'അയ്യോ ഞാന്‍ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് പ്രസിഡന്‍റ് ഫോണ്‍ കട്ട് ചെയ്തു' ലതിക സുഭാഷ് പറയുന്നു
കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഇടമില്ലെന്ന് ഉറപ്പായതോടെ അങ്ങേ അറ്റം വൈകാരിക പ്രതികരണവുമായി മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്. പല പദവികളിലായി പതിറ്റാണ്ടുകൾ നീണ്ട പ്രവര്‍ത്തനങ്ങളെല്ലാം എണ്ണിപ്പറഞ്ഞ ലതികാ സുഭാഷ് മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞു. മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു
കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഇടമില്ലെന്ന് ഉറപ്പായതോടെ അങ്ങേ അറ്റം വൈകാരിക പ്രതികരണവുമായി മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്. പല പദവികളിലായി പതിറ്റാണ്ടുകൾ നീണ്ട പ്രവര്‍ത്തനങ്ങളെല്ലാം എണ്ണിപ്പറഞ്ഞ ലതികാ സുഭാഷ് മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞു. മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു.
തല മുണ്ഡനം ചെയ്താണ് അവര്‍ വൈകാരിക പ്രതിഷേധം പങ്കുവച്ചത്. പ്രതിഷേധങ്ങൾ പലവിധത്തിൽ ഏറെ കണ്ടിട്ടുണ്ടെങ്കിലും അസാധാരണമായ അനുഭവമാണ് കോൺഗ്രസ് നേതൃത്വത്തിന് മഹിളാ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നേരിട്ടത്. തന്‍റെ അനുഭവങ്ങള്‍ ലതിക സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവയ്ക്കുന്നു
കേരളം കണ്ടിട്ടില്ല ഇങ്ങനെയൊരു പ്രതിഷേധം, എന്താണ് താങ്കളെ ഇങ്ങനെയൊരു പ്രതിഷേധത്തില്‍ കൊണ്ടെത്തിച്ചത്?
ലതിക സുഭാഷ്: സ്ത്രീകളോടുള്ള അവഗണയിലുള്ള പ്രതിഷേധമാണ് ഇത്. ഏതാനും ദിവസം മുന്‍പ് വാളയാറിലെ അമ്മ സ്ത്രീ നീതിക്ക് വേണ്ടി, തന്‍റെ കുഞ്ഞുങ്ങളുടെ നീതിക്ക് വേണ്ടി തല മുണ്ഡനം ചെയ്യുന്നതിന് സാക്ഷിയാകേണ്ടിവന്ന വ്യക്തിയാണ് താന്‍. കഴിഞ്ഞ 25 കൊല്ലത്തോളം ഏത് തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയായി എന്‍റെ പേര് വരാറുണ്ട്. അതില്‍ ഒരു കൊല്ലം മുഖ്യമന്ത്രിയോട് മത്സരിച്ചു തോറ്റു. അതിന്‍റെ പേരില്‍ ഏറെ അപവാദം കേട്ടു. ഇക്കുറി 20 ശതമാനം സീറ്റ് മഹിള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതില്‍ 10 ഒളം പേരെ ഉള്‍പ്പെടുത്തി. എന്നാല്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റുമാര്‍ക്ക് സീറ്റ് നല്‍കിയപ്പോള്‍, മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷയ്ക്ക് സീറ്റ് നല്‍കിയില്ല. എന്‍റെ വ്യക്തിപരമായ പേരല്ല ഇവിടെ പറയുന്നത്.
40 കൊല്ലമായി ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വന്ന് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി, ജില്ല പഞ്ചായത്ത് മെമ്പറായി, 2000ത്തില്‍ കോട്ടയത്ത് ജനറല്‍ സീറ്റില്‍ മത്സരിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി. അപ്പോഴൊക്കെ ഇല്ലാത്തത് ഇപ്പോള്‍ ചോദിക്കുന്നതിന് കാരണം മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷ എന്ന നിലയിലാണ് വനിതകള്‍ക്ക് എന്തു കൊണ്ട് ഒരു അംഗീകാരം നല്‍കിയില്ല?
