മാണിയില്ലാത്ത തെരഞ്ഞെടുപ്പ്, മറ്റ് രണ്ട് പാര്‍ട്ടികള്‍ക്കും തലമുറമാറ്റം; ജയം മുഖ്യം ബിഗിലേ
മാണി നയിച്ചിരുന്ന കേരള കോണ്‍ഗ്രസ് എം പിളര്‍ന്നതും മുന്നണി മാറിയതും കൂടി പരിഗണിക്കുമ്പോള്‍ ഈ തെരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തില്‍ പുത്തന്‍ അധ്യായം തന്നെയാകും.
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടച്ചൂടുകളിലൊന്നിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഇടത്-വലത് മുന്നണികള്‍ക്കൊപ്പം അക്കൗണ്ടിലെ അക്കം വര്‍ധിപ്പിക്കാന്‍ എന്‍ഡിഎ സഖ്യവും തുനിഞ്ഞിറങ്ങിയിരിക്കുന്നു. സ്ഥാനാര്‍ഥി ചര്‍ച്ചകളും സീറ്റ് വിഭജനവും പതിവിലേറെ ട്വിസ്റ്റുകളും സസ്‌പെന്‍സുകളുമായി അരങ്ങുതകര്‍ക്കുമ്പോള്‍ കേരള രാഷ്‌ട്രീയത്തിലെ ഒരു യുഗം തിരശ്ശീലയ്‌ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നു.
പതിറ്റാണ്ടുകളായി കേരള രാഷ്‌ട്രീയത്തിന്‍റെ ഗതിവിഗതികളെ നിര്‍ണയിച്ച നേതാക്കളില്‍ മൂന്നുപേരാണ് കെ എം മാണിയും എം പി വീരേന്ദ്ര കുമാറും ആര്‍ ബാലകൃഷ്‌ണപിള്ളയും. മാണിയും വീരേന്ദ്ര കുമാറും വിട പറഞ്ഞപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ് ബാലകൃഷ്‌ണപിള്ള. മാണി നയിച്ചിരുന്ന കേരള കോണ്‍ഗ്രസ് എം പിളര്‍ന്നതും മുന്നണി മാറിയതും കൂടി പരിഗണിക്കുമ്പോള്‍ ഈ തെരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തില്‍ പുത്തന്‍ അധ്യായം തന്നെയാകും.
മാണി, പാലായുടെ മാണിക്യം
കേരള കോണ്‍ഗ്രസ് എമ്മിനെ കെ എം മാണിയെന്ന് ചുരുക്കിയെഴുതുകയായിരുന്നു പതിറ്റാണ്ടുകളായി രാഷ്‌ട്രീയ കേരളം. പാലാ നിയോജനമണ്ഡലത്തിനും മാണിയെന്ന ഓമനപ്പേര് പതിച്ചുകിട്ടി. 1965 മുതൽ 2019 വരെ പാലായെ കേരള നിയമസഭയിൽ പ്രതിനിധീകരിച്ച മാണി ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമെന്ന ഖ്യാതി നേടി. ഏറ്റവുമധികം തവണ (13 പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ചതിന്‍റെ റെക്കോര്‍ഡും പാലായുടെ മാണിക്യത്തിന് സ്വന്തം.
വളരുന്തോറും പിളരും പിളരുന്തോറും വളരും എന്ന ചരിത്രത്തിന്‍റെ പിന്തുടര്‍ച്ചയാണ് മാണിയുഗത്തിന് ശേഷവും കേരള കോണ്‍ഗ്രസില്‍ കണ്ടത്. പാലാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരള കോണ്‍ഗ്രസ് എമ്മില്‍ വീണ്ടും ചില്ലകള്‍ തളിര്‍ത്തു. പോര്‍വിളികളും രണ്ടില ചിഹ്നത്തിനായുള്ള കോടതികയറ്റവും കണ്ട പോരിനിടെ യുഡിഎഫുമായി തെറ്റിപ്പിരിഞ്ഞ ജോസ് കെ. മാണി വിഭാഗം നീണ്ട സസ്‌പെന്‍സിനൊടുവില്‍ 2020 ഒക്ടോബർ 14 ന് ഇടതുമുന്നണിയിൽ ചേർന്നു. പി ജെ ജോസഫ് വിഭാഗം യുഡിഎഫില്‍ തുടര്‍ന്നു.
ജോസ് കെ മാണിയില്‍ എല്‍ഡിഎഫ് പ്രതീക്ഷ
ജോസ് കെ മാണിയുടെ വരവോടെ മധ്യകേരളത്തില്‍ എല്‍ഡിഎഫ് വലിയ പ്രതീക്ഷ വയ്‌ക്കുമ്പോള്‍ തിരിച്ചടി നേരിടില്ല എന്ന വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മുന്നണിയിലെ നേതൃ പാര്‍ട്ടികളായ സിപിഎമ്മിന്‍റേയും സിപിഐയുടേയും സീറ്റുകള്‍ കുറയുമെങ്കിലും ആകെത്തുകയില്‍ വലിയ നേട്ടമാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിലെ ചുഴലി പോലെ മധ്യകേരളത്തിലെ ക്രിസ്‌ത്യന്‍ വോട്ടുകളില്‍ ഇടതുമുന്നണി നോട്ടമിടുന്നു. സീറ്റ് വിഭജനം സംബന്ധിച്ച് സിപിഎം നേതൃത്വവുമായി ജോസ് കെ മാണി വിഭാഗത്തിന്‍റെ ചര്‍ച്ച തുടരുകയാണ്.
