'അയ്യപ്പനും ദൈവഗണങ്ങളും സര്‍ക്കാരിനൊപ്പം'; പിണറായിയുടെ പരാമർശത്തിനെതിരെ ചട്ടലംഘന പരാതിയുമായി കോൺഗ്രസ്
"അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ് " എന്ന തെരെഞ്ഞെടുപ്പ് ദിനത്തിലെ പരാമർശത്തിന് എതിരെയാണ് പരാതി.
കണ്ണൂർ: നിയമസഭാ തെരെഞ്ഞെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പരാമർശത്തിൽ നടപടി ആവിശ്യപ്പെട്ട് കണ്ണൂരിലെ യുഡിഫ് സ്‌ഥാനാർത്ഥി സതീശൻ പാച്ചേനി മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.
"അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ് " എന്ന തെരെഞ്ഞെടുപ്പ് ദിനത്തിലെ പരാമർശത്തിന് എതിരെയാണ് സതീശൻ പാച്ചേനി പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ഈ പരാമർശം തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്നമായ ചട്ടലംഘനം ആണെന്ന് പാച്ചേനി പരാതിയില്‍ പറയുന്നു.
വോട്ടു നേടാനായി ജാതി മത വികാരങ്ങൾ ഉണർത്തുന്ന താരത്തിലുള്ള അഭ്യർത്ഥനകളോ, പരാമര്‍ശങ്ങളോ പാടില്ലെന്നാണ് തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ നിഷ്കർഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന സി ഡി യും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്.