പാലക്കാട്ട് ഓഫീസ് തുറന്നെന്ന് ശ്രീധരൻ, റെയിൽ പ്രൊജക്ട് നടത്താനാവുമെന്ന് വി.കെ.ശ്രീകണ്ഠൻ
തെരഞ്ഞെടുപ്പിനിടെ വിമതനീക്കം നടത്തിയ എ.വി.ഗോപിനാഥിനെതിരെ രൂക്ഷവിമർശനമാണ് ശ്രീകണ്ഠൻ നടത്തിയത്. യുഡിഎഫിൻ്റെ പോരാട്ടത്തെ ചിലർ ദുർബലപ്പെടുത്തി. ചില ആളുകൾ ഗൂഢാലോചന നടത്തി.
പാലക്കാട്: ഇ.ശ്രീധരനെ പരിഹസിച്ച് പാലക്കാട് എംപിയും ഡിസിസി അധ്യക്ഷനുമായ വി.കെ.ശ്രീകണ്ഠൻ. പാലക്കാട്ട് നഗരത്തിൽ എംഎൽഎ ഓഫീസ് തുറക്കാൻ പോകുന്നുവെന്ന ഇ.ശ്രീധരൻ്റെ പ്രസ്താവനയെ പരിഹസിച്ച് പാലക്കാട് ഡിസിസി പ്രസിഡൻ്റ ഇ.ശ്രീധരൻ. ശ്രീധരൻ പാലക്കാട്ട് ഓഫീസ് തുറന്നത് റെയിൽവേയുടെ പ്രൊജക്ട് വരുന്നതിനാലാണെന്നും പാലക്കാട്ട് എംഎൽഎ ഓഫീസ് ഷാഫി പറമ്പിലിൻ്റേത് മാത്രമായിരിക്കുമെന്നും വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പിനിടെ വിമതനീക്കം നടത്തിയ എ.വി.ഗോപിനാഥിനെതിരെ രൂക്ഷവിമർശനമാണ് ശ്രീകണ്ഠൻ നടത്തിയത്. യുഡിഎഫിൻ്റെ പോരാട്ടത്തെ ചിലർ ദുർബലപ്പെടുത്തി. ചില ആളുകൾ ഗൂഢാലോചന നടത്തി. ഏതെങ്കിലും ഒരാൾ വിളിച്ചു കൂവിയാൽ ഇവിടെ പ്രശ്നം ആണ് എന്നു വരുത്താൻ ഉള്ള ശ്രമം. കോൺഗ്രസിന് പുറത്തുള്ളവരുടെ ചട്ടുകമായി ചിലർ പ്രവർത്തിച്ചു. ഇവരുടെ ചരിത്രം നോക്കിയാൽ അറിയാം. എപ്പോഴാണ് നല്ല നിലയിൽ ഇവർ പ്രവർത്തിച്ചത്. നേതാക്കൾ കണ്ടത് ഒത്തുതീർപ്പിനായല്ല.
പുന:സംഘടന തീരുമാനിക്കുന്നത് ഹൈക്കമാൻഡായിരിക്കും. സ്ഥാനം കൊടുക്കാനും മറ്റാനും ചർച്ച നടന്നിട്ടില്ല. പാർട്ടിക്ക് വിഘാതമായി ചിലർ പ്രവർത്തിച്ചത് ജനം കണ്ടു. കോൺഗ്രസ്സിനെ വെല്ലുവിളച്ചതും ഇന്ധനം നിറച്ചതും ആരെന്ന് എല്ലാവർക്കും അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ട് വോട്ടുചോർച്ച ഉണ്ടായിട്ടില്ല. മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ്റെ വീട്ടിൽ അഭ്യർഥനയും സ്ലിപ്പും എത്താത്തത് പരിശോധിക്കുമെന്നും ശ്രീകണ്ഠൻ വ്യക്തമാക്കി.