ഇന്ദിരയെപ്പോലൊരു പ്രിയങ്ക, ഇത് കോൺഗ്രസിന്‍റെ പൂഴിക്കടകൻ!
കാഴ്ചയിൽ ഇന്ദിരാഗാന്ധിയെപ്പോലെയാണ് പ്രിയങ്ക. ഒരു കോട്ടൺ സാരിയുടുത്ത് തലയിലൂടെ പുതച്ച് പ്രചാരണറാലികളിൽ സഞ്ചരിക്കുന്ന പ്രിയങ്ക ക്രൌഡ് പുള്ളറായേക്കാം. പക്ഷേ വോട്ടുവാരുമോ?
''എന്‍റെ സഹോദരന് നല്ല വിദ്യാഭ്യാസമുണ്ട്. മികച്ച ആശയങ്ങളുണ്ട്. എല്ലാറ്റിനുമുപരി, നല്ല ഹൃദയമുള്ള ഒരു മനുഷ്യനാണ്. അതുകൊണ്ടുതന്നെയാണ് എന്‍റെ സഹോദരന് നല്ല രാഷ്ട്രീയം കാഴ്ച വെയ്ക്കാൻ കഴിയുമെന്ന് ഞാൻ പറയുന്നത്.'' 2004-ൽ അച്ഛൻ രാജീവ് ഗാന്ധിയുടെ സ്വന്തം മണ്ഡലമായിരുന്ന അമേഠിയിൽ കന്നിമത്സരത്തിനിറങ്ങിയ രാഹുൽ ഗാന്ധിയെക്കുറിച്ച് പ്രിയങ്ക ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രശാന്ത് രഘുവംശത്തോട് പറഞ്ഞതിങ്ങനെയാണ്.
അങ്ങനെയായിരുന്നു പ്രിയങ്ക എന്നും. സജീവരാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞു നിന്നു. 'അമേഠി കാ ഢൻകാ, ബിട്ടിയാ പ്രിയങ്ക' (അമേഠിയുടെ താളം, മകളായ പ്രിയങ്ക) എന്ന മുദ്രാവാക്യങ്ങളുയർന്നപ്പോഴും. ഓരോ തെരഞ്ഞെടുപ്പടുക്കുമ്പോഴും പ്രിയങ്ക വരുമോ എന്ന് മാധ്യമലോകം എഐസിസിയുടെ അകത്തളങ്ങളിലേക്ക് കാതോർത്ത് നിരാശരായി.
ദില്ലിയിലെ മോഡേൺ സ്കൂളിലും കോൺവെന്‍റ് ഓഫ് ജീസസ് മേരി സ്കൂളിലുമായിരുന്നു പ്രിയങ്കയുടെ സ്കൂൾ വിദ്യാഭ്യാസം. 1984-ൽ ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം പ്രിയങ്ക ഗാന്ധിയ്ക്ക് ഔദ്യോഗിക സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു. വീട്ടിലിരുന്നാണ് പ്രിയങ്ക പഠിച്ചത്. പുറത്തേയ്ക്ക് പോകുമ്പോഴും വരുമ്പോഴും കനത്ത സുരക്ഷ. കൂട്ടിലടച്ച അവസ്ഥ. രാഹുലിന്‍റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. 1989-ൽ ലണ്ടനിൽ പഠിയ്ക്കാൻ പോയ രാഹുൽ ഗാന്ധി 1991-ൽ രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം റൌൾ വിൻസി - എന്ന പേരിലാണല്ലോ പഠനം പൂർത്തിയാക്കിയത്.സ്കൂൾ പഠത്തിന് ശേഷം ദില്ലി സർവകലാശാലയിലെ ജീസസ് ആന്‍റ് മേരി കോളേജിൽ നിന്ന് പ്രിയങ്ക സൈക്കോളജിയിൽ ബിരുദം നേടി.
