കേരളത്തിന്റെ ക്യാപ്റ്റൻ: പിണറായിക്കിത് ചരിത്ര വിജയം
ഉറച്ചവാക്കും നിശ്ചയദാര്‍ഢ്യവുമായിരുന്നു പിണറായി വിജയന്റെ ഉൾക്കരുത്ത്. പാര്‍ട്ടിയും സര്‍ക്കാരും ഇത്രമേൽ പരസ്പര പൂരകമായി പ്രവര്‍ത്തിച്ച ഇടത് ഭരണം ഇതിന് മുമ്പ് ഒരു പക്ഷേ കേരളം കണ്ടിട്ടുണ്ടാകില്ല.
തിരുവനന്തപുരം: വിവാദങ്ങളുടെ കൊടുങ്കാറ്റും പ്രകൃതി ദുരന്തങ്ങളും ഒപ്പം കൊവിഡ് എന്ന മഹാമാരിയും. സമാനതകളില്ലാത്ത അനുഭവസാക്ഷ്യങ്ങളിലൂടെ കേരളം കടന്ന് പോയ അഞ്ച് വര്‍ഷം. ജനവിധിക്ക് മുന്നിൽ വന്ന് നിന്ന സര്‍ക്കാരിനും നായകൻ പിണറായി വിജയനും മുന്നിൽ ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങൾ. പ്രതിസന്ധികളെ എല്ലാം അതിജീവിക്കാമെന്ന ആത്മവിശ്വാസം മാത്രമായിരുന്നു പിണറായി വിജയന്‍റെ കൈമുതൽ. പ്രതിബന്ധങ്ങളെല്ലാം പര്‍വ്വതം കണക്കെ മുന്നിൽ വന്ന് നിന്നിട്ടും അതുക്കും മേലെ വിജയമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ പിണറായി അങ്ങനെ ഒടുവിൽ ഫലം വന്നപ്പോൾ കേരളത്തിന്‍റെ ക്യാപ്റ്റനായി.
കേരളത്തിന്റെ പാരിസ്ഥിതിക സാമൂഹിക അന്തരീക്ഷം മാത്രമായിരുന്നില്ല, ദേശീയ രാഷ്ട്രീയത്തിന്റെ കുരുക്കിട്ടുമുറുക്കലും അതിജീവിച്ചാണ് പിണറായി വിജയൻ വെന്നിക്കൊടി പാറിക്കുന്നത്. സ്വര്‍ണ്ണക്കടത്തും ഡോളര്‍കടത്തുമായി വിശ്വസ്ഥരെ ആകെ കേന്ദ്ര അന്വേഷണ ഏജൻസികൾ വരിഞ്ഞു കെട്ടിയപ്പോഴും പിണറായി വിജയൻ എന്ന മുഖ്യമന്ത്രി പരുങ്ങിയില്ല. പൂര്‍വ്വാധികം ശക്തിയോടെ നിലപാട് ആവര്‍ത്തിച്ചു. ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടി എക്കാലത്തേയും വിശ്വസ്ഥനായ എം ശിവശങ്കറിനെ പോലും തള്ളിപ്പറഞ്ഞു. മടിയിൽ കനമില്ലാത്തവനെ വിരട്ടാൻ വരേണ്ടെന്ന് രാഷ്ട്രീയ എതിരാളികളേയും അന്വേഷണ സംഘത്തേയും നിരന്തരം ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.
