രണ്ടില ചിഹ്നം നഷ്ടമായത് തിരിച്ചടിയായെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം; ഏറ്റുമാനൂരിൽ ലതിക ഫാക്ടർ ബാധിച്ചു
പാലായിൽ തോറ്റെങ്കിലും കേരള കോൺഗ്രസുകളുടെ ബലാബലത്തിൽ ജോസ് കെ മാണി വിഭാഗത്തിനാണ് ഇപ്പോൾ മുൻതൂക്കം. കെ എം മാണിയെ വഞ്ചിച്ചതിനുള്ള ശിക്ഷയാണ് പാലായിലെ ജോസ് കെ മാണിയുടെ തോല്‍വിയെന്നും മോൻസ് പറയുന്നു.
കോട്ടയം: രണ്ടില ചിഹ്നം നഷ്ടമായത് തിരിച്ചടിയായെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ട്രാക്ടർ ചിഹ്നം ലഭിക്കാൻ വൈകിയതും പ്രശ്നമായെന്ന് മോൻസ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പത്ത് സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന് രണ്ട് സീറ്റിൽ മാത്രമാണ് ജയിക്കാനായത്. തൊടുപുഴയിലും കടുത്തുരുത്തിയിലും മാത്രമാണ് പാർട്ടി കരതൊട്ടത്. പിജെ ജോസഫും മോന്‍സ് ജോസഫും മാത്രം ജയിച്ചു. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ് തോറ്റു.
പാലായിൽ തോറ്റെങ്കിലും കേരള കോൺഗ്രസുകളുടെ ബലാബലത്തിൽ ജോസ് കെ മാണി വിഭാഗത്തിനാണ് ഇപ്പോൾ മുൻതൂക്കം. കെ എം മാണിയെ വഞ്ചിച്ചതിനുള്ള ശിക്ഷയാണ് പാലായിലെ ജോസ് കെ മാണിയുടെ തോല്‍വിയെന്നും മോൻസ് പറയുന്നു. തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന് നഷ്ടമുണ്ടായിട്ടില്ലെന്നും മോൻസ് അവകാശപ്പെട്ടു.
ലതികാ സുഭാഷ് ഘടകമായെന്നാണ് ഏറ്റുമാനൂരിലെ ജേക്കബ് വിഭാഗം സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് പറയുന്നത്. ലതിക പിടിച്ച് വോട്ടുകളാണ് തന്‍റെ തോൽവിയ്ക്ക് കാരണമായതെന്ന് പ്രിൻസ് ലൂക്കോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.