പക്ഷേ, ചെറുപ്പകാലം മുതൽക്കേ രാഷ്ട്രീയത്തിന്‍റെ മൂശയിലല്ല പ്രിയങ്കയെ വാർത്തെടുത്തത്. സോണിയാ ഗാന്ധി 1997-ൽ രാഷ്ട്രീയത്തിലെത്തിയതിന് പിന്നാലെയാണ് പ്രിയങ്ക വിവാഹിതയാകുന്നത്. പ്രിയങ്കയുടെ ജിം ഇൻസ്ട്രക്ടറായിരുന്നു റോബർട്ട് വദ്രയെന്ന ബോഡി ബിൽഡർ. ജിമ്മിൽ വച്ചുള്ള പരിചയം അടുപ്പത്തിലേക്ക് വഴിമാറി. 1997 ഫെബ്രുവരി 18-ന് സോണിയയുടെ വസതിയിൽ, നമ്പർ 10 ജൻപഥിൽ, തീർത്തും അടുത്ത വൃത്തങ്ങളിലുള്ളവർ മാത്രം പങ്കെടുത്ത ചടങ്ങിൽ ഇരുവരും വിവാഹിതരായി.
അന്ന്, സോണിയാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയും മലയാളിയുമായ വി ജോർജ് വഴി, ദില്ലിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ഇരുവരുടെയും കല്യാണം നടത്താനാകുമോ എന്ന് സോണിയ അന്വേഷിച്ചിരുന്നു. എന്നാൽ റോബർട്ട് വദ്രയുടെ അച്ഛൻ പഞ്ചാബിയാണ്, അമ്മ ക്രിസ്ത്യനും. വദ്രയെ മാമ്മോദീസ മുക്കിയ സർട്ടിഫിക്കറ്റ് കൊണ്ടുവന്നാലേ പള്ളിയിൽ വിവാഹം നടത്താനാകൂ എന്നായിരുന്നു പള്ളി അധികൃതരുടെ മറുപടി. ഒടുവിൽ സോണിയയുടെ വസതിയിൽ തന്നെ കല്യാണം നടത്താൻ തീരുമാനിക്കുകയായിരുന്നു. വിവാഹം നടന്നതോ, രാജീവും സോണിയയും വിവാഹിതരായ അതേ പോലെ! ചടങ്ങ് കശ്മീരി പണ്ഡിറ്റ് വിവാഹരീതിയിലായിരുന്നു!
വിവാഹശേഷം രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞു നിന്നു പ്രിയങ്ക. സ്വസ്ഥം ഗൃഹഭരണമാണ് തനിയ്ക്കിഷ്ടമെന്ന് പറയാതെ പറഞ്ഞു. വായനയും പാചകവും ഫോട്ടോഗ്രഫിയുമാണ് പ്രിയപ്പെട്ട ഹോബികളെന്നാണ് പ്രിയങ്ക പറഞ്ഞിരുന്നത്. അക്കാലത്ത് പ്രിയങ്ക കനപ്പെട്ട രാഷ്ട്രീയനിലപാടുകളെടുക്കുന്നതൊന്നും കണ്ടിട്ടില്ല.
എന്നാൽ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രയാകട്ടെ, രാഷ്ട്രീയമോഹം ഒരിക്കലും മറച്ചുവച്ചിട്ടില്ല. ''എന്നെങ്കിലും രാഷ്ട്രീയത്തിലെത്തുമോ എന്നെനിക്ക് അറിയില്ല, പക്ഷേ, മത്സരിച്ചാൽ ഞാൻ എവിടെ നിന്നും പുല്ലു പോലെ ജയിക്കും'' എന്നാണ് വദ്ര പണ്ട് ഒരു അഭിമുഖത്തിൽ പറഞ്ഞത്. വിവാദങ്ങൾക്കിടയിലും രാഷ്ട്രീയനിലപാടുകൾ സാമൂഹ്യമാധ്യമങ്ങളിൽ പറഞ്ഞിരുന്നു വദ്ര. അത്തരം ഒരു പരാമർശങ്ങളും പ്രിയങ്ക നടത്തിയിട്ടുമില്ല. സാമൂഹ്യമാധ്യമങ്ങളിൽ, ട്വിറ്ററിലോ, ഫേസ്ബുക്കിലോ, ഇൻസ്റ്റഗ്രാമിലോ ഇല്ല പ്രിയങ്കാഗാന്ധി. സ്വകാര്യജീവിതത്തെക്കുറിച്ച് ഒരിക്കലും മിണ്ടിയിട്ടില്ല. എങ്കിലും രാഹുൽ രാഷ്ട്രീയത്തിലെത്തിയപ്പോൾ കൂടെ നിന്നു, പ്രിയപ്പെട്ട സഹോദരിയായി.
