എൻഡിഎയിൽ സീറ്റ് വിഭജന ചർച്ച മറ്റന്നാൾ തുടങ്ങും; കൂടുതൽ സീറ്റുകൾ ബിജെപി ഏറ്റെടുക്കും
ബിജെപി മണ്ഡലം, ജില്ല തല സാധ്യതാ പട്ടിക അടുത്ത വ്യാഴാഴ്ചക്കകം നൽകാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം. വിജയ സാധ്യതയുണ്ടെന്ന് ബിജെപി കരുതുന്ന പതിനഞ്ച് എ പ്ലസ് മണ്ഡലങ്ങളുടെയെങ്കിലും കാര്യത്തിൽ കൂടുതൽ ധാരണയുണ്ടാക്കാൻ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്.
തിരുവനന്തപുരം: എൻഡിഎയിൽ സീറ്റ് വിഭജന ചർച്ച മറ്റന്നാൾ തുടങ്ങും. ബിഡിജെഎസ് അടക്കമുള്ള കക്ഷികളുമായി ബിജെപി ചർച്ച നടത്തും. കഴിഞ്ഞ തവണ 36 സീറ്റിലാണ് ബിഡിജെഎസ് മത്സരിച്ചത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ബിഡിജെഎസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 98 സീറ്റിൽ മത്സരിച്ച ബിജെപി ബിഡിജെഎസിൽ നിന്ന് കൂടുതൽ സീറ്റുകൾ ഏറ്റെടുക്കുമെന്നാണ് സൂചന.
രണ്ട് തവണ പൊട്ടിപ്പിളർന്ന ബിഡിജെഎസിനെ പണ്ടത്തേതു പോലെ കാര്യമായി പരിഗണിക്കേണ്ടെന്നാണ് ധാരണ. പി സി ജോർജിന്‍റെ പാർട്ടി എത്തുന്നത് കൂടി കണക്കാക്കിയാവും എൻഡിഎയിലെ സീറ്റ് വീതം വയ്പ്പ്.