'മുരളിയെന്ന പുലി എലിയായി'; മന്ത്രി സ്ഥാനത്തെക്കുറിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി ശിവന്‍കുട്ടി

പാര്‍ട്ടി തീരുമാനത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്നയാളാണ് താന്‍. 40 വര്‍ഷമായി അത് തുടരുന്നുവെന്നും ശിവന്‍കുട്ടി കൂട്ടിച്ചേർത്തു. 

nemom ldf candidate v sivankutty about ministerial post

തിരുവനന്തപുരം: നേമത്ത് പരാജയപ്പെട്ട കെ മുരളീധരന്‍ എം പി സ്ഥാനം രാജിവയ്ക്കണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവന്‍കുട്ടി. മുരളിയെന്ന പുലി എലിയായി മാറി. രാ​ഹുല്‍ ​ഗാന്ധിയുടെ പ്രചാരണം എശിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. മന്ത്രി സ്ഥാനത്തെക്കുറിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി ശിവന്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മന്ത്രി സ്ഥാനത്തെക്കുറിച്ച് മാധ്യമങ്ങളില്‍ പല വാര്‍ത്തകളും വരും. പാര്‍ട്ടി എന്ത് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇനിയും ആവശ്യപ്പെടുകയില്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. പാര്‍ട്ടി തീരുമാനത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്നയാളാണ് താന്‍. 40 വര്‍ഷമായി അത് തുടരുന്നുവെന്നും ശിവന്‍കുട്ടി കൂട്ടിച്ചേർത്തു. നേമത്ത് ജയിക്കുമെന്ന് തുടക്കം മുതലേ ആത്മവിശ്വാസം ഉണ്ടായിരുന്നു. ഒ രാജ​ഗോപാല്‍ വികസന പ്രവര്‍ത്തനത്തില്‍ വട്ടപ്പൂജ്യമെന്നും ശിവന്‍കുട്ടി വിമർശിച്ചു.

 3949 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വി ശിവന്‍കുട്ടി സംസ്ഥാനത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചത്. 2016ൽ വി ശിവൻകുട്ടിയെ പരാജയപ്പെടുത്തിയാണ് ബിജെപി ഒ രാജ​ഗോപാലിലൂടെ ഇവിടെ അക്കൗണ്ട് തുറന്നത്. 8671 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് ബിജെപി നേടിയത്. മണ്ഡലം നിലനിർത്താൻ ബിജെപി രം​ഗത്തിറക്കിയത് കുമ്മനം രാജശേഖരനെയായിരുന്നു. കരുത്തനായ സ്ഥാനാർത്ഥിയിലൂടെ നേമത്ത് വിജയക്കൊടി പാറിക്കുമെന്ന് അവകാശപ്പെട്ട് കെ മുരളീധരനെയാണ് യുഡിഎഫ് കളത്തിലിറക്കിയത്. ശക്തമായ ത്രികോണപോരാട്ടത്തിനൊടുവിൽ ശിവൻ കുട്ടി വിജയക്കൊടി പാറിച്ചതോടെ നേമം എൽഡിഎഫിന്റെ അഭിമാന പോരാട്ടത്തിന്റെ വിജയമായി.
 

Latest Videos
Follow Us:
Download App:
  • android
  • ios