'മുഖ്യമന്ത്രിയുടെ പ്രയോഗം ക്രൂരവും നിന്ദ്യവും', തൃക്കാക്കരക്കരയിൽ പിണറായിയുടെ പരാമർശം ആയുധമാക്കി യുഡിഎഫ്
ക്രൂരവും നിന്ദ്യവുമായ പ്രസ്താവയാണെന്നും നിയമസഭയിൽ പി. ടി. പ്രതിരോധത്തിലാക്കിയതിന്റെ പകയാണ് പിണറായി വിജയൻ ഇപ്പോഴും കാണിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ
കൊച്ചി: പി.ടി. തോമസിനെ വിജയിപ്പിച്ചതിലൂടെ തൃക്കാക്കരക്കാർക്ക് അബദ്ധം പറ്റിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിൽ വിമർശനം ശക്തം. തൃക്കാക്കരയിലെ വോട്ടർമാർക്ക് അബദ്ധം പറ്റിയെന്ന പരാമർശം ആയുധമാക്കി മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് നേതാക്കൾ രംഗത്തെത്തി. ക്രൂരവും നിന്ദ്യവുമായ പ്രസ്താവയാണെന്നും നിയമസഭയിൽ പി. ടി. പ്രതിരോധത്തിലാക്കിയതിന്റെ പകയാണ് പിണറായി വിജയൻ ഇപ്പോഴും കാണിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ഇടത് മുന്നണി കൺവെൻഷനിൽ പിടിക്കെതിരെ ഉയർന്നത് നിന്ദ്യമായ പ്രസ്താവനയാണ്. ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നും സതീശൻ വിമർശിച്ചു.
പി.ടി തോമസിനെ അനുസ്മരിച്ച് നിയമസഭ; നിലപാടുകൾക്കായി സധൈര്യം പോരാടിയ നേതാവെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും പിടി തോമസിനറെ ഭാര്യയുമായ ഉമാ തോമസും രംഗത്തെത്തി. തൃക്കാക്കരയുടെ അഭിമാനമാണ് പി.ടിയെന്നും അതിനാലാണ് പി.ടി. തോമസിനെ രാജകുമാരനെപ്പോലെ ജനങ്ങൾ യാത്രയാക്കിയതെന്നും ഉമ തോമസ് പ്രതികരിച്ചു. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവർണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹവും ദുഖകരവും ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണ്. പി ടി യെ പോലൊരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും? മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോയെന്നും ഉമ ചോദിച്ചു.
'പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി ടിയെ തൃക്കാക്കരക്കാർക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഏറെ പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും ഭൂരിപക്ഷം വർധിപ്പിപ്പ് തൃക്കാക്കരയിലെ ജനങ്ങൾ വിജയിപ്പിച്ചത്. പി ടിയുടെ മരണം സുവർണാവസരമായി മുഖ്യമന്ത്രി കാണുമ്പോൾ കേരളീയർ അത് നഷ്ടമായാണ് കാണുന്നത്. അത് കേരള ജനത പ്രകടിപ്പിക്കുന്നത് നാം കണ്ടതുമാണ്. തൃക്കാക്കരയിൽ നടക്കുന്നത് സഹതാപത്തിന്റെ പോരാട്ടമല്ല'. രാഷ്ട്രീയ പോരാട്ടമാണ്. പി ടി യുടെ രാഷ്ട്രീയ നിലപാടുകൾക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള സ്നേഹം തൃക്കാക്കരക്കാർ പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും ഉമ അഭിപ്രായപ്പെട്ടു.
പി ടി തോമസ് അഭിമാനം, അബദ്ധം പറ്റിയത് പിണറായിക്കാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ തോമസ്