ജോസ് തോറ്റത് തട്ടകത്തിൽ; പാലായിൽ കേരളാ കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ വൻ വോട്ട് ചോർച്ച

ജോസ് കെ മാണി തോറ്റ് കാണണം എന്ന് ആഗ്രഹിക്കുന്ന കേരളാ കോൺഗ്രസുകാര്‍ തുനിഞ്ഞിറങ്ങിയതാണ് പാലായിലെ  വമ്പിച്ച  തോൽവിക്ക് കാണമെന്നാണ് വിലയിരുത്തൽ. ഒപ്പം മാണി സി കാപ്പനോടുള്ള സഹതാപ തരംഗവും തിരിച്ചടിയായി.

pala constituency vote jose k mani

പാലാ: ചരിത്ര വിജയം നേടി ഇടതുമുന്നണി ഭരണത്തുടര്‍ച്ച നേടിയപ്പോൾ വലിയ ഞെട്ടലുണ്ടാക്കിയ തോൽവികളിൽ ഒന്നാണ് ഘടകക്ഷി നേതാവായ ജോസ് കെ മാണിയുടെ തോൽവി. അതും സ്വന്തം തട്ടകത്തിൽ. കേരള കോൺഗ്രസ് ആസ്ഥാനമായ പാലായിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് കാരണം എന്തുതന്നെ പറഞ്ഞാലും രാഷ്ട്രീയ കേരളത്തിന് മുന്നിൽ ന്യായീകരണത്തിന് പരിധിയുണ്ടെന്ന തിരിച്ചറിവ് കേരളാ കോൺഗ്രസ് എമ്മിനേയും ഒട്ടൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. 

പാലാ ചങ്കാണെന്ന് പറഞ്ഞ് പോരിനിറങ്ങിയ മാണി സി കാപ്പന് മുന്നിൽ 15378 വോട്ടുകളുടെ വ്യത്യാസത്തിൽ ജോസ് കെ മാണി അടിയറവ് പറയുമ്പോൾ സ്വന്തം പഞ്ചായത്തിൽ പോലും എട്ട് വോട്ടിന് പിന്നിലായിരുന്നു എന്ന സത്യം ജോസ് കെ മാണിയെ വ്യക്തിപരമായും കേരളാ കോൺഗ്രസിനെ പൊതുവെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ജോസ് കെ മാണി തോറ്റ് കാണണം എന്ന് ആഗ്രഹിക്കുന്ന കേരളാ കോൺഗ്രസുകാര്‍ തുനിഞ്ഞിറങ്ങിയതാണ് പാലായിലെ  വമ്പിച്ച  തോൽവിക്ക് കാണമെന്നാണ് വിലയിരുത്തൽ. ഒപ്പം മാണി സി കാപ്പനോടുള്ള സഹതാപ തരംഗവും തിരിച്ചടിയായി.

ബിജെപി വോട്ടുകൾ വ്യാപകമായി മാണി സി കാപ്പന് അനുകൂലമായി മറിഞ്ഞെന്ന ആക്ഷേപമാണ് ആദ്യ പ്രതികരണത്തിൽ തന്നെ ജോസ് കെ മാണി ഉന്നയിച്ചത്. എന്നാൽ പണം കൊടുത്തത് ജോസ് കെ മാണിയാണെന്നും പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്നും കാപ്പൻ തിരിച്ചടിക്കുകയും ചെയ്യുന്നു. 

ജോസ് കെ മണിയുടെ ജയം ഉറപ്പിക്കാൻ സിപിഎം സംഘടനാ സംവിധാനം നേരിട്ട് പാലായിൽ പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി കേഡര്‍ വോട്ടുകൾ ഉറപ്പിക്കാനായെങ്കിലും അനുഭാവ വോട്ടുകളിൽ വൻ കുറവാണ് ഉണ്ടായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  ഇടത് അനുഭാവമുള്ള പാലാക്കാരുടെ വോട്ടത്രയും പിടിച്ചത് മാണി സി കാപ്പനാണെന്നാണ് വലിയ ഭൂരിപക്ഷം തെളിയിക്കുന്നത്.  മാത്രമല്ല  കേരളാ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ വലിയ തിരിച്ചടി ജോസ് കെ മാണി നേരിട്ടു. 

മാണി സി കാപ്പൻ 69,804 വോട്ടാണ് പാലായിൽ കിട്ടിയത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 50.43 ശതമാനമാണ് ഇത്. രണ്ടാമത് വന്ന ജോസ് കെ മാണിക്ക് ആകെ കിട്ടിയത് 54426 വോട്ട്, 39.32 ശതമാനം മാത്രം. ബിജെപിക്ക് 10869 വോട്ട് മാത്രമാണ് നേടാനായത്. ബിജെപി ഭരിക്കുന്ന മുത്തോലിയിൽ മാത്രമാണ് ജോസ് കെ മാണിക്ക് ലീഡ് കിട്ടിയത്.

അഞ്ചിൽ കുറവാണ് സീറ്റെങ്കിൽ ഒരു മന്ത്രിസ്ഥാനവും അഞ്ച് സീറ്റ് കിട്ടിയാൽ രണ്ട് മന്ത്രിസ്ഥാനവും നൽകാമെന്നാണ് കേരളാ കോൺഗ്രസുമായുള്ള ഇടതുമുന്നണി ധാരണയെന്നാണ് കേൾവി. ക്യാപ്റ്റൻ തോറ്റെങ്കിലും അഞ്ച് സീറ്റിൽ ജയിച്ച് കയറിയ കേരളാ കോൺഗ്രസ് എമ്മിന് ഇനിരണ്ട് മന്ത്രിസ്ഥാനം അവകാശപ്പെടാം . ആരെല്ലാം മന്ത്രിയാകും ജോസ് കെ മാണിക്ക് ഇനിയെന്ത് പദവി കിട്ടും എന്ന കാര്യത്തിലെല്ലാം ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്

 

Latest Videos
Follow Us:
Download App:
  • android
  • ios