2010-ലാണ് പ്രിയങ്ക ബുദ്ധിസ്റ്റ് സ്റ്റഡീസിൽ ബിരുദാനന്തരബിരുദം നേടുന്നത്. അന്ന് ബുദ്ധമതത്തിലേക്ക് സ്വയം പരിവർത്തനം ചെയ്ത പ്രിയങ്ക, വിപാസന ധ്യാനത്തിന്‍റെ വക്താവാണ്. എന്താണ് വിപാസന ധ്യാനം? എല്ലാം സാക്ഷിയായി നോക്കിയിരുന്ന്, സ്വയം നിരീക്ഷിച്ച്, സത്യം മനസ്സിലാക്കലാണ് വിപാസനധ്യാനം. ശാരീരികാഭ്യാസമോ, ശ്വാസക്രമമോ ഒന്നുമില്ല, ഒരിടത്ത് സ്വച്ഛമായി ഇരുന്ന് ശ്വാസത്തെ നിരീക്ഷിക്കുക. സ്വന്തം ശരീരത്തെ നിരീക്ഷിക്കുക. അങ്ങനെ തന്നെ സംബന്ധിക്കുന്നതെല്ലാം നിരീക്ഷിച്ച് സത്യം മനസ്സിലാക്കുക. ബുദ്ധന് ജ്ഞാനോദയമുണ്ടായത് വിപാസനധ്യാനം വഴിയാണെന്നാണ് കഥ.
രാഷ്ട്രീയത്തിൽ നിന്ന് പ്രിയങ്ക അകലം പാലിച്ചതെന്തിന്?
പ്രിയങ്ക സജീവരാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. ഒന്ന്, സോണിയാഗാന്ധി എപ്പോഴും രാഹുൽ കോൺഗ്രസ് തലപ്പത്ത് വരണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ''യാഥാസ്ഥിതിക ഇറ്റാലിയൻ അമ്മ'' എന്നതായിരുന്നു രാഷ്ട്രീയവൃത്തങ്ങളിൽ പറഞ്ഞുകേട്ടിരുന്ന തമാശ. രണ്ട്, സഹോദരനിൽ നിന്ന് വെള്ളിവെളിച്ചം മാറണമെന്ന് പ്രിയങ്ക ആഗ്രഹിച്ചിരുന്നില്ല. പാർട്ടിയിൽ രണ്ട് അധികാരകേന്ദ്രങ്ങൾ വരികയെന്നത് സോണിയാഗാന്ധിയ്ക്കും താത്പര്യമുള്ള കാര്യമായിരുന്നില്ല. 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുലിനെ കാര്യങ്ങൾ ഏൽപിച്ചപ്പോഴും പ്രിയങ്ക പുറത്തുതന്നെ നിന്നതും അതുകൊണ്ടുതന്നെ.
