'ചടയമംഗലം ലീഗിന് കൊടുക്കരുത്, കുഞ്ഞാലിക്കുട്ടി മത്സരിച്ചാലും തോൽക്കും'; എതിർപ്പുമായി യൂത്ത് കോൺഗ്രസ്
കുഞ്ഞാലിക്കുട്ടി മൽസരിച്ചാലും ചടയമംഗലത്ത് ലീഗ് ജയിക്കില്ലെന്ന് യൂത്ത് കോൺഗ്രസിൻ്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രയാർ ഗോപാലകൃഷ്ണനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നവ മാധ്യമങ്ങളിൽ പ്രചാരണവും തുടങ്ങി.
കൊല്ലം: ചടയമംഗലം സീറ്റ് മുസ്ലീം ലീഗിന് വച്ചുമാറാനുള്ള കോൺഗ്രസ് തീരുമാനത്തിൽ എതിർപ്പുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. സീറ്റ് കൈമാറാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കി. കുഞ്ഞാലിക്കുട്ടി മൽസരിച്ചാലും ചടയമംഗലത്ത് ലീഗ് ജയിക്കില്ലെന്ന് യൂത്ത് കോൺഗ്രസിൻ്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രയാർ ഗോപാലകൃഷ്ണനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നവ മാധ്യമങ്ങളിൽ പ്രചാരണവും തുടങ്ങി.
പുനലൂരും ചടയമംഗലവും വച്ചുമാറാൻ ഇന്ന് മുസ്ലീം ലീഗ്- കോൺഗ്രസ് ചർച്ചയിൽ തീരുമാനമാകുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയും കുന്ദമംഗലവും തമ്മിൽ വച്ചുമാറാനും ധാരണയായിട്ടുണ്ട്. നടൻ ധർമ്മജനെ പരിഗണിക്കുന്ന മണ്ഡലമാണ് കോൺഗ്രസിന് ലീഗ് വിട്ടുനൽകുന്ന ബാലുശ്ശേരി.
മുസ്ലീം ലീഗിന് 3 സീറ്റ് അധികം നൽകാനും ധാരണയായിരുന്നു. ഇതോടെ ആകെ 27 സീറ്റിൽ ലീഗ് മത്സരിക്കും. ബേപ്പൂർ, കൂത്ത് പറമ്പ്, ചേലക്കര എന്നിവയാണ് ലീഗിന് പുതിയതായി ലഭിച്ച സീറ്റുകൾ. പുതിയ 7 സീറ്റുകളാണ് ലീഗ് ചോദിച്ചത്. പുതിയതായി ലഭിച്ച ചേലക്കര സംവരണമണ്ഡലമായതിനാൽ ലീഗിന് പ്രാദേശീകമായി സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വരും. പൊതുസമ്മതരേയും പരിഗണിച്ചേക്കും. ബേപ്പൂർ മുമ്പ് ലീഗ് മൽസരിച്ച മണ്ഡലമാണ്. ഇവിടെയാണ് വിവാദമായ കോലിബി പരീക്ഷണം നടന്നത്. കൂത്ത്പറമ്പായി മാറിയ പഴയ പാനൂരും ലീഗിന്റെ സീറ്റായിരുന്നു.