പതിനായിരക്കണക്കിന് സ്ത്രീകളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്കായി മത്സരിക്കുന്നത്. 52 ശതമാനത്തോളം സ്ത്രീകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരിക്കുന്പോള്‍ എന്തു കൊണ്ട് നിയമസഭയിലേക്ക് അര്‍ഹമായ സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കാന്‍ സാധിക്കുന്നില്ല. അതില്‍ എന്‍റെ പ്രസ്ഥാനത്തോടുള്ള പ്രതിഷേധമാണ് ഞാന്‍ കാണിച്ചത്. ഒരു സ്ത്രീക്ക് തല മുണ്ഡനം ചെയ്യുക എന്നത് അത്രമാത്രം ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ വേദനയോടെയാണ്, ഇനിയും മഹിള കോണ്‍ഗ്രസില്‍ എത്തുന്ന സ്ത്രീകള്‍ക്ക് അംഗീകാരം ലഭിക്കണം എന്ന ആവശ്യത്തിലാണ് ഈ പ്രതിഷേധം.
ഉച്ചയ്ക്ക് ഇന്ദിര ഭവനില്‍ കാണുന്പോള്‍ വൈപ്പിനിലേക്ക് സ്വാഗതം എന്ന കോളുകള്‍ ലഭിച്ചിരുന്നു ലതിക സുഭാഷിന്?, വൈപ്പിന്‍ കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നോ ഇന്ദിര ഭവനിലേക്ക് കയറുമ്പോള്‍ ?
നാല്‍പ്പത് കൊല്ലം നെഞ്ചോട് ചേര്‍ത്തുപിടിച്ചതാണ് മൂവര്‍ണ്ണം, പെറ്റമ്മയെ പോലെയാണ് ഈ പാര്‍ട്ടി. ഈ പാര്‍ട്ടി അപമാനിക്കപ്പെടരുത്. ലതിക സുഭാഷ് എന്ന വ്യക്തിക്ക് സീറ്റ് കിട്ടിയില്ലെങ്കിലും ഞാന്‍ ക്ഷമിക്കും. പാര്‍ട്ടിക്ക് വേണ്ടി എവിടെയും പണിയെടുക്കും. കെപിസിസി ഭാരവാഹിയാകുമ്പോള്‍ ഒരു വനിത എന്ന നിയന്ത്രണം ആരും കണ്ടില്ല. ഞാന്‍ ദില്ലിയില്‍ പോയില്ല. മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷയ്ക്ക് എന്തുകൊണ്ട് സീറ്റു നിഷേധിച്ചുവെന്നതാണ് ചോദ്യം.
ഒരു സീറ്റ് കിട്ടത്തതിന് ഇങ്ങനെ തലമുണ്ഡനം ചെയ്യണമോ എന്നതാണ് കെപിസിസി അദ്ധ്യക്ഷന്‍ അല്‍പ്പസമയം മുന്‍പ് ചോദിച്ചത്?
ഞാന്‍ എന്‍റെ പലനേതാക്കള്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പ്രോട്ടോക്കോളായിരുന്നു. പത്രപ്രവര്‍ത്തകയായിരിന്നിട്ടുണ്ട്. 1990 ല്‍ എല്‍ഐസി ഏജന്‍സി എടുത്തു ജീവിക്കാനും പൊതുപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനായിരുന്നു അത്. ഒരു പ്രോട്ടോകോളും ഇല്ലാതെയാണ് ഞാന്‍ പൊതുപ്രവര്‍ത്തനം നടത്തിയത്. എന്നെ പോലെയാണ് എന്‍റെ സഹപ്രവര്‍ത്തകരായ വനിതകള്‍. 20, 30 കൊല്ലം എംപിയും എംഎല്‍എമാരുമായവര്‍ക്ക് ഈ പ്രയാസം മനസിലാകില്ല.
ആരായിരിക്കും ലിസ്റ്റില്‍ നിന്ന് പേര് വെട്ടിയത്?
എന്‍റെ പേര് ചേര്‍ത്തിരുന്നോ എനിക്ക് അറിയില്ല, മഹിള കോണ്‍ഗ്രസ് കൊടുത്ത ലിസ്റ്റിലെ പലര്‍ക്കും സീറ്റ് കിട്ടിയിട്ടില്ല. മഹിള കോണ്‍ഗ്രസുകാരുടെ പേര് മാത്രമല്ല ഞാന്‍ കൊടുത്തത്. പതിറ്റാണ്ടുകളായി തിരുവനന്തപുരത്ത് പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന രമണി പി നായരുടെ പേര് ഞാന്‍ കൊടുത്തു അവര്‍ ലിസ്റ്റില്‍ ഇല്ല. കേരളം മുഴുവന്‍ സഞ്ചരിച്ച് മുതിര്‍ന്ന നേതാക്കളോട് ആലോചിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയത്. അവസാനം ഞാന്‍ എന്‍റെ പേരില്‍ ഏറ്റുമാനൂര്‍ എന്ന് എഴുതി. എന്നാല്‍ ഹൈക്കമാന്‍റില്‍ ചെന്നപ്പോഴാണ് അത് ഘടക കക്ഷിക്ക് കൊടുത്തതെന്ന് അറിയുന്നത്. ഇതൊന്നും എനിക്കറിയില്ല. കെപിസിസി ലിസ്റ്റിന്‍റെ എന്നെ കാണിക്കില്ല. ഞാന്‍ ഇട്ട ലിസ്റ്റ് എന്‍റെ മഹിള കോണ്‍ഗ്രസ് ഗ്രൂപ്പില്‍ ഞാന്‍ ഇട്ടുകൊടുത്തിരുന്നു.
