കോട്ടയം കിട്ടിയില്ലെങ്കിൽ പരിഗണിക്കുന്നത് പത്തനംതിട്ട ? തീരുമാനം ഹൈക്കമാന്‍റിന് വിട്ട് ഉമ്മൻ ചാണ്ടി
ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വ ചർച്ചയിൽ കോൺഗ്രസിന്‍റെ കേന്ദ്രബിന്ദു ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി മത്സരിച്ചേ തീരൂ എന്നും ഏതു സീറ്റുവേണമെങ്കിലും ആകാമെന്നും കെപിസിസി പ്രസിഡന്‍റ് മുതൽക്കിങ്ങോട്ട് നേതാക്കളെല്ലാം മുറവിളി കൂട്ടുന്നുമുണ്ട്.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വ ചർച്ചയിൽ കോൺഗ്രസിന്‍റെ കേന്ദ്രബിന്ദു ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി മത്സരിച്ചേ തീരൂ എന്നും ഏതു സീറ്റുവേണമെങ്കിലും ആകാമെന്നും കെപിസിസി പ്രസിഡന്‍റ് മുതൽക്കിങ്ങോട്ട് നേതാക്കളെല്ലാം മുറവിളി കൂട്ടുന്നുമുണ്ട്. മത്സരിക്കാനില്ലെന്ന് ആവർത്തിക്കുമ്പോഴും ഹൈക്കമാന്‍റ് പറഞ്ഞാൽ കളത്തിലിറങ്ങാൻ ഉമ്മൻ ചാണ്ടി നിർബന്ധിതനാകും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചനയും.
ഉമ്മൻ ചാണ്ടി മത്സരിക്കുന്നെങ്കിൽ അത് എവിടെ എന്നത് സംബന്ധിച്ചാണ് ഇപ്പോൾ പ്രധാന ചർച്ച. പ്രഥമ പരിഗണന കോട്ടയമാണെങ്കിലും സീറ്റ് കേരളാ കോൺഗ്രസിന്‍റെതാണ്. മാത്രമല്ല, ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയപ്പോഴും കോട്ടയം തിരിച്ചെടുക്കില്ലെന്ന് കെഎം മാണിക്ക് ഉറപ്പ് നൽകിയത് താൻ കൂടിയാണെന്ന് ഉമ്മൻ ചാണ്ടി പറയുന്നുമുണ്ട്.
വ്യക്തിപരമായ സൗകര്യം കോട്ടയത്ത് മത്സരിക്കുന്നതാണെങ്കിലും കോട്ടയം വിട്ടുകൊടുക്കില്ലെന്ന് കേരളാ കോൺഗ്രസ് നിലപാട് നിലനിൽക്കെ സാധ്യതകൾ അടയുകയാണ്. അതേസമയം ഉമ്മൻ ചാണ്ടി മത്സരിച്ചോട്ടെ എന്ന് കെഎം മാണി സ്വമേധയാ പറയുന്ന സാഹചര്യം ഉണ്ടായാൽ അത് നിരസിക്കേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം.
മത്സര സാധ്യതയുള്ള മണ്ഡലങ്ങളുടെ കൂട്ടത്തിൽ ഇടുക്കി സജീവ ചർച്ചയിൽ ഉണ്ടെങ്കിലും പുതുപ്പള്ളി കൂടി നോക്കണമെന്നിരിക്കെ ഉമ്മൻ ചാണ്ടിക്ക് ഇടുക്കിയലത്ര താൽപര്യമില്ലെന്നാണ് അറിയുന്നത്. ഈ ഘട്ടത്തിലാണ് പത്തനംതിട്ടയിൽ മത്സര സാധ്യത തെളിയുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയം അടക്കം നിലനിൽക്കെ ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലം കൂടിയാണ് പത്തനംതിട്ട.
ഉമ്മൻചാണ്ടി പത്തനംതിട്ടയിൽ മത്സരിച്ചാൽ ബിജെപി ബാധ്യതയാകുന്ന സാഹചര്യം ഒഴിവാക്കാമെന്ന കണക്കുകൂട്ടൽ കോൺഗ്രസ് നേതൃത്വത്തിനുണ്ട്. അങ്ങനെ എങ്കിൽ ആന്‍റോ ആന്‍റണിക്ക് ഇടുക്കിയിലേക്ക് മാറേണ്ടിവരും. എ ഗ്രൂപ്പുകാരൻ തന്നെയായതിനാൽ ഗ്രൂപ്പ് സമവാക്യങ്ങളും തടസമാകില്ല. ഉമ്മൻചാണ്ടിയാണ് മത്സര രംഗത്തെങ്കിൽ ഓർത്തഡോക്സ് മാർത്തോമ്മ വോട്ടുകൾ ഉറപ്പിക്കാമെന്ന് മാത്രമല്ല, എൻഎസ്എസിനെയും കൂടെ നിർത്താമെന്ന പ്രതീക്ഷയും കോൺഗ്രസ് നേതൃത്വത്തിന് ഉണ്ട്.
പരമാവധി സീറ്റ് പിടിക്കാനാകും വിധം വിജയസാധ്യതമാത്രം നോക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത് . ഉമ്മൻ ചാണ്ടി മത്സര രംഗത്തുണ്ടെങ്കിൽ ശബരിമലയടക്കം സമകാലിക രാഷ്ട്രീയ വിവാദങ്ങളിൽ മുൻതൂക്കമുണ്ടാക്കാമെന്ന് സംസ്ഥാന നേതൃത്വം കണക്കുകൂട്ടന്നുമുണ്ട്.
ഹൈക്കമാന്‍റ് പറഞ്ഞാൽ ഒഴിഞ്ഞുമാറാൻ ഉമ്മൻ ചാണ്ടിക്കാവില്ല. ഉമ്മൻ ചാണ്ടി മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍റ് പറയാനുള്ള സാഹചര്യവും കുറവാണ്. മത്സരിച്ചേക്കുമെന്ന അഭ്യൂഹം നിലനിൽക്കെ അടുത്തിടെയായി പത്തനംതിട്ട മണ്ഡലത്തിലെ പരിപാടികളിൽ ഉമ്മൻചാണ്ടി സജീവ സാന്നിധ്യമാകുന്നത് ശ്രദ്ധേയമാണ്.