'നേതൃമാറ്റം സാവധാനം മതി'; പാർട്ടിയും ഹൈക്കമാൻഡും ഉചിതമായി തീരുമാനിക്കുമെന്ന് കെ സുധാകരൻ
മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റി കെ സുധാകരനെ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയ സമയത്താണ് സുധാകരൻ തന്നെ മാറ്റം സാവകാശം മതിയെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരം: കോൺഗ്രസിൽ തിരക്കിട്ട് നേതൃമാറ്റത്തിന്‍റെ ആവശ്യമില്ലെന്ന് കെ സുധാകരൻ. ആലോചിച്ച് ബുദ്ധിപൂർവ്വം തീരുമാനിച്ചാൽ മതിയെന്നും തിരുത്തൽ സാവധാനം മതിയെന്നുമാണ് സുധാകരൻ പറയുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ, മുല്ലപ്പള്ളിയുടെ രാജിക്കായി സമ്മർദ്ദമേറുമ്പോഴാണ് സുധാകരന്റെ പ്രസ്താവന.
നേതൃമാറ്റം, പാർട്ടിയും ഹൈക്കമാൻഡും ഉചിതമായി തീരുമാനിക്കും. കൂട്ടത്തോൽവിയിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും കെ സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു. മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റി കെ സുധാകരനെ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയ സമയത്താണ് സുധാകരൻ തന്നെ മാറ്റം സാവകാശം മതിയെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് മറ്റൊരു പ്രബല വിഭാഗം ആവശ്യപ്പെടുന്ന കെ മുരളീധരനും ഇന്നലെ സമാനമായ പ്രസ്താവനയാണ് നടത്തിയത്.
കോൺഗ്രസിനെ ചലിപ്പിക്കാൻ സുധാകരൻ തന്നെ വരണമെന്ന് ഇന്ന് രാവിലെ നിയുക്ത പേരാവൂർ എംഎൽഎ സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.