Thrikkakara by election : ഇടത് സ്ഥാനാർത്ഥിക്കെതിരായ വ്യാജ വീഡിയോക്ക് പിന്നിലാര്? പ്രചാരണം കൊഴുക്കുന്നു
വ്യാജ വീഡിയോ പ്രചാരണം യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയെന്ന് ഇടത് മുന്നണി, പാർട്ടിക്കോ മുന്നണിക്കോ ബന്ധമില്ലെന്ന് വി.ഡി.സതീശൻ
തൃക്കാക്കര: വോട്ടെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിക്കെതിരായ വ്യാജ വീഡിയോയെ ചൊല്ലി വിവാദം കൊഴുക്കുകയാണ്. രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായതോടെ നേതൃത്വത്തിന്റെ അറിവോടെയുള്ള പ്രചാരണമെന്ന ആരോപണം ശക്തമാക്കിയിരിക്കുകയാണ് സിപിഎം. അതേസമയം ആദ്യം ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തവരെ കണ്ടെത്തിയാൽ വാദി പ്രതിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശൻ പറയുന്നു.
വ്യാജപ്രൊഫൈലുകള്‍ വഴിയാണ് പ്രതികള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈലുകള്‍
നിരീക്ഷിച്ചാണ് പൊലീസ് രണ്ടുപേരെ തിരിച്ചരിഞ്ഞത്. അറസ്റ്റിലായ ശിവദാസനും ഷുക്കൂറും യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍മണ്ഡലം ഭാരവാഹികളാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇതോടെ, തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്, അനുകൂല സാഹചര്യമൊരുക്കാനുള്ള നീക്കം ഇടതുമുന്നണി സജീവമാക്കിയിട്ടുണ്ട്. ഇടത് പ്രൊഫൈലുകളൊന്നാകെ സ്ഥാനാര്‍ഥിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ പങ്കുവച്ചാണ് പിന്തുണ അറിയിക്കുന്നത്. മണ്ഡലത്തില്‍ ജോ ജോസഫിന്റെ കുടുംബ ഫോട്ടോ വച്ചും ഇടതുമുന്നണി പ്രചാരണം തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്തെ നെറികേടുകള്‍ക്കെതിരെ പ്രതികരിക്കണമെന്ന് വോട്ടര്‍മാരോടുള്ള അഭ്യര്‍ത്ഥനയും ഇടത് കേന്ദ്രങ്ങൾ മുന്നോട്ടുവയ്ക്കുന്നു.
എന്നാല്‍ വ്യാജ വീഡിയോ പ്രചരിക്കുന്നതില്‍ പാര്‍ട്ടിക്കോ മുന്നണിക്കോ യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുകയാണ് യുഡിഎഫ്. ചവറയിൽ നിന്ന് പിടികൂടിയ ആള്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
വീഡിയോ പ്രചാരണത്തെ യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർത്ഥികൾ തള്ളിക്കളഞ്ഞിരുന്നു. നടിയുടെ പരാതിയും ജോർജിൻറെ അറസ്റ്റും നേരിടാൻ സ്ഥാനാർത്ഥിക്കെതിരായ വ്യക്തിഹത്യയിൽ ഊന്നിയുള്ള പ്രചാരണവുമായി മുന്നോട്ടുപോകുകയാണ് എൽഡിഎഫ്. അതേസമയം അതിജീവിതയെ അപമാനിച്ചത് സിപിഎമ്മാണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് വൈകാരിക നീക്കങ്ങൾക്കാണ് സിപിഎം ശ്രമമെന്നും കോൺഗ്രസ് തിരിച്ചടിക്കുന്നു..