രാജ്യസഭാ തിരഞ്ഞെടുപ്പ്; കമ്മീഷൻ ഒളിച്ചുകളി തുടരുന്നു; തെരഞ്ഞെടുപ്പ് തീയതി വ്യക്തമാക്കാതെ സത്യവാങ്മൂലം
കേരളത്തിലേതിന് സമാനമായ സാഹചര്യത്തിൽ രാജ്യസഭ തിരഞ്ഞെടുപ്പ് എങ്ങനെ നടത്തുമെന്നത് സംബന്ധിച്ച് നിയമത്തിൽ വ്യക്തതയില്ല
കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് എന്ന് നടത്തുമെന്ന് വ്യക്തമാക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. നിലവിലെ അംഗങ്ങളുടെ കാലാവധി പൂർത്തിയാകുന്ന ഈ മാസം 21 ന് മുൻപ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻറെ ഉറപ്പ്. രാജ്യസഭാംഗങ്ങളുടെ ഒഴിവ് നികത്താത്തത് സഭയുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്നുള്ളതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഥമ പരിഗണനാ വിഷയമെന്നും അവർ പറഞ്ഞു.
ഏത് നിയമസഭയിലെ അംഗങ്ങൾ മുഖേന തിരഞ്ഞെടുപ്പ് നടത്തണം എന്നുള്ളത് പ്രധാന ഘടകം അല്ല. കേരളത്തിലേതിന് സമാനമായ സാഹചര്യത്തിൽ രാജ്യസഭ തിരഞ്ഞെടുപ്പ് എങ്ങനെ നടത്തുമെന്നത് സംബന്ധിച്ച് നിയമത്തിൽ വ്യക്തതയില്ല. കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ശുപാർശ ചെയ്തു. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിൽ നിലവിലെ നിയമസഭാംഗങ്ങൾ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് ഉചിതമാകില്ലെന്ന് നിയമ മന്ത്രാലയം ശുപാർശയിൽ പറഞ്ഞു.
പുതിയ നിയമസഭയാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ യഥാർത്ഥ ജനഹിതം പ്രതിഫലിപ്പിക്കുന്നതെന്നും നിയമമന്ത്രാലയത്തിന്റെ കത്ത് പറയുന്നു. പുതിയ നിയമസഭ രൂപീകരിച്ച ശേഷം തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് നിയമോപദേശവും ലഭിച്ചു. എന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.