അതേസമയം യുഡിഎഫില്‍ കീറാമുട്ടിയായിരിക്കുകയാണ് ജോസഫുമായുള്ള സീറ്റ് ചര്‍ച്ച. 12 സീറ്റില്‍ നിന്ന് പിന്നോട്ടില്ല എന്ന കടുപിടിത്തത്തിലാണ് ജോസഫ്. 10 സീറ്റിൽ ജോസഫ് വിഭാഗം വഴങ്ങണമെന്നാണ് കോൺഗ്രസ് ഇതുവരെ സ്വീകരിച്ചിരിക്കുന്ന നിലപാട്.
വീരേതിഹാസമില്ലാതെ എൽജെഡി
നിയമസഭയില്‍ എത്തിയില്ലെങ്കിലും കേരളത്തിന്‍റെ സജീവ രാഷ്‌ട്രീയത്തിലെ ബഹുനിലമന്ദിരങ്ങളിലൊന്നായിരുന്നു എം പി വീരേന്ദ്ര കുമാര്‍. അദേഹത്തിന് ശേഷം മകന്‍ എം വി ശ്രേയാംസ് കുമാറാണ് ലോക് താന്ത്രിക് ജനതാദൾ (എൽജെഡി)യെ നയിക്കുന്നത്. 2011, 2016 തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനൊപ്പം നിന്ന എല്‍ജെഡി വീണ്ടും ഇടതുപാളയത്തിലെത്തിയ തെരഞ്ഞെടുപ്പാണിത്. എല്‍ഡിഎഫില്‍ നിന്ന് എത്ര സീറ്റുകള്‍ എൽജെഡിക്ക് ലഭിക്കുമെന്ന് തീര്‍പ്പായിട്ടില്ല.
ലോക് താന്ത്രിക് ജനതാദളിന്‍റെ (എൽജെഡി) രാഷ്‌ട്രീയ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാകാന്‍ സാധ്യതയുണ്ട് ഇത്തവണത്തേത്. ജെഡിഎസ് ദേശീയ നേതൃത്വത്തിന്‍റെ ബിജെപി അനുകൂല നിലപാടിനാല്‍ ലയനം ഉടനില്ല എന്നാണ് എല്‍ജെഡി അധ്യക്ഷന്‍ ശ്രേയാംസ് കുമാര്‍ പറയുന്നത്. അതിനാല്‍ മികച്ച വിജയം എൽജെഡിക്ക് നിലനില്‍പിനുള്ള അനിവാര്യതയായി മാറുന്നു. നിലവില്‍ രാജ്യസഭാംഗമാണെങ്കിലും ശ്രേയാംസ് മത്സരിക്കാനുള്ള സാധ്യതകള്‍ അന്തരീക്ഷത്തിലുണ്ട്. മുമ്പ് രണ്ടുതവണ നിയമസഭയില്‍ അംഗമായിട്ടുണ്ട് ശ്രേയാംസ് കുമാര്‍.
ഗണേഷിന് ആശ പത്താനാപുരത്ത്
മുന്‍മന്ത്രിയും കേരള രാഷ്‌ട്രീയം കണ്ട കരുത്തനായ നേതാക്കളില്‍ ഒരാളുമായ ആര്‍ ബാലകൃഷ്‌ണപിള്ളയില്ലാതെയാണ് കേരള കോണ്‍ഗ്രസ് (ബി) തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അനാരോഗ്യം അലട്ടുന്ന ബാലകൃഷ്‌ണപിള്ളയ്‌ക്ക് പകരം മകന്‍ കെ ബി ഗണേഷ് കുമാറാണ് അങ്കത്തട്ട് നയിക്കുക. ഏറെക്കാലം കൊട്ടാരക്കര തട്ടകമാക്കിയ ബാലകൃഷ്‌ണപിള്ള ഒന്‍പത് തവണ നിയമസഭയിലെത്തിയിരുന്നു. 1975 മുതല്‍ വിവിധ മന്ത്രിസഭകളില്‍ പല വകുപ്പുകള്‍ കൈകാര്യം ചെയ്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തനിയാവര്‍ത്തനം പോലെ എല്‍ഡിഎഫ് ക്യാമ്പിലാണ് ഇക്കുറി കേരള കോണ്‍ഗ്രസ് ബിയുടെ അങ്കം. എന്നാല്‍ എല്‍ഡിഎഫിലേക്ക് കൂടുതല്‍ പാര്‍ട്ടികളെത്തിയ സാഹചര്യത്തില്‍ അവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടുക പ്രയാസം. അതിനാല്‍ പത്തനാപുരത്ത് ഗണേഷ് കുമാര്‍ തന്നെ സ്ഥാനാര്‍ഥിയായേക്കും. ഏക സീറ്റിലെ മത്സരം അതിനാല്‍ അഭിമാന പോരാട്ടമാകും. മുമ്പ് യുഡിഎഫ് ടിക്കറ്റില്‍ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും മന്ത്രിയാവുകയും ചെയ്ത ചരിത്രമുണ്ട് ഗണേഷ് കുമാറിന്.
'കണ്ണേ കരളേ വിഎസേ', അണികളെ ഇളക്കിമറിച്ച 'വി എസ് കാലം'
- Jose K Mani
- K B Ganesh Kumar
- K M Mani
- Kerala
- Kerala Assembly Election
- Kerala Elections
- Kerala Legislative Assembly
- Kerala Legislative Assembly Election 2021
- M P Veerendra Kumar
- R Balakrishna Pillai
- കേരള തെരഞ്ഞെടുപ്പ്
- കേരള നിയമസഭാ തെരഞ്ഞെടുപ്പ്
- M V Shreyams Kumar
- എം പി വീരേന്ദ്ര കുമാര്‍
- കെ എം മാണി
- ആര്‍ ബാലകൃഷ്ണ പിള്ള