'കോൺഗ്രസിനൊപ്പം ഭരണം സുരക്ഷിതമല്ല', കൂടുതൽ സീറ്റുകൾ നൽകില്ലെന്ന് ഡിഎംകെ
കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ഭരണം സുരക്ഷിതമല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ വീഴ്ച മുന്നറിയിപ്പാണെന്നുമാണ് ഡിഎംകെ പക്ഷം.
ചെന്നൈ: തമിഴ്നാട് നിയമസഭാ സീറ്റ് വിഭജന ചർച്ചകൾ ചെന്നൈയിൽ പുരോഗമിക്കുന്നതിനിടെ നിർണായക തീരുമാനവുമായി ഡിഎംകെ. കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാനാവില്ലെന്നാണ് ഡിഎംകെ നിലപാട്. കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ഭരണം സുരക്ഷിതമല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ വീഴ്ച മുന്നറിയിപ്പാണെന്നുമാണ് ഡിഎംകെ പക്ഷം. ഇത്തവണ ഭരണം കിട്ടുമെന്ന സർവേ ഫലങ്ങളടക്കം വരുന്നതിനിടെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പുവരുത്താനാണ് ഡിഎംകെ നീക്കം. അതിന്റെ ഭാഗമായി 178 സീറ്റിൽ ഡിഎംകെ സ്ഥാനാർത്ഥി പട്ടിക തയാറാക്കുകയാണ്. എഐസിസി അംഗങ്ങൾ വീണ്ടും ചർച്ചയ്ക്ക് എത്താനിരിക്കേയാണ് ഡിഎംകെ നീക്കം.
നേരത്തെ ബിഹാറടക്കമുള്ള സംസ്ഥാനങ്ങളിൽ ആർജെഡി സഖ്യം കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകിയെങ്കിലും വിജയിക്കാൻ സാധിച്ചിരുന്നില്ല. ബിഹാറിൽ ആർജെഡിക്ക് ഭരണം നഷ്ടമായതിന് ഒരു കാരണവും ഇതായിരുന്നു. ബിഹാറിന് പിന്നാലെ പുതുച്ചേരിയിലും തിരിച്ചടി നേരിട്ടതോടെയാണ് കോണ്‍ഗ്രസ് ബാധ്യതയായെന്ന വിലയിരുത്തലിലേക്ക് ഡിഎംകെ എത്തിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 സീറ്റാണ് സഖ്യത്തിൽ കോണ്‍ഗ്രസിന് നൽകിയത് എന്നാൽ പാർട്ടി വിജയിച്ചത് എട്ട് സീറ്റുകളില്‍ മാത്രം. ഇത്തവണ 21 സീറ്റില്‍ അധികം നല്‍കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് സ്റ്റാലിന്‍. കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ നല്‍കിയാല്‍ അധികാരത്തിലെത്താനുള്ള സാധ്യത മങ്ങുമെന്നാണ് ഡിഎംകെയ്ക്കുള്ളിലെ വിമര്‍ശനം. രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഉമ്മൻചാണ്ടി, ദിനേശ് ഗുണ്ടുറാവു, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ സ്റ്റാലിനുമായി ചര്‍ച്ച നടത്തിയെങ്കിലും ഡിഎംകെ വഴങ്ങിയില്ല.