തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാർത്ഥിയില്ലെങ്കിൽ വോട്ട് ആർക്ക്?; കെ സുരേന്ദ്രൻ പറയുന്നു
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ പ്രത്യേക സാഹചര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി വിനു വി. ജോൺ നടത്തിയ അഭിമുഖത്തിലേക്ക്...
നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും കോന്നിയിലും സ്ഥാനാർത്ഥിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുമ്പെങ്ങുമില്ലാത്ത പ്രചാരണ ആവേശത്തിലാണ് മൂന്ന് മുന്നണികളും. ഒരിടവേളയ്ക്ക് ശേഷം ശബരിമലയും ചർച്ചയാവുകയാണ്. മൂന്ന് മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിന്റെ പ്രതിസന്ധിയിലാണ് ബിജെപിയും എൻഡിഎയും. തെരഞ്ഞെടുപ്പിലെ എൻഎസ്എസ് നിലപാടും ശ്രദ്ധേയമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ പ്രത്യേക സാഹചര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി വിനു വി. ജോൺ നടത്തിയ അഭിമുഖത്തിലേക്ക്...
കോന്നിയിൽ സുരേന്ദ്രൻ മത്സരിക്കുന്നതോടു കൂടി ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തേയും ശേഷമുള്ള സമയത്തേയും പോലെ ശബരിമല വികാരം കത്തിപ്പടരുമോ?
ശബരിമല വികാരം അത്ര എളുപ്പത്തിൽ അണയുന്ന വികാരമല്ല. ഇപ്പോ വീണ്ടും മുഖ്യമന്ത്രിയും കാനം രാജേന്ദ്രനുമെല്ലാം ശബരിമല വിഷയത്തിൽ അവരുടെ ഉള്ളിലിരിപ്പ് വ്യക്തമാക്കിയതോടെ ആ വിഷയം സജീവമായി നിൽക്കുകയാണ്. ശബരിമലയിൽ സിപിഎമ്മിന്റെ ഉള്ളിലിരിപ്പ് വളരെ വളരെ വ്യക്തമാണെന്ന് വീണ്ടും ബോധ്യമാവുകയാണ്. മുഖ്യമന്ത്രിക്ക് വ്യക്തമാക്കാവുന്നതാണ്, ഞങ്ങൾ നിലപാട് മാറ്റിയിരിക്കുന്നു, സത്യവാങ്മൂലം മാറ്റിക്കൊടുക്കാൻ തയ്യാറാണ്.. ഈ രണ്ട് കാര്യം പറഞ്ഞാൽ വ്യക്തത വരുന്നതാണല്ലോ... ആ വ്യക്തത വരുത്താൻ മുഖ്യമന്ത്രി തയ്യാറാകാത്തത്, അന്നെടുത്ത നിലപാട് ശരിയാണ് എന്ന ദുരഭിമാന ബോധം തന്നെയാണ് അവരെ നയിക്കുന്നത് എന്നതുകൊണ്ടാണ്.
എൻഎസ്എസ് അടക്കമുള്ള സംഘടനകളുടെ നിലപാട് യുഡിഎഫിന് അനുകൂലമാണെന്നാണ് അവരുടെ പ്രതികരണങ്ങളിലൂടെ തോന്നുന്നത്...?
എല്ലാ മണ്ഡലങ്ങളിലും അവർ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് തോന്നുന്നില്ല. നേമം മണ്ഡലം ഉദാഹരണമായി എടുത്താൽ, എൽഡിഎഫിനെ തോൽപ്പിച്ച് നിയമസഭയിൽ വരാൻ കഴിയുന്നത് ബിജെപിക്കാണ്. കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തിൽ കോൺഗ്രസുകാരെ സഹായിച്ചിട്ട് വല്ല കാര്യവുമുണ്ടോ....
തലശ്ശേരി , ഗുരുവായൂർ, ദേവികുളത്ത് എൻഡിഎ എന്നിങ്ങനെ മൂന്ന് മണ്ഡലങ്ങളിൽ നിങ്ങൾക്ക് സ്ഥാനാർത്ഥികളില്ല....?
വളരെ വിവേചനപരമായിട്ടാണ് ഇങ്ങനെയൊരു സംഭവം നടന്നിരിക്കുന്നത്. സാധാരണഗതിയിൽ നോമിനേഷനിൽ ഒരു അപാകതയുണ്ടെങ്കിൽ സ്ഥാനാർത്ഥിക്ക്. അത് പരിശോധിച്ച് നോട്ടീസ് നൽകണം. കുറവുകളുണ്ടെങ്കിൽ അത് അറിയിക്കണമായിരുന്നു. അങ്ങനെ സംഭവിച്ചിട്ടില്ല.
അന്തർധാരയാണെന്നും മനപ്പൂർവ്വം പത്രിക തള്ളിച്ചതാണെന്നും പറയുന്നു?
കോൺഗ്രസും സിപിഎമ്മും അന്തർധാര ആരോപിക്കുന്നുണ്ട്. അവർ പരസ്പരം ഉന്നയിക്കുമ്പോൾ തന്നെ അത് ഇല്ലെന്ന് ജനങ്ങൾക്ക് വ്യക്തമാണല്ലോ. ഒരു അന്തർധാരയുമില്ല.