മൂന്ന്, വിവാഹബന്ധത്തിലെ അന്തഃച്ഛിദ്രങ്ങളും റോബർട്ട് വദ്രയെ ചുറ്റിപ്പറ്റിയുള്ള അഴിമതിയാരോപണങ്ങളും തന്നെയായിരുന്നു. ഹരിയാനയിലെ ഡിഎൽഎഫ് ഭൂമിയിടപാട് മുതൽ പ്രിയങ്കയെത്തന്നെ വേട്ടയാടിയ റിയൽ എസ്റ്റേറ്റ് അഴിമതിയാരോപണങ്ങളും രാഷ്ട്രീയത്തിൽ നിന്ന് അവരെ അകറ്റിനിർത്തി. മോദി അധികാരത്തിലെത്തിയതോടെ വദ്രയുമായി ബന്ധപ്പെട്ട എല്ലാ അഴിമതിക്കേസുകളും കുത്തിപ്പൊക്കിയത് ഉദാഹരണം. താൻ രാഷ്ട്രീയത്തിലിറങ്ങിയാൽ മോദി വേട്ടയാടുമെന്നും പ്രിയങ്ക കരുതിയിരുന്നു.
എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിനൊപ്പം പ്രിയങ്ക ഇറങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. എന്നാൽ അവസാനനിമിഷം പ്രിയങ്ക പിൻമാറി. അമേഠിയിലും റായ്ബറേലിയിലും മാത്രം പ്രചാരണത്തിനിറങ്ങിയ പ്രിയങ്ക വീണ്ടും രാഷ്ട്രീയത്തിലിറങ്ങാതെ മടിച്ചു മാറി നിന്നു. പക്ഷേ, തുഗ്ലക് റോഡിലെ രാഹുലിന്‍റെ വസതിയിൽ എല്ലാ രാഷ്ട്രീയചലനങ്ങൾക്കിടയിലും പ്രിയങ്കയുമുണ്ടായിരുന്നു. റായ്‍ബറേലിയിലും അമേഠിയിലുമുള്ള ജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾ, പ്രിയങ്കയെ ഇന്ദിരയെപ്പോലെ പ്രിയങ്കരിയായിത്തന്നെ കരുതി.
ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നാലെ വന്ന ഉത്തർപ്രദേശടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് അടി പതറിയപ്പോൾ, 'പ്രിയങ്കാ ലാവോ, കോൺഗ്രസ് ബചാവോ' (പ്രിയങ്കയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ) എന്ന മുദ്രാവാക്യമുയർന്നതാണ്.
പ്രിയങ്ക വദ്ര പ്രിയങ്ക ഗാന്ധിയാകുമ്പോൾ..
കിഴക്കൻ ഉത്തർപ്രദേശിലെ ബിജെപി കോട്ടകളിലെ രാഷ്ട്രീയതന്ത്രം മെനയാനുള്ള ചുമതലയേൽപ്പിച്ച് എഐസിസി വാർത്താക്കുറിപ്പ് പുറത്തിറക്കുമ്പോൾ ന്യൂയോർക്കിലാണ് പ്രിയങ്കാഗാന്ധി. ഫെബ്രുവരി ഒന്നിന് പ്രിയങ്ക തിരിച്ചെത്തുമെന്നാണ് സൂചന. ആദ്യവാരം തന്നെ ചുമതലയേറ്റെടുക്കും. ആദ്യം മേഖലയിലെ പ്രധാനനേതാക്കളെ വിളിച്ചുചേർത്ത് ഒരു യോഗമുണ്ടാകും. എസ്‍പിയും ബിഎസ്‍പിയും തമ്മിലുള്ള സഖ്യം കോൺഗ്രസിനെ എങ്ങനെ ബാധിയ്ക്കുമെന്ന ചർച്ച നടത്തും.
കോൺഗ്രസിന്‍റെ സംഘടനാസംവിധാനമനുസരിച്ച് 40 ലോക്‍സഭാ മണ്ഡലങ്ങളാണ് കിഴക്കൻ ഉത്തർപ്രദേശിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗൊരഖ് പൂർ, സ്വന്തം മണ്ഡലങ്ങളായ അമേഠി, റായ്ബറേലി എന്നിവ പ്രിയങ്കയുടെ 'ഏരിയ'യിൽ പെടും. അമ്മ സോണിയാഗാന്ധി ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമല്ല. അധികാരദണ്ഡ് രാഹുലിനെ ഏൽപിച്ച് മാറിയിരിക്കുകയാണ് സോണിയ ഇപ്പോൾ. റായ്ബറേലി സീറ്റിൽ സോണിയയ്ക്ക് പകരം പ്രിയങ്ക മത്സരിക്കുമെന്ന അണിയറവർത്തമാനം സജീവമാണ്, ഇപ്പോഴേ!
