'തൃശ്ശൂരിലെ വോട്ടർമാർ വിജയം തരും': ഹെലികോപ്ടറിലെത്തി സുരേഷ് ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു
ശബരിമല ഈ തിരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാണെന്നും ഇതേക്കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു
തൃശ്ശൂർ: തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു. തൃശൂരിൽ ഹെലികോപ്ടറിലെത്തിയ സുരേഷ് ഗോപി പുഴയ്ക്കലിൽ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് കളക്ടറേറ്റിലെത്തിയത്. തൃശൂരിൽ ശക്തമായ മത്സരസാധ്യതയുണ്ടെന്ന് ആവർത്തിച്ച സുരേഷ് ഗോപി എംപി തൃശ്ശൂരിലെ വോട്ടർമാർ തനിക്ക് വിജയം തരുമെന്നും പറഞ്ഞു.
മത്സര സാധ്യത എന്താണെന്ന് ബുദ്ധിയുള്ളവർക്ക് മനസിലാകും. ശബരിമല ഈ തിരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാണെന്നും ഇതേക്കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ മത്സരിക്കുന്നതിനെ പരാമർശിച്ചു കൊണ്ട് അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപുറമിറങ്ങിയെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈയിലെത്തുമെന്നും അതൊന്നും വൃത്തികെട്ട രാഷ്ട്രീയക്കാരുടെ കൈകളിലല്ല ഉണ്ടാവുകയെന്നും പറഞ്ഞ സുരേഷ് ഗോപി ശബരിമലയ്ക്കായി പാർലമെൻ്റിൽ നിയമനിർമ്മാണം നടത്തുമെന്നും അതിനായുള്ള പ്രവർത്തനങ്ങൾ ഇതിനോടകം കേന്ദ്രനേതാക്കൾ തുടങ്ങി കഴിഞ്ഞെന്നും വ്യക്തമാക്കി.