ബിന്ദു കൃഷ്ണയ്ക്ക് കരയേണ്ടിവന്നു, സ്ത്രീകള്‍ക്ക് ഇത്രയും പരിഗണന കിട്ടാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയോ?
കോണ്‍ഗ്രസ് പാര്‍ട്ടിയെ പാടെ അവഹേളിക്കാന്‍ ഞാനില്ല. എന്നാല്‍ മഹിള കോണ്‍ഗ്രസിന് കിട്ടേണ്ട അംഗീകാരം കിട്ടാതെ വരുമ്പോള്‍, അദ്ധ്യക്ഷ അടക്കം തഴയപ്പെടുമ്പോള്‍ ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ നാളെ വരുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണിത്. മഹിള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി വരുകയായിരുന്നു. ഒരു സ്ത്രീ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ രാപ്പകല്‍ പ്രവര്‍ത്തിക്കുന്പോള്‍ എന്തൊക്കെ ബുദ്ധിമുട്ടികളുണ്ട്. എന്‍റെ കൊച്ചനുജന്മാര്‍ ആകാന്‍ പോലും പ്രായമുള്ളവര്‍ ഒന്നോ രണ്ടോ തവണ എംഎല്‍എമാരായി.
എനിയെന്താണ് ലതിക സുഭാഷിന്‍റെ തീരുമാനം?
ഞാന്‍ എന്‍റെ നാട്ടില്‍ ചെന്ന് എന്‍റെ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് ഭാവി പരിപാടികള്‍ തീരുമാനിക്കും. ഞാന്‍ രണ്ട് ദിവസം മുന്‍പും മുല്ലപ്പള്ളി രാമചന്ദ്രനോട് ചോദിച്ചു, പ്രസിഡന്‍റെ മഹിള കോണ്‍ഗ്രസിന് അര്‍ഹിച്ച അംഗീകാരം ലഭിക്കണം, ഞാന്‍ ആഗ്രഹിക്കുന്നത് ഏറ്റുമാനൂരാണ്, അവിടെ കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടാന്‍ നീക്കുപോക്ക് സാധ്യമാണ്. അല്ലെങ്കില്‍ ഇതില്‍ പ്രതിഷേധം ഉണ്ടാകും എന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു. എകെ ആന്‍റണിയോടും ഈ കാര്യംഅറിയിച്ചിരുന്നു. അവര്‍ ഇത് ആരോടെങ്കിലും പറഞ്ഞോ എന്ന് അറിയില്ല.
അതായത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളോട് ഇത് പറഞ്ഞിരുന്നു?,മുന്‍കൂട്ടി അറിയിച്ചിട്ടും അവഗണിച്ചു എന്നതല്ലെ ഇതില്‍ നിന്നും വ്യക്തമാകുന്നത്?
ലതിക സുഭാഷിനെപോലെയുള്ളവര്‍ക്ക് യാതൊരു പ്രസക്തിയും ഇല്ലെന്ന് മനസിലായി, അയ്യോ ഞാന്‍ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് പ്രസിഡന്‍റ് ഫോണ്‍ കട്ട് ചെയ്തു. മറ്റാരോടെങ്കിലും ഇത് പറഞ്ഞിട്ടില്ല.
ലതികയുടെ പ്രതിഷേധത്തെ വലിയ രീതിയിലാണ് നാട്ടുകാര്‍ ഏറ്റെടുക്കുന്നത്, അതില്‍ എന്ത് തോന്നുന്നു?
ഞാന്‍ പാര്‍ട്ടിയെ അവഹേളിക്കാന്‍ ചെയ്യുന്നതല്ല. ഇന്ദിര ഗാന്ധിക്കും, സോണിയ ഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കും സിന്ദബാദ് വിളിച്ചാണ് ഞാന്‍ തലമുണ്ഡനം ചെയ്തത്. ഈ നിലപാടില്‍ നിന്നും പാര്‍ട്ടി മാറണം അതിന് വേണ്ടിയാണ് ഞാന്‍ ഈ പ്രതിഷേധം നടത്തിയത്.