'ബിജെപിക്ക് വോട്ട് മറിച്ചു, പണവും മദ്യവും ഒഴുക്കിയിട്ടും രക്ഷപ്പെട്ടില്ല', ജോസ് കെ മാണിക്കെതിരെ കാപ്പൻ
ജോസ് കെ മാണി ബിജെപിക്ക് വോട്ട് കച്ചവടം നടത്തിയെന്ന് മാണി സി കാപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രാമപുരത്തും കടനാട്ടും പണം നല്‍കി വോട്ട് പിടിക്കാൻ ജോസ് ശ്രമിച്ചു
കോട്ടയം: പാലാ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണവുമായി മാണി സി കാപ്പൻ. ജോസ് കെ മാണി ബിജെപിക്ക് വോട്ട് കച്ചവടം നടത്തിയെന്ന് മാണി സി കാപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രാമപുരത്തും കടനാട്ടും പണം നല്‍കി വോട്ട് പിടിക്കാൻ ജോസ് ശ്രമിച്ചു. പാലായില്‍ പണവും മദ്യവും ഒഴുക്കിയിട്ടും രക്ഷപ്പെട്ടില്ല. തോറ്റ പാര്‍ട്ടിക്ക് ജയിച്ച സീറ്റ് നല്‍കിയത് കൊണ്ടുള്ള സഹതാപതരംഗമാണ് താൻ ജയിക്കാൻ കാരണമെന്നും കാപ്പൻ തുറന്ന് പറഞ്ഞു.
പതിനയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാലായിൽ മാണി സി കാപ്പന്റെ വിജയം. 2019 ലെ ഉപതെരഞ്ഞെടുപ്പിൽ വെറും 2943 മാത്രമായിരുന്നു കാപ്പന്റെ ഭൂരിപക്ഷം. അതാണ് കാപ്പൻ പതിനായിരത്തിന് മുകളിലേക്ക് ഉയർത്തിയത്. സ്വന്തം പാർട്ടിയിലെ മറ്റ് നേതാക്കൾ ജയിച്ചപ്പോഴും ജോസിന് വലിയ മാർജിനിൽ സ്വന്തം തട്ടകത്തിൽ പരാജയമേറ്റുവാങ്ങണ്ടിവന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.