തലശ്ശേരിയിൽ അമിത്ഷാ പ്രചാരണത്തിന് വരാനിരുന്നതാണ്. ഇപ്പോൾ അവിടെ താമര ചിഹ്നത്തിൽ സ്ഥാനാർത്ഥിയില്ല....?
തീർച്ചയായും അതൊരു പോരായ്മ തന്നെയാണ്. ആ പോരായ്മ എങ്ങനെ സംഭവിച്ചു എന്ന കാര്യം ഞങ്ങൾ പരിശോധിക്കും.
തലശ്ശേരിയിലും ഗുരുവായൂരിലും സ്ഥാനാർത്ഥിയില്ലെങ്കിൽ ആർക്ക് വോട്ട് ചെയ്യും?
തലശ്ശേരിയിലേയും ഗുരുവായൂരിലേയും എൻഡിഎ വോട്ട് കണ്ട് രണ്ട് മുന്നണികളും മനപ്പായസം ഉണ്ണരുതെന്നാണ് ആദ്യം പറയാനുള്ളത്. കോടതി വിധി വന്നതിന് ശേഷം ഒരു തരത്തിലും സാധ്യമാകുന്നില്ലെങ്കിൽ ഞങ്ങളെ പിന്തുണയ്ക്കുന്ന വോട്ടർമാരുടെ കാര്യത്തിൽ ആലോചിച്ച് തീരുമാനിച്ച് സന്ദേശം കൈമാറും.
രണ്ട് മണ്ഡലത്തിൽ ഹെലികോപ്ടറിൽ പറന്ന് പ്രചാരണം നടത്തുന്ന കെ സുരേന്ദ്രനെ ട്രോളുന്നുണ്ട് മറ്റ് രണ്ട് മുന്നണികളും...?
ഞാൻ ഉപയോഗിക്കുന്ന ഹെലികോപ്ടർ സർക്കാർ ചെലവിലല്ല. ഞാൻ ഇതിനു മുമ്പ് ഉപയോഗിച്ചിട്ടുണ്ടോ?, ഹെലികോപ്ടറിൽ കേറാൻ ആർത്തി പിടിച്ചിട്ടാണോ... പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ നിർദേശം വന്നും അനുസരിക്കേണ്ടി വരുന്നു എന്നതേ ഉള്ളൂ...
ഒരുപാട് നേതാക്കൾ ബിജെപിയിലേക്ക് വരുന്നുണ്ട്. കോൺഗ്രസിന്റെ പല നേതാക്കളും വന്നു, പലരും വരാൻ കാത്തിരിക്കുന്നു എന്നും പറയുന്നു?
ഏപ്രിൽ ആറ് കഴിഞ്ഞ് മെയ് രണ്ട് വരുമ്പോ കാര്യങ്ങൾ എങ്ങനെ പോകുന്നു എന്നതനുസരിച്ചാണ് കൂടുതൽ ആളുകൾ വരിക. ഏത് മുന്നണി തോറ്റാലും ബിജെപിയിലേക്ക് ആള് വരുമെന്ന കാര്യത്തിൽ സംശയമില്ല.
രണ്ട് മണ്ഡലത്തിൽ മത്സരിക്കുന്നുവെന്ന ലിസ്റ്റ് വന്ന സാഹചര്യത്തിൽ ശോഭ സുരേന്ദ്രൻ പറഞ്ഞത് ഒരു ബിജെപി നേതാവിനും ലഭിക്കാത്ത അപൂർവ്വ ഭാഗ്യമാണ് എന്നാണ്?
അവരെന്തെങ്കിലും മോശമായി പറഞ്ഞതായി ഞാൻ ഇപ്പോഴും കരുതുന്നില്ല.
അപരന്മാരാണ് മറ്റൊരു പ്രശ്നം. കഴിഞ്ഞ തവണയും സുരേന്ദ്രന് അപര ശല്യമുണ്ടായിരുന്നു...?
വരണാധികാരിമാരുടെ ഇടപെടലുകൾ ഓരോ സമയത്തും ഓരോ രീതിയിലാണ്. മഞ്ചേശ്വരത്ത് എന്റെ അപരന്റെ സ്ഥാനാർത്ഥിത്വം സൂക്ഷ്മപരിശോധനയിൽ തള്ളി. ഒരു മണിക്കൂർ കഴിഞ്ഞ് രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി അദ്ദേഹത്തിന്റെ നാമനിർദേശ പത്രിക വീണ്ടും സ്വീകരിച്ചു. ഇന്ത്യയുടെ ചരിത്രത്തിലില്ലാത്തതാണത്. ഇത്തവണ ഞങ്ങൾ കാലേക്കൂട്ടി തന്നെ അപരൻ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്.
കഴിഞ്ഞ തവണ വ്യാജ വോട്ടർമാരുടെ ശല്യമുണ്ടായി?
ഞാൻ അന്ന് പറഞ്ഞപ്പോൾ എന്നെ പിന്തുണയ്ക്കാൻ ആരുമുണ്ടായിരുന്നില്ല. പത്ത് ലക്ഷത്തിലധികം വോട്ടർമാർ അനധികൃതമായി വോട്ടർപട്ടികയിൽ കടന്നുകൂടിയിട്ടുണ്ട്. ശരിയായി പരിശോധിച്ച്അവരെ നീക്കം ചെയ്യേണ്ടതാണ്.