ലീഗ് പ്രവർത്തകൻ്റെ കൊലപാതകം: ഒരാൾ പൊലീസ് കസ്റ്റഡിയിൽ, കൂത്തുപറമ്പിൽ യുഡിഎഫ് ഹർത്താൽ
കൊലപ്പെട്ട മൻസൂറിൻ്റെ സഹോദരൻ മുഹ്സിൻ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജൻ്റായിരുന്നു. പോളിംഗിനിടെ തന്നെ മുഹ്സിന് നേരെ ഭീഷണിയുണ്ടായിരുന്നു
കണ്ണൂർ: പോളിംഗിന് പിന്നാലെ കണ്ണൂർ കടവത്തൂരിൽ സിപിഎം - മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ മുസ്ലീം ലീഗ് പ്രവർത്തകൻ മരിച്ചു. ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തിലാണ് മൻസൂറിന് വെട്ടേറ്റത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മൻസൂറിൻ്റെ കൊലയിൽ പ്രതിഷേധിച്ച് കൂത്തുപറമ്പിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.
ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സിപിഎം കേന്ദ്രങ്ങളിൽ മുസ്ലീം ലീഗ് പ്രവർത്തകർ ആളുകളെ ഓപ്പണ് ചെയ്യിക്കാൻ എത്തിച്ചതിനെ സിപിഎം പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം തുടങ്ങിയത്. പിന്നാലെ കടവത്തൂർ ഭാഗത്തെ 150,149 ബൂത്തുകളിൽ വലിയ തോതിലുള്ള വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
കൊലപ്പെട്ട മൻസൂറിൻ്റെ സഹോദരൻ മുഹ്സിൻ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജൻ്റായിരുന്നു. പോളിംഗിനിടെ തന്നെ മുഹ്സിന് നേരെ ഭീഷണിയുണ്ടായിരുന്നു. വൈകിട്ട് പോളിംഗ് കഴിഞ്ഞ് മുഹ്സിൻ വീട്ടിലേക്ക് പോകുന്നതിനിടെ ഒളിച്ചിരുന്ന അക്രമിസംഘം ബോംബ് എറിഞ്ഞ ശേഷം വെട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഈ ആക്രമണത്തിനിടെ മുഹ്സിൻ്റെ സഹോദരനായ മൻസൂറിനും വെട്ടേൽക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അർധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ബോംബേറിൽ ഒരു സ്ത്രീക്കും പരിക്കേറ്റു.
അക്രമിസംഘത്തിലുണ്ടായിരുന്ന ഷിനോസ് എന്നയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിട്ടുണ്ട്. കൊലപ്പെട്ട മൻസൂറിൻ്റെ അയൽവാസി കൂടിയാണ് ഇയാൾ. സംഘർഷത്തിൽ ഇരുപതോളം പേരുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കായി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. സിപിഎമ്മിനും മുസ്ലീംലീഗിനും വലിയ സ്വാധീനമുള്ള സ്ഥലമാണ് പാനൂർ മേഖല. ഇന്നലെ ഉച്ച മുതൽ തന്നെ ബൂത്ത് പിടുത്തവും ഓപ്പണ് വോട്ടും അടക്കം പല വിഷയങ്ങളെചൊല്ലി മേഖലയിൽ സംഘർഷം നിലനിന്നിരുന്നു. മൻസൂറിൻ്റെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാൻ കണ്ണൂരിൽ നിന്നുള്ള അന്വേഷണ സംഘം ഒൻപത് മണിയോടെ കോഴിക്കോട്ട് എത്തും എന്നാണ് വിവരം. കോഴിക്കോട് മെഡി.കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഇന്നലെ ഏഴ് പോളിംഗ് അവസാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഹരിപ്പാടും കായംകുളത്തും സിപിഎം-കോൺഗ്രസ് സംഘർഷം രാത്രി മുതൽ തുടരുകയാണ്. സംഘർഷങ്ങൾക്കിടെ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. എരുവ സ്വദേശി അഫ്‌സൽ, പുതുപ്പള്ളി സ്വദേശി സുരേഷ്, എന്നിവർക്ക് വെട്ടേറ്റു. ഇന്നലെ പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് കായംകുളത്തും ഹരിപ്പാടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ആദ്യത്തെ ആക്രമണത്തിൽ അഫ്സലിന് വെട്ടേൽക്കുന്നത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന നൗഫൽ എന്നയാൾക്കും ആക്രമണത്തിൽ പരിക്കേറ്റു. തലയ്ക്ക് വെട്ടേറ്റ അഫ്സലിനെ വണ്ടാനം മെഡി.കോളേജിലേക്ക് മാറ്റി.
ഈ സംഭവത്തിന് പിന്നാലെ അർധരാത്രിയോടെയാണ് കായംകുളം പുതുപ്പള്ളി സ്വദേശി സുരേഷിന് നേരെ ആക്രമണമുണ്ടായത്. കൈക്ക് വെട്ടേറ്റ സുരേഷിനെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും ആറാട്ടുപുഴ മണ്ഡലം പ്രസിഡൻ്റ് രജീഷിനും പരിക്കേറ്റിരുന്നു. പരാജയ ഭീതിയിൽ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക ആക്രമണമാണ് പോളിംഗിന് പിന്നാലെ നടന്നത്. വീട് ആക്രമിച്ച സംഭവത്തിൽ പ്രതിയെ വിട്ടയച്ച തൃക്കുന്നപ്പുഴ സ്റ്റേഷനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.
കാസർകോട് പറക്കളായിയിൽ സിപിഎം- ബിജെപി പ്രവർത്തകരും ഇന്നലെ രാത്രി ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ യുവമോർച്ച കാസർകോട് ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീജിത്ത് പറക്കായിക്ക് വെട്ടേറ്റു. ഗുരുതര പരിക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ സിപിഎം പ്രവർത്തക ഓമനയ്ക്കും പരിക്കുണ്ട്. ഇവർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലം കടയ്ക്കലിൽ ബിജെപി നേതാവിൻ്റെ വീടിന് നേരേ ബോംബേറുണ്ടായി. ബി.ജെ.പി കടയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ് രതി രാജൻ്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. ആക്രമിക്കാൻ എത്തിയവരുടെ കൈയിലിരുന്ന് ബോംബ് പൊട്ടിയതായി സംശയിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വടക്കേവയൽ വാർഡിൽ ബിജെപി സ്ഥാനാർഥിയായിരുന്നു രതിരാജൻ. അന്നും നിരവധി തവണ വീടിനു നേരേയും ഇവരുടെ വാഹനത്തിന് നേരേയും ആക്രമണം ഉണ്ടായിരുന്നു.