ഇടതുമുന്നണി തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ശ്രമിക്കും, യുഡിഎഫ് പ്രവർത്തകർ ജാഗ്രത പാലിക്കണം: രമേശ് ചെന്നിത്തല

അഞ്ചു വര്‍ഷം കൊണ്ടു കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധി എഴുതിയെന്നും അദ്ദേഹം പറഞ്ഞു

Ramesh Chennithala asks UDF workers to be careful till may 2nd

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടർമാരിൽ കണ്ട ആവേശം യുഡിഎഫ് അധികാരത്തിലെത്തുമെന്നതിന്റെ സൂചനയാണ്. എന്നാൽ ഇടതുമുന്നണി ഇനിയും അട്ടിമറിക്ക് ശ്രമിക്കും. യുഡിഎഫ് പ്രവര്‍ത്തകര്‍ വരും ദിവസങ്ങളിലും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു വര്‍ഷം കൊണ്ടു കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ  ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധി എഴുതിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടുവന്ന അഴിമതികള്‍ ഇടതുപക്ഷത്തിന്റെ തനിനിറം ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു.  അന്താരാഷ്ട്ര പിആര്‍ എജന്‍സികളുടെ സഹായത്തോടെ നടത്തിയ പ്രചാരണ കോലാഹലങ്ങളൊന്നും ഇടതു മുന്നണിയ്ക്ക് രക്ഷയായില്ല. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ടി മെതിച്ച സര്‍ക്കാര്‍ ഈ തെരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കിയതെന്നും അത് ഭക്തര്‍ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

പരാജയ ഭീതി പൂണ്ട ഇടതു മുന്നണി സംസ്ഥാനത്ത് പലേ ഭാഗത്തും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം വിടരുത്. വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതിന് വോട്ടർ പട്ടികയില്‍ സിപിഎമ്മും ഇടതു മുന്നണിയും നടത്തിയ കൃത്രിമം യുഡിഎഫ് പിടികൂടുകയും വോട്ടെടുപ്പ് ദിനത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കുകയും ചെയ്തതിനാല്‍ കള്ളവോട്ട് വലിയ തോതില്‍ തടയുന്നതിന് സാധിച്ചു.

തളിപ്പറമ്പ് ഉള്‍പ്പടെ പല സ്ഥലത്തും കള്ളവോട്ട് നടന്നതായി പരാതിയുണ്ട്. മറ്റു മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നിട്ടുണ്ടോ എന്ന് സൂക്ഷ്മമായ പരിശോധന വരും ദിവസങ്ങളില്‍ യുഡിഎഫ് നടത്തും. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്ത എല്ലാ വിഭാഗം ജനങ്ങള്‍ക്കും രമേശ് ചെന്നിത്തല നന്ദി രേഖപ്പെടുത്തി.

Latest Videos
Follow Us:
Download App:
  • android
  • ios