പാലായിലെ തോല്‍വി; സിപിഎമ്മുമായി താഴെത്തട്ടിൽ യോജിക്കാനായില്ലെന്ന് മാണിഗ്രൂപ്പ്
പ്രാദേശികമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചോയെന്നാണ് സംശയമെന്ന് തോമസ് ചാഴികാടൻ എം പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത് ഇരുപാര്‍ട്ടികളും ഗൗരവമായി പരിശോധിക്കണം.
കോട്ടയം: സിപിഎമ്മുമായി താഴെത്തട്ടിൽ യോജിക്കാനാകാത്തതാണ് പാലായിലെ ജോസ് കെ മാണിയുടെ തോൽവിക്ക് കാരണമെന്ന് കേരളാ കോണ്‍ഗ്രസ്. പ്രാദേശികമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചോയെന്നാണ് സംശയമെന്ന് തോമസ് ചാഴിക്കാടൻ എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത് ഇരുപാര്‍ട്ടികളും ഗൗരവമായി പരിശോധിക്കണം. മാണി സി കാപ്പനുമായി ഇടത് പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് നല്ല ബന്ധമെന്നും തോമസ് ചാഴികാടൻ കൂട്ടിച്ചേര്‍ത്തു.
സിപിഎം വോട്ട് വ്യാപകമായി കാപ്പൻ ക്യാമ്പിലേക്ക് പോയെന്നാണ് കേരളാ കോൺഗ്രസ് വിലയിരുത്തൽ. പ്രാദേശികമായി ജോസ് കെ മാണിയെ ഉൾക്കൊള്ളാൻ സിപിഎം പ്രവർത്തകർക്കായില്ല. അടുത്തിടെ നടന്ന ഭിന്നത പ്രതിഫലിച്ചോയെന്ന് സംശയമുണ്ട്. ഏഴ് പഞ്ചായത്തുകളിൽ സ്വാധീനമുണ്ടായിട്ടും ബിജെപി ഭരിക്കുന്ന മുത്തോലിയിൽ മാത്രമാണ് ജോസിന് മുന്നിലെത്താനായത്. ഇക്കാര്യങ്ങളെല്ലാം ഇരുപാർട്ടികളും വിശദമായി പരിശോധിക്കണമെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗവും എംപിയുമായ തോമസ് ചാഴിക്കാടൻ ആവശ്യപ്പെടുന്നു.