പാലായിലെ ബൂത്തുകളിൽ വെളിച്ചക്കുറവ്: യുഡിഎഫ് പരാതി നൽകി
യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ ചിഹ്നത്തിന് തെളിച്ചക്കുറവുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ നേരത്തെ യുഡിഎഫ് പരാതി ഉന്നയിച്ചിരുന്നു.
കോട്ടയം: പാലായില്‍ പല ബൂത്തുകളിലും വെളിച്ചക്കുറവ്. ഇതുമൂലം വോട്ടിംഗ് യന്ത്രങ്ങളിലെ പേരും ചിഹ്നവും വ്യക്തമായി കാണാൻ സാധിക്കുന്നില്ലെന്ന് പരാതി ഉയർന്നു. യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ ചിഹ്നത്തിന് തെളിച്ചക്കുറവുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ നേരത്തെ യുഡിഎഫ് പരാതി ഉന്നയിച്ചിരുന്നു. ബൂത്തുകളിലെ വെളിച്ചക്കുറവ് സംബന്ധിച്ച് പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിലും പലയിടത്തും പരിഹാരം ഉണ്ടായിട്ടില്ല. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് യുഡിഎഫ് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി.
കോട്ടയത്ത് കടുത്ത പോരാട്ടം നടന്ന പാലായിലും പൂഞ്ഞാറിലും ഇത്തവണ പോളിങ് കുറവായിരുന്നു. പാലായില്‍ 2016 നെ അപേക്ഷിച്ച് അഞ്ചുശതമാനം പോളിങ് കുറഞ്ഞു. പക്ഷേ ഉപതെരഞ്ഞെടുപ്പിനേക്കാള്‍ ഒരു ശതമാനത്തോളം പോളിങ് കൂടുകയും ചെയ്തു. പോളിങ് കുറഞ്ഞ മേഖലകളില്‍ ആരുടെ വോട്ടാണ് വീഴാത്തതെന്ന കണക്കെടുപ്പിലാണ് പാര്‍ട്ടികള്‍. 2019 ല്‍ മാണി സി കാപ്പൻ നേടിയ 2943 വോട്ടിന്‍റെ നേരിയ ഭൂരിപക്ഷം നോക്കുമ്പോള്‍ പാലായിലെ പോളിംഗ് ശതമാനം ഇടത് വലത് മുന്നണികള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുകയാണ്. കാപ്പന്‍റെ സ്വാധീന മേഖലകളായ ഭരണങ്ങാനം, മേലുകാവ്, മൂന്നിലവ്, തലപ്പലം എന്നിവിടങ്ങളില്‍ ഭേദപ്പെട്ട പോളിങ്ങായിരുന്നു.
അതേസമയം കേരളാ കോണ്‍ഗ്രസിന് മുൻതൂക്കമുള്ള പാലാ നഗരമേഖലയും, കൊഴുവനാലും മീനച്ചിലും ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പോളിങ് കൂടി. ബിജെപിക്ക് സ്വാധീനമുള്ള മുത്തോലിയില്‍ പോളിങ് കുറഞ്ഞത് അടിയൊഴുക്കുകളുടെ സൂചനയാണ്. ഉച്ചയ്ക്ക് ശേഷം പെയ്ത മഴയില്‍ മൂന്ന് മണിക്കൂറോളമാണ് പാലായിലെ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം നിശ്ചലമായത്. ഇത് ക്ഷീണം ചെയ്തെന്ന് കാപ്പൻ ക്യാമ്പ് പറയുന്നു.