വിഎസ് അല്ല, യുദ്ധത്തില്‍ ഒരു ഭാഗത്ത് പിണറായി തന്നെയാണ് !
ചരിത്രത്തിലില്ലാത്ത രീതിയിൽ വിഭാഗീയതയുണ്ടായിട്ടും വിഎസിനെ ആർക്കും ഒന്നും ചെയ്യാനാകാതിരുന്നതിന് കാരണം ജനപിന്തുണ ഒന്നു മാത്രമായിരുന്നു. പക്ഷേ, കാര്യങ്ങൾ ഇപ്പോൾ പിണറായിയുടെ കോർട്ടിലാണ്. 2019-ലെ കേരള രാഷ്ട്രീയം, പ്രത്യേകിച്ചും ഇടതുപക്ഷ രാഷ്ട്രീയം പിണറായി വിജയനെന്ന സിപിഎം നേതാവിനെ കേന്ദ്രീകരിച്ചാണ്.
സിപിഎം ഒരു വ്യക്ത്യാധിഷ്ഠിത പാർട്ടി അല്ല. ഒരു വ്യക്തിയുടെ നയങ്ങളും രീതികളും ശൈലികളും ഒന്നും സിപിഎമ്മിന്റെ പ്രചാരണപ്രവർത്തനങ്ങളെ അത്ര കണ്ട് സ്വാധീനിക്കേണ്ട കാര്യവുമില്ല. പക്ഷേ പലതരം രാഷ്ട്രീയ കാരണങ്ങളാൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദനെ കേന്ദ്രീകരിച്ചായിരുന്നു സംസ്ഥാനത്തെ സിപിഎം രാഷ്ട്രീയം കറങ്ങിയിരുന്നത്. ൾ കഴിഞ്ഞാൽ ഏറ്റവും ജനപിന്തുണയുള്ളയാൾ വിഎസായിരുന്നു. നായനാരുടെ കാലശേഷം പാർട്ടിയിലെ ക്രൗഡ്‌പുള്ളർ എന്ന വിശേഷണം അക്ഷരാർത്ഥത്തിൽ ഏറ്റെടുത്ത വിഎസ്, പാർട്ടിയെയും മുന്നണിയെയും നയിച്ചു. ജയവും തോൽവിയുമൊക്കെ ഉണ്ടായി. 2006 ൽ വിഎസ് മുഖ്യമന്ത്രിയായി. 2011 ൽ ഭരണം നഷ്ടപ്പെട്ടെങ്കിലും വെറും നാല് സീറ്റിന്റെ കുറവ് മാത്രമാണുണ്ടായത്. ഈ കാലത്തൊക്കെ വിഎസായിരുന്നു സ്റ്റാർ ക്യാപയിനർ.
ചരിത്രത്തിലില്ലാത്ത രീതിയിൽ വിഭാഗീയതയുണ്ടായിട്ടും വിഎസിനെ ആർക്കും ഒന്നും ചെയ്യാനാകാതിരുന്നതിന് കാരണം ജനപിന്തുണ ഒന്നു മാത്രമായിരുന്നു. പാർട്ടിക്കകത്തു വിഎസിന്റെ കടുത്ത എതിരാളികളായിരുന്നവർ അദ്ദേഹത്തിന്റെ പോസ്റ്റർ അടിച്ചു വോട്ട് പിടിച്ചത് പോയ തെരഞ്ഞെടുപ്പ് കാലങ്ങളിലെ കൗതുക കാഴ്ചകളായിരുന്നു. വിഎസിന്റെ പൊതുയോഗത്തിലെ ആൾക്കൂട്ടം കണ്ട് ജയപരാജയങ്ങൾ വിലയിരുത്തുന്ന രീതിയും അടുത്ത കാലം വരെയുണ്ടായിരുന്നു.
നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ വിഎസ് ആദ്യം പോകാതിരുന്നതും, പിന്നീട് പോയതും, പോളിംഗ് ദിവസം ടിപിയുടെ വീട്ടിൽ പോയി കെകെ രമയെ ആശ്വസിപ്പിച്ചതുമെല്ലാം കേരള രാഷ്ട്രീയം വലിയ രീതിയിൽ ചർച്ച ചെയ്തതാണ്. പക്ഷെ കാര്യങ്ങൾ ഇപ്പോൾ പിണറായിയുടെ കോർട്ടിലാണ്. 2019-ലെ കേരള രാഷ്ട്രീയം, പ്രത്യേകിച്ചും ഇടതുപക്ഷ രാഷ്ട്രീയം പിണറായി വിജയനെന്ന സിപിഎം നേതാവിനെ കേന്ദ്രീകരിച്ചാണ്.