ഒരു പക്ഷേ, രാഹുൽ പ്രധാനമന്ത്രിപദത്തിലേക്ക് എത്തിയാൽ പാർട്ടിയുടെ അധ്യക്ഷസ്ഥാനം പ്രിയങ്കയ്ക്ക് കൈമാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സൂക്ഷ്മമായി മാത്രം ചുവടുകൾ വയ്ക്കേണ്ട കാലത്ത് രാഹുൽ വിശ്വസിച്ച് കൂടെ നിർത്തുന്നത് പ്രിയങ്കയെത്തന്നെയാണ്.
മുൻപ് ജവഹർലാൽ നെഹ്റുവും വിജയലക്ഷ്മി പണ്ഡിറ്റും മത്സരിച്ച് വിജയിച്ച ഫൂൽപൂരും കിഴക്കൻ യുപിയിലാണ്. എന്നാൽ 1984-ന് ശേഷം ഈ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ജയിച്ചിട്ടില്ല. 2018-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇവിടെ മത്സരിച്ച് ജയിച്ചത് എസ്പിയുടെ സ്ഥാനാർഥിയാണ്, അതും ബിഎസ്പിയുടെ പിന്തുണയോടെ.
ഇതാദ്യമായാണ് പ്രിയങ്ക കോൺഗ്രസിൽ ഒരു സംഘടനാപരമായ ചുമതലയേറ്റെടുക്കുന്നത്. ബിജെപിയുടെ കോട്ടയാണ് കിഴക്കൻ യുപിയിലെ പല മണ്ഡലങ്ങളും. എസ്‍പി, ബിഎസ്‍പി സഖ്യം വന്നതോടെ ഉത്തർപ്രദേശിൽ കോൺഗ്രസ് അന്തംവിട്ടു നിൽക്കുകയായിരുന്നു. വിശാലപ്രതിപക്ഷസഖ്യത്തിന് കൈകോർക്കാൻ തയ്യാറായി മുന്നോട്ടുവന്ന രാഹുലിനെ മായാവതിയും അഖിലേഷ് യാദവും അംഗീകരിച്ചില്ല. പക്ഷേ, തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാകുമോ എന്ന് മുതിർന്ന മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിക്കുമ്പോൾ അഖിലേഷ് യാദവും മറ്റ് എസ്‍പി, ബിഎസ്‍പി നേതാക്കളും മിണ്ടിയിട്ടില്ല. കോൺഗ്രസിനെക്കുറിച്ച് ഇപ്പോഴൊന്നും പറയില്ലെന്നാണ് സഖ്യപ്രഖ്യാപനത്തിന് തലേന്ന് എൻഡിടിവിയിലെ ശ്രീനിവാസൻ ജെയിന് നൽകിയ അഭിമുഖത്തിൽ അഖിലേഷ് യാദവ് ആവർത്തിച്ചത്.
