പെട്ടിപൊട്ടിച്ചപ്പോൾ കിട്ടിയത് 5511 വോട്ട് മാത്രം, വാമനപുരത്ത് എൻഡിഎക്ക് പിഴച്ചതെവിടെ

കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ട് കൂടി പരിശോധിക്കുമ്പോഴാണ് വോട്ട് ചോർച്ച കൂടുതൽ വ്യക്തമാകുക.

nda vamanapuram candidates votes kerala assembly election

തിരുവനന്തപുരം: കേരളത്തിൽ എൻഡിഎയ്ക്ക് ഏറെ ജനപിന്തുണയുള്ള ജില്ലകളിലൊന്നാണ് തിരുവനന്തപുരം. മുന്നണി ആദ്യമായി സംസ്ഥാനത്ത് അക്കൌണ്ട് തുറന്ന് ചരിത്രത്തിലിടം പിടിച്ചതും ജില്ലയിലെ നേമം മണ്ഡലത്തിലാണ്. ഇത്തവണ പക്ഷേ അമ്പേ അടിപതറി. പലയിടത്തും വോട്ട് ചോർച്ചയുണ്ടായി. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ബിജെപിക്ക് ഏറെ സ്വാധീനമുള്ള ജില്ലയിലെ വാമനപുരം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി നേടിയത് വെറും 5511  ( തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൻ നിന്നുള്ള വിവരം) വോട്ടുകൾ മാത്രമാണെന്നറിയുമ്പോഴാണ് വോട്ടു ചോർച്ചയുടെ ആഴം കൂടുതൽ വ്യക്തമാകുക. 

തുടർച്ചയായി വാമനപുരത്ത് മിന്നും വിജയം സ്വന്തമാക്കിയ ഇടത് മുന്നണി സ്ഥാനാർത്ഥി അഡ്വ. ഡികെ മുരളി നേടിയത്  50,015 വോട്ടുകളാണ്. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാർത്ഥി ആനാട് ജയൻ 42, 416 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ബിഡിജെഎസ് സ്ഥാനാർത്ഥി തഴവ സഹദേവന് പക്ഷേ ലഭിച്ചത് 5511   വോട്ടുകൾ മാത്രം. 

കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ട് കൂടി പരിശോധിക്കുമ്പോഴാണ് വോട്ട് ചോർച്ച കൂടുതൽ വ്യക്തമാകുക. വാമനപ്പുരത്ത് 2016 തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ബിഡിജെഎസിന്റെ ആർ വി നിഖിൽ 13,956 വോട്ടുകൾ നേടിയിരുന്നു. ഇത്തവണത്തെ വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ എട്ടായിരത്തോളം വോട്ടുകളുടെ വ്യത്യാസമാണുണ്ടായത്. 

ബിജെപി ഘടകകക്ഷിയായ ബിഡിജെഎസിനായിരുന്നു ഇത്തവണയും സീറ്റ് ലഭിച്ചത്. മുന്നണിയിൽ സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ പ്രശ്നങ്ങളുമാണ് പരമ്പരാഗത വോട്ടുകൾ പോലും ലഭിക്കാത്ത നിലയിലേക്ക് എൻഡിഎയെ എത്തിച്ചത്.  മണ്ഡലത്തിന് തീരെ പരിചിതനല്ലാത്ത സ്ഥാനാർത്ഥിയായിരുന്നു തഴവ സഹദേവനെന്ന വിമർശനം തുടക്കത്തിൽ തന്നെ ഉയർന്നിരുന്നു. പലയിടങ്ങളിലും സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനോ വോട്ടെടുപ്പ് ദിവസം ബൂത്തിലിരിക്കാനോ ആളുണ്ടായിരുന്നില്ലെന്നതായിരുന്നു വാസ്തവം. നേമം, തിരുവനന്തപുരം വട്ടിയൂർക്കാവ് എന്നീ താരമമണ്ഡലങ്ങൾക്ക് എൻഡിഎ നൽകിയ അമിത പ്രാധ്യാന്യത്തിനിടെ വാമനപുരത്തെ മറന്നതും പതിനായിരത്തോളം വോട്ടുകൾ നഷ്ടപ്പെടാനിടയാക്കി.

(വോട്ട് കണക്കുകൾ കണക്കുകൾ ഇലക്ഷൻ കമ്മീഷൻ സൈറ്റിൽ നിന്നും)

Latest Videos
Follow Us:
Download App:
  • android
  • ios