വിഎസിന്റെ പരമ്പരാഗത ശൈലിയിൽ നിന്ന് പിണറായിയുടെ പ്രായോഗിക രാഷ്ട്രീയ ശൈലിയിലേക്കുള്ള ചുവടുമാറ്റത്തിന്റെ പരീക്ഷണം കൂടിയായിരിക്കും ഇനി കേരളം കാണാൻ പോകുന്നത്. 2016ൽ പാർട്ടിക്ക് മുന്നിൽ ഒറ്റ ചോയ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളു, പിണറായി മാത്രം. ഫിദൽ കാസ്‌ട്രോയെ പോലെയാണ് വിഎസ് എന്ന് സീതാറാം യെച്ചൂരിയെ കൊണ്ട് തന്നെ പറയിച്ച് അധികാരത്തിന്റെ ചെങ്കോൽ പിണറായി ഏറ്റെടുത്തു.
കഴിഞ്ഞ രണ്ടര വർഷക്കാലത്തെ എല്ലാ സംഭവങ്ങളിലും പിണറായി ഒരു വശത്തുണ്ട്. അത് പൊതുസമൂഹം വിലയിരുത്തുന്ന നന്മയായോ തിന്മയായോ ഉണ്ട്. മുടങ്ങി കിടന്ന ഗെയിൽ പദ്ധതിയിൽ തുടങ്ങി, ദേശീയപാത സ്ഥലമെടുപ്പിലൂടെ പുതിയൊരു വികസന സന്ദേശവുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് മഹാപ്രളയം ഉണ്ടായത്. പതുക്കെ പിണറായി ഒരു സ്റ്റേറ്റ്സ്മാൻഷിപ്പിലേക്കുയർന്നു. പ്രളയം, അതിജീവനം, നവകേരളം, സാലറി ചലഞ്ച്, വിദേശസഹായം വാർത്തകളിൽ എപ്പോഴും പിണറായി നിറഞ്ഞു നിന്നു.
അതിനിടയ്ക്കാണ് സുപ്രീംകോടതി വിധിയുടെ വരവ്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ശബരിമലയിൽ കയറാം. ഇതാണ് ശരിയെന്നു പിണറായി പറഞ്ഞു. തെറ്റെന്നു പ്രതിപക്ഷവും ബിജെപിയും. തെരഞ്ഞെടുപ്പ് പടിവാതിലിലെത്തിയിട്ടും കലാപം കെട്ടടങ്ങിയിട്ടില്ല. പിണറായിക്കെതിരെ വജ്രായുധം തന്നെ പ്രയോഗിക്കണമെന്നും, ചെത്തുകാരന്റെ മകൻ ആ പണിക്കു പോകണമെന്നും അഭിപ്രായങ്ങൾ വരുമ്പോൾ ഉറപ്പിക്കാം, യുദ്ധത്തിന്റെ ഒരു ഭാഗത്തു പിണറായി തന്നെയാണ്.
വിഎസിൽ നിന്ന് ഏറ്റെടുത്ത കിരീടം സംരക്ഷിക്കാൻ പിണറായിക്കു കഴിയുമോ എന്നതായിരിക്കും ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചോദ്യം. പാർട്ടിയും മുന്നണിയും സർക്കാരും ഒറ്റക്കെട്ടായി പിണറായിക്കു പിന്നിലുണ്ട്. നിലവിലെ കണക്കുകൾ ഇടതുപക്ഷത്തിന് ആശ്വാസകരവുമാണ്. പക്ഷേ ശബരിമല കൊച്ചു കേരളത്തിൽ ഉണ്ടാക്കിയ സുനാമി എത്രമാത്രം വിഭാഗീയത ഉണ്ടാക്കിയെന്ന് ആർക്കും പ്രവചിക്കാനാകുന്നില്ല.
അതെ, മഹായുദ്ധത്തിന്റെ ശംഖൊലികൾ കേട്ട് തുടങ്ങുന്നു. ഇനി നേർക്കുനേർ യുദ്ധമാണ്. ഒരു വശത്തു പിണറായി നേരിട്ട് പട നയിക്കും. ബിജെപിയും ആചാരസംരക്ഷകരും ഒരു വശത്തുണ്ടാകും, കോൺഗ്രസ് നയിക്കുന്ന പട മറ്റൊരു വശത്തും.