പാലായിലും പൂഞ്ഞാറിലും പോളിങ് കുറഞ്ഞു; വില്ലനായി മഴയും വൈദ്യുതി സ്തംഭനവും

2019 ല്‍ മാണി സി കാപ്പൻ നേടിയ 2943 വോട്ടിന്‍റെ നേരിയ ഭൂരിപക്ഷം നോക്കുമ്പോള്‍ പാലായിലെ പോളിംഗ് ശതമാനം ഇടത് വലത് മുന്നണികള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുന്നു. കാപ്പന്‍റെ സ്വാധീന മേഖലകളായ ഭരണങ്ങാനം, മേലുകാവ്, മൂന്നിലവ്, തലപ്പലം എന്നിവിടങ്ങളില്‍ ഭേദപ്പെട്ട പോളിങ്ങായിരുന്നു.

less polling in pala and Poonjar

കോട്ടയം: കോട്ടയത്ത് കടുത്ത പോരാട്ടം നടന്ന പാലായിലും പൂഞ്ഞാറിലും പോളിങ് കുറഞ്ഞു. അവസാന ലാപ്പില്‍ കടുത്തുരുത്തിയിലും മത്സരം ഇഞ്ചോടിഞ്ചായി. പോളിങ് കുറഞ്ഞ മേഖലകളില്‍ ആരുടെ വോട്ടാണ് വീഴാത്തതെന്ന കണക്കെടുപ്പിലാണ് പാര്‍ട്ടികള്‍. പാലായില്‍ 2016 നെ അപേക്ഷിച്ച് അഞ്ചുശതമാനം പോളിങ് കുറഞ്ഞു. പക്ഷേ ഉപതെരഞ്ഞെടുപ്പിനേക്കാള്‍ ഒരു ശതമാനത്തോളം പോളിങ് കൂടുകയും ചെയ്തു. 

2019 ല്‍ മാണി സി കാപ്പൻ നേടിയ 2943 വോട്ടിന്‍റെ നേരിയ ഭൂരിപക്ഷം നോക്കുമ്പോള്‍ പാലായിലെ പോളിംഗ് ശതമാനം ഇടത് വലത് മുന്നണികള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുന്നു. കാപ്പന്‍റെ സ്വാധീന മേഖലകളായ ഭരണങ്ങാനം, മേലുകാവ്, മൂന്നിലവ്, തലപ്പലം എന്നിവിടങ്ങളില്‍ ഭേദപ്പെട്ട പോളിങ്ങായിരുന്നു.

അതേസമയം കേരളാ കോണ്‍ഗ്രസിന് മുൻതൂക്കമുള്ള പാലാ നഗരമേഖലയും, കൊഴുവനാലും മീനച്ചിലും ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പോളിങ് കൂടി. ബിജെപിക്ക് സ്വാധീനമുള്ള മുത്തോലിയില്‍ പോളിങ് കുറഞ്ഞത് അടിയൊഴുക്കുകളുടെ സൂചനയാണ്. ഉച്ചയ്ക്ക് ശേഷം പെയ്ത മഴയില്‍ മൂന്ന് മണിക്കൂറോളമാണ് പാലായിലെ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം നിശ്ചലമായത്. ഇത് ക്ഷീണം ചെയ്തെന്ന് കാപ്പൻ ക്യാമ്പ് പറയുന്നു.

സിപിഎം അനുഭാവ വോട്ടുകള്‍ ചോര്‍ന്നോ എന്ന് കേരളാ കോണ്‍ഗ്രസിന് ആശങ്കയുണ്ട്. പൂഞ്ഞാറിലും കഴിഞ്ഞ തവണത്തേക്കാള്‍ ഏഴ് ശതമാനം പോളിംഗ് കുറഞ്ഞു. പക്ഷേ പിസി ജോര്‍ജ്ജിന് കടുത്ത എതിര്‍‍പ്പുയര്‍ത്തിയ ഈരാറ്റുപേട്ട നഗരസഭാ പരിധിയില്‍ പോളിങ് ഉയര്‍ന്നത് ഇടത്-വലത് മുന്നണികള്‍ പ്രതീക്ഷയോടെ കാണുന്നു. പിസി ജോര്‍ജ്ജ് വിരുദ്ധ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടതിന്‍റെ ലക്ഷണമാണ് ഈരാറ്റുപേട്ട നല്‍കുന്ന സൂചനയെന്ന്  അവര്‍ പറയുന്നു. 

പൂഞ്ഞാറിലെ ബിഡിജെഎസ് വോട്ടുകളും പിസി ജോര്‍ജ്ജിലേക്ക് പോയിട്ടുണ്ട്. ഏകപക്ഷീയമെന്ന് ആദ്യം കരുതിയിരുന്ന കടുത്തുരുത്തിയിലാണ് ജില്ലയിലെ ഏറ്റവും കുറവ് പോളിങ് നടന്നത്. കേരളാ കോണ്‍ഗ്രസുകള്‍ തമ്മില്‍ ഏറ്റുമുട്ടിയ ഇവിടെ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് ജോസ്–ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ കളം കൊഴുപ്പിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios