പാലായിൽ ജോസ് വോട്ടിന് പണം കൊടുത്തു, പക്ഷേ ആരും വോട്ട് ചെയ്തില്ല; തിരിച്ചടിച്ച് മാണി സി കാപ്പൻ
മാണി സി കാപ്പൻ 69,804 വോട്ടാണ് പാലായിൽ കിട്ടിയത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 50.43 ശതമാനമാണ് ഇത്. രണ്ടാമത് വന്ന ജോസ് കെ മാണിക്ക് ആകെ കിട്ടിയത് 54426 വോട്ട്, 39.32 ശതമാനം മാത്രം.
പാലാ: പാലായിൽ വോട്ട് കച്ചവടം നടത്തിയെന്ന ജോസ് കെ മാണിയുടെ ആരോപണം തള്ളി മാണി സി കാപ്പൻ. എലി വിഷം തിന്നാൻ കാശില്ലാത്തവൻ വോട്ടിന് എവിടെ നിന്ന് പൈസ കൊടുക്കാനാണെന്നാണ് കാപ്പൻ്റെ ചോദ്യം. ജോസ് കെ മാണിയാണ് വോട്ടിന് പൈസ കൊടുത്തതെന്ന് കാപ്പൻ തിരിച്ചടിച്ചു. ജോസ് വോട്ടിന് പണം കൊടുത്തെങ്കിലും ആരും വോട്ട് ചെയ്തില്ലെന്നാണ് മാണി സി കാപ്പൻ പറയുന്നത്.
മാണി സി കാപ്പൻ 69,804 വോട്ടാണ് പാലായിൽ കിട്ടിയത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 50.43 ശതമാനമാണ് ഇത്. രണ്ടാമത് വന്ന ജോസ് കെ മാണിക്ക് ആകെ കിട്ടിയത് 54426 വോട്ട്, 39.32 ശതമാനം മാത്രം. ബിജെപിക്ക് 10869 വോട്ട് മാത്രമാണ് നേടാനായത്. ബിജെപി ഭരിക്കുന്ന മുത്തോലിയിൽ മാത്രമാണ് ജോസ് കെ മാണിക്ക് ലീഡ് കിട്ടിയത്.
കേരളാ കോൺഗ്രസ് വോട്ടുകൾ അടക്കം കാപ്പന് കിട്ടിയെന്നാണ് അനുമാനം. സിപിഎം വോട്ടുകളും ചോർന്നു. പാർട്ടി വോട്ട് ചോർന്നത് പരിശോധിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസ് - സിപിഎം പ്രാദേശിക തർക്കം പ്രതിഫലിച്ചെന്നാണ് സംശയം.