എസ്‍പിയോടും ബിഎസ്‍പിയോടും ശത്രുതയില്ലെന്ന് രാഹുൽഗാന്ധിയും ആവർത്തിയ്ക്കുമ്പോൾ തെരഞ്ഞെടുപ്പിന് ശേഷം സഖ്യസാധ്യതയുണ്ടെന്ന് തന്നെയാണ് വ്യക്തമാവുന്നത്. എസ്‍പി, ബിഎസ്‍പി സഖ്യം വന്നാലും പോരാടാതെ പിന്നോട്ടില്ലെന്ന് തന്നെയാണ് ഇന്ന് രാഹുൽ പ്രിയങ്കയെ കളത്തിലിറക്കുന്നതിലൂടെ പറയുന്നത്. പക്ഷേ, ദളിത് - യാദവ് വോട്ട് ബാങ്കിലൂടെ മൃഗീയഭൂരിപക്ഷം കിട്ടിയാൽ ബുവാ - ഭതീജാ സഖ്യം (മായാവതി - അഖിലേഷ്) വീണ്ടും ഒന്നാലോചിക്കും. രാഹുൽഗാന്ധിയ്ക്ക് വെറുതെ പ്രധാനമന്ത്രിപദം കൊടുക്കേണ്ടതില്ലല്ലോ!
ബിജെപിയുടെ സ്വന്തം മണ്ഡലങ്ങളിലെ ബ്രാഹ്മണവോട്ടുകളാണ് രാഹുൽ ലക്ഷ്യമിടുന്നത്. ഇന്ദിരാഗാന്ധിയുടെ മുഖച്ഛായയുള്ള പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങുമ്പോൾ, സവർണവോട്ട് ബാങ്കും നഗരവോട്ടുകളും പെട്ടിയിൽ വീഴുമെന്ന് രാഹുൽ കണക്കുകൂട്ടുന്നു.
ഇന്ദിരയെപ്പോലൊരു പ്രിയങ്ക!
ഇന്ദിരാഗാന്ധിയുടെ നല്ല മുഖച്ഛായയുണ്ട് പ്രിയങ്കയ്ക്ക്. വളഞ്ഞ മൂക്കും, വടിപോലെ നിൽക്കുന്ന കോട്ടൺ സാരിയും, ക്രോപ് ചെയ്ത മുടിയും. ഒരു ചെറുഇന്ദിരാപ്രിയദർശിനി തന്നെയാണ് പ്രിയങ്ക. ഇന്ദിരയെപ്പോലെ തല വഴി കോട്ടൺസാരി തല വഴി പുതച്ച് പ്രിയങ്ക ഉത്തർപ്രദേശിലെ തെരുവുകളിലൂടെ പ്രചാരണറാലികൾ നയിക്കുന്നത് ഓർക്കുമ്പോഴേ കൌതുകമുണ്ട്!
അങ്ങനെ നെഹ്റു കുടുംബത്തിലെ നാലാം തലമുറയിലെ അവസാനത്തെയാൾ രാഷ്ട്രീയത്തിലിറങ്ങുകയാണ്. പക്ഷേ, മുൻതലമുറ കാത്ത രാഷ്ട്രീയബുദ്ധിയും ചടുലതയും പ്രിയങ്കയ്ക്കുണ്ടാകുമോ? കാത്തിരുന്ന് കാണാം. ഇതുവരെ ഡെമോ പോലും നടത്താത്ത ലോഞ്ച് വെഹിക്കിൾ ബഹിരാകാശത്തേക്ക് വിടുന്നത് പോലൊരു റിസ്കാണ് കോൺഗ്രസ് എടുത്തിരിക്കുന്നത്. വളരെ പരിചിതയായ രാഷ്ട്രീയപുതുമുഖമാണല്ലോ പ്രിയങ്കാഗാന്ധി!
- news
- indira gandhi priyanka gandhi
- priyanka gandhi profile
- priyanka gandhi political profile
- priyanka gandhi life
- പ്രിയങ്കാഗാന്ധി ജീവിതരേഖ
- പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തിലിറങ്ങുന്നു
- പ്രിയങ്കാഗാന്ധി
- പ്രിയങ്കാഗാന്ധി സജീവരാഷ്ട്രീയത്തിലേക്ക്
- പ്രിയങ്കാഗാന്ധിയും രാഷ്ട്രീയവും
- പ്രിയങ്കാഗാന്ധിയും രാഹുൽ ഗാന്ധിയും
- പ്രിയങ്കാഗാന്ധി കോൺഗ്രസ്