'സ്വയം ഒഴിയില്ല, മാറാൻ പറഞ്ഞാൽ മാറും'; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍
പോരാട്ടത്തിൽ തോറ്റിട്ട് ഇട്ടെറിഞ്ഞ് പോകില്ല. സ്വയം രാജി വെച്ച് ഒഴിയില്ലെന്നും ഹൈക്കമാൻഡ് മാറാൻ പറഞ്ഞാൽ മാറുമെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാട്.
തിരുവനന്തപുരം: നേതൃമാറ്റത്തിനായുള്ള മുറവിളിക്കിടെ സ്വയം മാറില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത മുല്ലപ്പള്ളി ഹൈക്കമാൻഡിന് തീരുമാനമെടുക്കാമെന്ന നിലപാടിലാണ്. ഉറക്കം തൂങ്ങി പ്രസിഡന്‍റ് ഇപ്പോഴെന്തിനാണെന്ന് ചോദ്യവുമായി മുല്ലപ്പള്ളിക്കെതിരെ ഹൈബി ഈഡൻ ആഞ്ഞടിച്ചു.
പാർട്ടി തകർന്നടിഞ്ഞിട്ടും മാറ്റത്തിനായി കൂട്ടക്കലാപം ഉയരുമ്പോഴും കുലുക്കമില്ലാതെ മുല്ലപ്പള്ളി. കനത്ത തോൽവിക്ക് പിന്നാലെ ഹൈക്കമാാൻഡിനെ രാജിസന്നദ്ധത അറിയിച്ചെന്ന സൂചനകൾ കെപിസിസി അധ്യക്ഷൻ തള്ളുന്നു. പോരാട്ടത്തിൽ തോറ്റിട്ട് സ്വയം ഇട്ടെറിഞ്ഞ് പോകാനില്ലെന്ന് പറഞ്ഞ് പന്ത് ഹൈക്കമാൻഡിൻ്റെ കോർട്ടിലേക്ക് ഇട്ട് മുല്ലപ്പള്ളി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിലെന്ന പോലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെയുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. സ്വയം മാറാനൊരുക്കമല്ലാത്ത മുല്ലപ്പള്ളിക്കെതിരായ വിമർശനം പാർട്ടിയിൽ ശക്തമായി തുടരുന്നു. ഉറക്കം തൂങ്ങുന്ന പ്രസിഡന്‍റ് ഇപ്പോഴും എന്തിതിനാണെന്നാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ഹൈബി ഈഡനെ കടുത്ത വിമർശനമടങ്ങിയ ചോദ്യം. എ ഗ്രൂപ്പും ആവശ്യപ്പെടുന്നത് മാറ്റമാണ്.
മാറ്റത്തോട് മുഖം തിരിക്കുമ്പോഴും മുല്ലപ്പള്ളിയെ മാറ്റുന്നതിൽ ദില്ലി ഉടൻ തീരുമാനമെടുക്കും. അസമിലെ തോൽവിക്ക് പിന്നാലെ കെപിസിസി അധ്യക്ഷൻ സ്വയം രാജിവെച്ചാണൊഴിഞ്ഞത്. അതേ മാതൃക മുല്ലപ്പള്ളിയും പിന്തുടരുമെന്നായിരുന്നു എഐസിസി പ്രതീക്ഷ. മുല്ലപ്പള്ളിക്ക് പകരം കെ സുധാകരൻ പാർട്ടി അധ്യക്ഷനാകാനാണ് സാധ്യത.