കാഞ്ഞിരപ്പള്ളി നിലനിർത്തി എൻ ജയരാജ്; ഇടതുമുന്നണിക്ക് നേട്ടം
13722 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കേരളാ കോൺഗ്രസ് എം അംഗമായ ജയരാജ് വിജയിച്ചത്. യുഡിഎഫിന് വേണ്ടി ജോസഫ് വാഴയ്ക്കനും എൻഡിഎയ്ക്ക് വേണ്ടി അൽഫോൻസ് കണ്ണന്താനവും ആണ് ഇവിടെ മത്സരരംഗത്തുണ്ടായിരുന്നത്.
കോട്ടയം: ശകത്മായ ത്രികോണ പോരാട്ടം നടന്ന കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എൻ ജയരാജിന് വിജയം. 13722 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കേരളാ കോൺഗ്രസ് എം അംഗമായ ജയരാജ് വിജയിച്ചത്. യുഡിഎഫിന് വേണ്ടി ജോസഫ് വാഴയ്ക്കനും എൻഡിഎയ്ക്ക് വേണ്ടി അൽഫോൻസ് കണ്ണന്താനവും ആണ് ഇവിടെ മത്സരരംഗത്തുണ്ടായിരുന്നത്.
20011ൽ എൽഡിഎഫിൽ നിന്ന് എൻ ജയരാജ് പിടിച്ചെടുത്ത മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. 2016ലും ജയരാജ് വിജയം ആവർത്തിച്ചു. യുഡിഎഫിനൊപ്പം നിന്ന് രണ്ടുവട്ടം കാഞ്ഞിരപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തിയ ജയരാജിനെ ഇക്കുറി മുന്നണി മാറിയിട്ടും ജനം കൈവിട്ടില്ല. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ തന്നെ വ്യക്തമായ ലീഡ് നിലനിർത്താൻ ജയരാജിന് കഴിഞ്ഞിരുന്നു.
എൽഡിഎഫിൽ നേരത്തേ സിപിഐ മത്സരിച്ചിരുന്ന സീറ്റാണ് കാഞ്ഞിരപ്പള്ളി. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം മുന്നണിയിൽ എത്തിയതോടെ കേരള കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലം കൂടിയായിരുന്ന കാഞ്ഞിരപ്പള്ളി സിപിഐ അവർക്ക് വിട്ടുകൊടുക്കുകയായിരുന്നു.