ആളൊരുങ്ങി, അരങ്ങൊരുങ്ങി; പോരിന് മുമ്പ് അറിയാം 'അക്കപ്പോരിലെ' കണക്ക് | INFO
എക്സിറ്റ് പോൾ സർവ്വേ ശരിവച്ച് ഇടത് പക്ഷം തുടർഭരണം നേടുമോ ? അതോ ഇടതിനെയും വലതിനെയും മാറ്റി മാറ്റി പരീക്ഷിക്കുന്ന പതിവ് കേരള മോഡൽ തുടരുമോ ? വിശകലനങ്ങൾ തുടങ്ങും മുമ്പ് അറിഞ്ഞിരിക്കേണ്ട കണക്കുകൾ
തിരുവനന്തപുരം: അങ്ങനെ വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുകയാണ്. കൂട്ടിയും കിഴിച്ചും വോട്ട് കണക്കുകൾ നോക്കി മനപ്പായസമുണ്ണുകയാണ് മുന്നണികൾ. തദ്ദേശ തെരഞ്ഞെടുപ്പ് കണക്കുകൾ വച്ച് തുടർഭരണം സ്വപ്നം കാണുന്ന എൽഡിഎഫും, ആ കണക്ക് അത്ര വലിയ കണക്കല്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന യുഡിഎഫും, പിന്നെ ഇക്കുറി സീറ്റെണ്ണവും വോട്ട് വിഹിതവും ഉറപ്പായും കൂട്ടുമെന്ന് വിശ്വസിക്കുന്ന ബിജെപിയും അരയും തലയും മുറുക്കി ഒരുങ്ങിക്കഴിഞ്ഞു. വ്യാഖ്യാനങ്ങളും വിശകലനങ്ങളും തുടങ്ങുന്നതിന് മുമ്പ് ഇപ്പോൾ ലഭ്യമായ കണക്കുകൾ ഒന്ന് പരിശോധിക്കാം.
വോട്ട് ചെയ്യുന്നത് ആരൊക്കെ ?
രണ്ട് കോടി 67 ലക്ഷത്തിലേറെ വോട്ടർമാരുള്ള സംസ്ഥാനത്ത് 5,79,033പേർ പുതിയ വോട്ടർമാരാണ്. 221 ട്രാൻസ് ജൻഡർ വോട്ടർമാരും ഇത്തവണ വോട്ട് ചെയ്യും. വോട്ടർ പട്ടികയുടെ അന്തിമ കണക്കിൽ ഇനിയും വോട്ടർമാർ കൂടിയേക്കും.
വില്ലനാകുമോ കൊവിഡ് ?
കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്ത് ഇത്തവണ നാൽപ്പതിനായിരത്തിലേറെ ബൂത്തുകൾ സജ്ജമാക്കും. ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെയേ അനുവദിക്കൂ. പോളിംഗ് ബൂത്തുകളിൽ കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കണം. ബൂത്ത് സജ്ജമാക്കാൻ ഒരു ഉദ്യോഗസ്ഥനെ കൂടി അധികമായി നിയോഗിക്കും.
കൊവിഡ് രോഗികൾക്കും 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ വോട്ടിന് അനുമതിയുണ്ട്. 150 കമ്പനി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസറോട് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ, മലപ്പുറം , വയനാട് , പാലക്കാട് ജില്ലകലിൽ കേന്ദ്ര സേനയെ വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖകളിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
2016ലെ കണക്കുകൾ
കേരളത്തിൽ ആകെയുള്ളത് 140 നിയമസഭാ മണ്ഡലങ്ങൾ. നിലവിൽ സിപിഎം ആണ് എറ്റവും വലിയ ഒറ്റകക്ഷി. 58 സീറ്റുകളുണ്ട് ഇടത് മുന്നണിയെ നയിക്കുന്ന സിപിഎമ്മിന്. 102 സീറ്റിൽ മത്സരിച്ചാണ് 2016ൽ സിപിഎം 58 സീറ്റുകളിൽ ജയിച്ചത്. 25 സീറ്റിൽ മത്സരിച്ച സിപിഐ 19 സീറ്റ് നേടിയപ്പോൾ കഴിഞ്ഞ തവണ കോൺഗ്രസ് തകർന്നടിയുകയായിരുന്നു ആകെ മത്സരിച്ച 87 സീറ്റിൽ ആകെ ജയിക്കാനായത് 22 സീറ്റിൽ മാത്രം. 23 ഇടത്ത് മത്സരിച്ച മുസ്ലീം ലീഗ് 18 സീറ്റുകൾ നേടി. 15 സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് എം ജയിച്ചത് ആറ് സീറ്റിലും. മാറി മറിഞ്ഞ മുന്നണി സമവാക്യങ്ങളും കെ എം മാണിയുടെ മരണവും ജോസ് കെ മാണിയുടെ മുന്നണി മാറ്റവും ഈ കണക്കുകളെ എങ്ങനെ മാറ്റുമെന്നാണ് ഇനി അറിയേണ്ടത്.
കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നത് 2016-ലെ തെരഞ്ഞെടുപ്പിലായിരുന്നു. നേമത്ത് നിന്ന് ബിജെപിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാൽ ജയിച്ചത് 8679 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. നേമം നിലനിർത്താനും കൂടുതൽ സീറ്റ് പിടിച്ചെടുക്കാനും ബിജെപിക്കാകുമോ എന്നും രാഷ്ട്രീയ കേരളം ഉറ്റ് നോക്കുന്നു.
വിശദമായ പട്ടിക ( 2016ലെ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് ) * കേരള കോൺഗ്രസ് പിളർപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല
2016ൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം ഇങ്ങനെയായിരുന്നു.
പക്ഷേ അതിന് ശേഷം ഒരുപാട് കാര്യങ്ങൾ മാറി. 2019 ലോകസഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാരുടെ പട തന്നെ മത്സരത്തിനിറങ്ങി. കാറ്റ് യുഡിഎഫ് പക്ഷത്തേക്ക് ആഞ്ഞ് വീശിയ തെരഞ്ഞെടുപ്പിൽ ഇടത് കോട്ടകൾ പൊളിഞ്ഞു. കോൺഗ്രസ് അണിനിരത്തിയ എംഎൽഎമാരെല്ലാം ജയിച്ചു. വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരന്‍, എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍, കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് എന്നിവര്‍ ലോകസഭയിലേക്ക് ജയിച്ചു കയറി. 20ൽ 19 സീറ്റും യുഡിഎഫ് പിടിച്ചടക്കിയ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് ജയിപ്പിക്കാനായത് അരൂര്‍ എംഎല്‍എ എ എം ആരിഫിനെ മാത്രം. എന്തായാലും വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍ എന്നീ നാല് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നു. കെ എം മാണിയുടെയും പി ബി അബ്ദുൾ റസാഖിന്റെയും മരണത്തോടെ പാലായും മഞ്ചേശ്വരവും ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങി. ഇവിടെയാണ് ട്വിസ്റ്റ് സംഭവിച്ചത്.
പാലാ മാണി സി കാപ്പനിലൂടെ ഇടത്തോട്ട് ചാഞ്ഞു. കോന്നി ജനീഷ് കുമാർ പിടിച്ചു, വട്ടിയൂർക്കാവിൽ മേയർ ബ്രോ പ്രശാന്ത് വിജയക്കൊടി പാറിച്ചു. ഇതിനിടെ ആരിഫിന്റെ അരൂരിൽ ഷാനിമോൾ ഉസ്മാനും ജയിച്ചു. കണക്ക് ആകെ മാറി.
ജോസ് - ജോസഫ് തർക്കത്തിൽ കേരള കോൺഗ്രസ് വീണ്ടും പിളർന്നു. ജോസ് കെ മാണി ഇടത്തോട്ട് കളം മാറ്റി ചവിട്ടി. അപ്പോൾ രണ്ട് എംഎൽമാരെയും കൂടെ കൂട്ടിയിരുന്നു. ജോസ് കെ മാണി വന്നതോടെ പാലാ സീറ്റിനെ ചൊല്ലി തർക്കമായി അങ്ങനെ അവസാന ട്വിസ്റ്റിൽ മാണി സി കാപ്പൻ യുഡിഎഫിലേക്ക് മാറി. കറങ്ങി തിരിഞ്ഞ് പാലാ വീണ്ടും യുഡിഎഫിന്റെ കണക്കിലായി.
എന്തായാലും ഇപ്പോൾ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുമ്പോൾ കക്ഷിനില ഇങ്ങനെയാണ്
എൽഡിഎഫ് - 95 (സിപിഎം - 59, സിപിഐ - 19, ജെഡിഎസ് - 3, എൻസിപി - 3, കേരള കോൺഗ്രസ് എം - 2, സിഎംപി(എ) - 1, കോൺഗ്രസ് എസ് -1, കേരള കോൺഗ്രസ് ബി -1, നാഷണൽ സെക്കുലർ കോൺഫറൻസ് -1, സ്വതന്ത്രർ - 5 )
യുഡിഎഫ് - 43 ( കോൺഗ്രസ് - 21, ഐയുഎംഎൽ - 18, കേരള കോൺഗ്രസ് (ജോസഫ്) -3, കേരള കോൺഗ്രസ് ജേക്കബ് - 1 )
ബിജെപി - 1
കേരള ജനപക്ഷം ( പി സി ജോർജ്ജ് ) - 1
( മരിച്ച കുട്ടനാട്, കോങ്ങാട്, ചവറ, തിരുവല്ല എംഎൽഎമാരേയും കൂട്ടിയുള്ള കണക്കാണ് )
- 2021 kerala election results
- Asianet News KPL
- Asianet News Kerala Political League
- Asianet News Vote Race
- candidates in kerala election 2021
- election 2021
- election in kerala 2021
- election news kerala 2021
- election results 2021
- election results 2021 kerala
- election results kerala 2021 live
- kerala assembly election 2021 candidates list
- kerala assembly election 2021 date
- kerala assembly election 2021 opinion poll
- kerala assembly election 2021 results
- kerala assembly election 2021 survey
- kerala election 2021 candidates
- kerala election date 2021
- kerala election survey 2021
- kerala legislative assembly election 2021