനെ സ്വാധീനിക്കുന്നത്രയും ചുട്ടുപൊള്ളുകയാണോ തെലങ്കാന?
തെലങ്കാനയിലെ പ്രധാന സ്ഥാനാർത്ഥികൾ ഇവരാണ്!
01. ചന്ദ്രശേഖർ റാവു , ഗജ്‍വേൽ
മുഖ്യമന്ത്രി, ടിആർഎസ് സ്ഥാപക നേതാവ്.
ഗജ്‍വേലിൽ രണ്ടാമൂഴം. കഴിഞ്ഞ തവണ ഭൂരിപക്ഷം ഇരുപതിനായിരത്തിൽ താഴെ.
02. പ്രതാപ് റെഡ്ഡി,കോൺഗ്രസ്, ഗജ്‍വേൽ.
മുഖ്യമന്ത്രിയുടെ എതിർ സ്ഥാനാർത്ഥി.
മുൻ ടിഡിപി നേതാവ്, മണ്ഡലത്തിൽ നിർണായക സ്വാധീനം.
സിറ്റിംഗ് MLA ജയിച്ച ചരിത്രമില്ലാത്ത ഗജ്‍വേലിൽ ഇക്കുറി പോരാട്ടം തീപാറും.
03. ഹരീഷ് റാവു, ടിആർഎസ്, സിദ്ദിപ്പേട്ട്.
ചന്ദ്രശേഖര റാവുവിന്‍റെ മരുമകൻ,
ജലവിഭവ മന്ത്രി. സിദ്ദിപ്പേട്ടിൽ ഇത് ആറാം തവണ.
പാർട്ടിയിലെ രണ്ടാമനായി കരുതപ്പെടുന്നു.
04. ഉത്തംകുമാർ റെഡ്ഡി, ടിപിസിസി അധ്യക്ഷൻ.
ഹുസൂർനഗർ. മുൻ മന്ത്രി, മഹാസഖ്യം അധികാരത്തിലെത്തിയാൽ
മുഖ്യമന്ത്രിയാവാൻ സാധ്യത.ലക്ഷ്യം തുടർച്ചയായ മൂന്നാം ജയം
05. കെ ടി രാമറാവു, ടിആർഎസ്, സിർസില
ചന്ദ്രശേഖര റാവുവിന്‍റെ മകൻ.
പിൻഗാമി എന്ന് വിലയിരുത്തൽ.
സിർസിലയിൽ മൂന്നാം തവണ മത്സരിക്കുന്നു.
തെലങ്കാന സംസ്ഥാനം രൂപീകരിക്കാത്തതിൽ
പ്രതിഷേധിച്ച് രാജിവച്ച പന്ത്രണ്ട് എംഎൽഎമാരിൽ ഒരാൾ.
06. അക്ബറുദ്ദീൻ ഒവൈസി, AIMIM സ്ഥാനാർത്ഥി.
മണ്ഡലം ചന്ദ്രയാൻഗുട്ട. അസദ്ദുദ്ദീൻ ഒവൈസിയുടെ സഹോദരൻ.
ഹൈദരാബാദിലെ ശക്തനായ നേതാവ്.
നാല് തവണ എംഎൽഎ, ഇത് അവസാനമത്സരമായിരിക്കുമെന്ന് പ്രഖ്യാപിച്ചു.
07. രേവന്ത് റെഡ്ഡി, കോൺഗ്രസ്, കോടങ്കൽ
കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ്.
തീപ്പൊരി നേതാവ്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെ കോടങ്കലിൽ കാലുകുത്തിക്കില്ലെന്ന
ഭീഷണി വിവാദമായി. റെഡ്ഡിയെ അർധരാത്രി അറസ്റ്റ് ചെയ്തത് വൻ പ്രതിഷേധങ്ങൾക്കും ഇടനൽകി.