സംവരണ സീറ്റുകളില്‍ യുഡിഎഫിനുണ്ടായത് കടുത്ത തിരിച്ചടി; 16 സീറ്റുകളിൽ ജയിച്ചത് രണ്ടിടത്ത് മാത്രം
സംസ്ഥാനത്ത് 14 പട്ടികജാതി സംവരണ സീറ്റുകളും രണ്ട് പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളുമാണുളളത്. ഇതില്‍ ഇക്കുറി യുഡിഎഫ് ജയിച്ചത് പട്ടികവര്‍ഗ്ഗ സീറ്റായ ബത്തേരിയില്‍ നിന്ന് ഐസി ബാലകൃഷ്ണനും പട്ടികജാതി സംവരണ സീറ്റായ വണ്ടൂരില്‍ നിന്ന് എ പി അനില്‍ കുമാറും മാത്രം.
കോഴിക്കോട്: സംവരണ സീറ്റുകളില്‍ ഇക്കുറി യുഡിഎഫിനുണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. ആകെയുളള 16 സംവരണ സീറ്റുകളിൽ രണ്ടിടത്ത് മാത്രമാണ് ജയം. സംവരണ മണ്ഡലങ്ങളെ നേതൃത്വം അവഗണിച്ചതാണ് വലിയ തിരിച്ചടിക്ക് കാരണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.
സംസ്ഥാനത്ത് 14 പട്ടികജാതി സംവരണ സീറ്റുകളും രണ്ട് പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളുമാണുളളത്. ഇതില്‍ ഇക്കുറി യുഡിഎഫ് ജയിച്ചത് പട്ടികവര്‍ഗ്ഗ സീറ്റായ ബത്തേരിയില്‍ നിന്ന് ഐസി ബാലകൃഷ്ണനും പട്ടികജാതി സംവരണ സീറ്റായ വണ്ടൂരില്‍ നിന്ന് എ പി അനില്‍ കുമാറും മാത്രം. 2011ല്‍ നാലു സംവരണ സീറ്റുകളില്‍ യുഡിഎഫ് ജയിച്ചിരുന്നു. പി കെ ജയലക്ഷ്മിയും വി പി സജീന്ദ്രനുമായിരുന്നു മറ്റ് രണ്ടു പേര്‍. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പായപ്പോള്‍ സീറ്റുകളുടെ എണ്ണം മൂന്നായി കുറഞ്ഞിരുന്നു. ഇക്കുറി ഇടത് തരംഗത്തിനപ്പുറം സംവരണ മണ്ഡലങ്ങളോട് പാര്‍ട്ടി നേതൃത്വം കാട്ടിയ അവഗണനയാണ് ഇത്രയും വലിയ തിരിച്ചടിക്ക് കാരണമെന്നാണ് ഈ വിഭാഗങ്ങളില്‍ നിന്നുളള പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.
പലയിടത്തും ചുരുങ്ങിയ വോട്ടുകള്‍ക്കായിരുന്നു തോല്‍വി. കുന്നത്തുനാട് വി പി സജീന്ദ്രന്‍ തോറ്റത് 2715 വോട്ടിന്. കൊല്ലം കുന്നത്തൂരില്‍ ആര്‍എസ്പിയിലെ ഉല്ലാസ് കോവൂര്‍ തോറ്റത് 2790 വോട്ടിന്. അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എം ജി കണ്ണന്‍ തോറ്റതാകട്ടെ 2962 വോട്ടിനും. ബാലുശേരിയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ ഏകപക്ഷീയമായി നിശ്ചയിച്ച പാര്‍ട്ടി നേതൃത്വം മണ്ഡലത്തിലേക്ക് പിന്നെ തിരിഞ്ഞുനോക്കിയില്ല.
കോങ്ങാട് അനുകൂല സാഹചര്യമുണ്ടായിരുന്നെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുളള കാര്യങ്ങളില്‍ പാളി. സ്വന്തം മണ്ഡലത്തിന്‍റെ ഭാഗമായ തരൂരിലെ പ്രചാരണത്തിന് എം പി രമ്യ ഹരിദാസ് എത്തിയതേയില്ല. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടി കടന്നുപോയിട്ടും നാട്ടികയില്‍ ഇറങ്ങാനോ പ്രവര്‍ത്തകരെ വാഹനം നിര്‍ത്തി അഭിവാദ്യം ചെയ്യാനോ തയ്യാറായില്ല. മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിനാവശ്യമായ പണം കോണ്‍ഗ്രസ് നേതൃത്വം എത്തിച്ചപ്പോള്‍ വൈക്കം പോലുളള മണ്ഡലങ്ങളില്‍ പ്രവര്‍ത്തകര്‍ വലിയ പ്രയാസത്തിലായിരുന്നെന്നും ഈ വിഭാഗങ്ങളില്‍ നിന്നുളള നേതാക്കള്‍ പറയുന്നു.
കെ കരുണാകരന് ശേഷം കോണ്‍ഗ്രസില്‍ സംവരണ വിഭാഗങ്ങള്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും കാര്യങ്ങള്‍ ഈ നിലയിലാണെങ്കില്‍ സംവരണ സീറ്റുകളില്‍ മല്‍സരിക്കാന്‍ പോലും ഭാവിയില്‍ ആളെ കിട്ടില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.