ഉറച്ചവാക്കും നിശ്ചയദാര്‍ഢ്യവുമായിരുന്നു പിണറായി വിജയന്റെ ഉൾക്കരുത്ത്. പാര്‍ട്ടിയും സര്‍ക്കാരും ഇത്രമേൽ പരസ്പര പൂരകമായി പ്രവര്‍ത്തിച്ച ഇടത് ഭരണം ഇതിന് മുമ്പ് ഒരു പക്ഷേ കേരളം കണ്ടിട്ടുണ്ടാകില്ല. ഒന്നാം പാര്‍ട്ടിയുടെ ആധിപത്യം മുന്നണി സംവിധാനത്തിനും വലിയ മാറ്റങ്ങളുണ്ടാക്കി. ഉൾപ്പാര്‍ട്ടി തര്‍ക്കങ്ങൾക്ക് അപ്പുറം ഒരിക്കലും യോജിക്കില്ലെന്ന് കരുതിയിരുന്നവരെ കൂടി കൂടെ കൂട്ടിയാണ് ഇടതുമുന്നണി കരുത്താര്‍ജ്ജിച്ചതിന് പിന്നിലും പിണറായി വിജയന്‍റെ പങ്ക് വലുതാണ്.
ആരേയും കൂസാത്ത ഭരണാധികാരിയെന്ന വിശേഷണം ആക്ഷേപത്തിന്റെ തലത്തോളം വളരുമ്പോഴും എല്ലാറ്റിനും മേലെ സൂപ്പര്‍ പവറായി പിണറായി. അവതാരങ്ങളെ കരുതിയിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ച് അധികാരത്തിലെത്തിയ ശേഷം മാത്രം വിവിധ ആരോപണങ്ങളിൽ കുടുങ്ങി രാജി വച്ചത് അഞ്ച് മന്ത്രിമാരാണ്. വിശ്വസ്തനായ ഇപി ജയരാജൻ മുതൽ ബന്ധു നിയമന വിവാദത്തിലെ ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്ന് അടുത്തിടെ രാജിവച്ച കെടി ജലീൽ വരെ അവരിൽ ഉൾപ്പെടും. ബോധ്യങ്ങളിൽ ഉറച്ചതായിരുന്നു പിണറായിയുടെ വിശ്വാസം. അതിന് ഭംഗം വരുത്തുന്നവര്ക്കെതിരെ മുഖം നോക്കാത്ത നടപടിയും മുഖ്മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി.
ശബരിമലയിൽ കോടതി വിധി നടപ്പാക്കാനെടുത്ത വ്യഗ്രത വലിയ വിവാദത്തിനാണ് ഇടയാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റിലും തിരിച്ചടി കിട്ടിയ തകര്‍ച്ചയിൽ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ വിജയം പിണറായി വിജയന്റെ തന്നെ വാക്കുകൾ കടമെടുത്താൽ "അതുക്കും മേലെ"യാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി തിരിച്ച് പിടിച്ചത്. കിറ്റും ക്ഷേമ പെൻഷനും അടക്കം സാധാരണക്കാരന്റെ മനസിലേക്ക് ഇറങ്ങിച്ചെന്ന് തിരുത്തിയത് നാൽപ്പത് വര്‍ഷത്തെ ചരിത്രം. 2011 ൽ കപ്പിനും ചുണ്ടിനും ഇടയിൽനഷ്ടപ്പെട്ട തുടര്‍ഭരണമാണ് പിണറായി വിജയന്റെ ക്യാപ്റ്റൻസിയിൽ ഇടതുമുന്നണി നേടിയെടുത്തത്.
- Assembly Elections Results Live
- Kerala Assembly Election 2021 News
- Kerala Assembly Election 2021 Results Live Updates
- Kerala Assembly Election Results
- Kerala Live Election News Niyamasabha Election Results Live
- Niayamasabha Theranjeduppu Results Live
- Pinarayi vijayan
- Theranjeduppu Results
- കേരള അസംബ്ലി ഇലക്ഷൻ
- കേരള നിയമസഭാ തെരഞ്ഞെടുപ്പ്
- കേരളത്തിന്റെ ക്യാപ്റ്റൻ
- ചരിത്ര വിജയം
- തെരഞ്ഞെടുപ്പ് റിസൾട്ട്
- നിയമസഭാ തെരഞ്ഞെടുപ്പ് 2021
- പിണറായി