'കേരളത്തിലെ ദൈവങ്ങള്‍ കടുത്ത മതേതരവാദികള്‍'; തിരഞ്ഞെടുപ്പ് ഫലത്തില്‍ മിഥുന്‍ മാനുവല്‍ തോമസ്
നാല് പതിറ്റാണ്ടിനു ശേഷം ആദ്യമായി ഒരു മുന്നണി ഭരണത്തുടര്‍ച്ച നേടുന്നതിന്‍റെ കാഴ്ചയാണ് കേരളത്തില്‍
വന്‍ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം ഭരണം തിരിച്ചുപിടിക്കുന്ന കേരളത്തിലെ വോട്ടെണ്ണല്‍ദിനത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ശബരിമല പ്രചരണ വിഷയമായി ഉയര്‍ത്തിക്കാട്ടിയ യുഡിഎഫിനും ബിജെപിക്കും മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതിരുന്നതിനെ പാര്‍ട്ടികളുടെ പേര് പരാമര്‍ശിക്കാതെ മിഥുന്‍ വിലയിരുത്തുന്നുണ്ട്.
"കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികൾ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവർക്ക് ഈ തിരഞ്ഞെടുപ്പോടെ എന്തായാലും മനസ്സിലാവും..!! പ്രാഞ്ചിയേട്ടനോട് മേനോൻ പറഞ്ഞപോലെ 'എഡ്യൂക്കേക്കേഷൻ പ്രാഞ്ചി, എഡ്യൂക്കേഷൻ'..!!", മിഥുന്‍ മാനുവല്‍ തോമസ്.
അതേസമയം നാല് പതിറ്റാണ്ടിനു ശേഷം ആദ്യമായി ഒരു മുന്നണി ഭരണത്തുടര്‍ച്ച നേടുന്നതിന്‍റെ കാഴ്ചയാണ് കേരളത്തില്‍. നൂറിലും തൊട്ടുതാഴെയുമായി നില്‍ക്കുകയാണ് എല്‍ഡിഎഫ് ലീഡ് എങ്കില്‍ 40-41 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനോ ലീജ് നേടാനോ സാധിച്ചിട്ടുള്ളത്. ആകെയുണ്ടായിരുന്ന നേമം കൈവിട്ട അവസ്ഥയിലാണ് ബിജെപി. വോട്ടിംഗ് ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ നേമം, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളായിരുന്നു മുന്നിലെങ്കില്‍ പിന്നീട് അത് മാറിമറിഞ്ഞു. ഏറെ റൗണ്ടുകളില്‍ മുന്നില്‍ നിന്നിരുന്ന ഇ ശ്രീധരനെ പരാജയപ്പെടുത്തി യുഡിഎഫിന്‍റെ ഷാഫി പറമ്പില്‍ 3863 വോട്ടുകള്‍ക്കാണ് വിജയിച്ചിരിക്കുന്നത്. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് ലീഡ് എന്നതും ശ്രദ്ധേയമാണ്.