'കൂട്ടുത്തരവാദിത്തം ഉണ്ടായോ എന്ന് പരിശോധിക്കണം'; പഠിച്ച് വിലയിരുത്തി മുന്നോട്ട് പോകണമെന്ന് കെപിഎ മജീദ്
മുതിർന്ന നേതാക്കൾക്ക് കോഴിക്കോട് സൗത്തിൽ പ്രചാരണത്തിനായി പോകാനായില്ല. സ്ഥാനാർത്ഥിത്വത്തിനെതിരെ ആരിൽ നിന്നൊക്കെ എതിർപ്പുണ്ടായി എന്നത് പഠിക്കണമെന്നും കെപിഎ മജീദ്.
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പരാജയമാണ് ഉണ്ടായതെന്ന് കെപിഎ മജീദ്. കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കാനായോ എന്ന് പരിശോധിക്കണം. തോൽവിയെ സംബന്ധിച്ച് വിശദമായി പഠിക്കണം. പഠിച്ച് വിലയിരുത്തി മുന്നോട്ട് പോയില്ലെങ്കിൽ യുഡിഎഫിന് ഭാവിയിൽ ബുദ്ധിമുട്ടാകുമെന്നും കെപിഎ മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പുനലൂരും പേരാമ്പ്രയിലും ജയിക്കാൻ വേണ്ടി വാങ്ങിയ സീറ്റല്ലെന്ന് മജീദ് പറഞ്ഞു. ഒരു തരത്തിലും ജയിക്കില്ലെന്ന് പ്രാദേശിക നേതാക്കൾ തന്നെ പറഞ്ഞ സീറ്റുകളാണ് രണ്ടും. എണ്ണം തികയ്ക്കാൻ മാത്രം വാങ്ങിയ സീറ്റുകളാണിത്.
വളപട്ടണത്ത് കോൺഗ്രസും ലീഗും തമ്മിലുണ്ടായ പ്രശ്നം അഴീക്കോടെ വിജയത്തെ ബാധിച്ചോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന നേതാക്കൾക്ക് കോഴിക്കോട് സൗത്തിൽ പ്രചാരണത്തിനായി പോകാനായില്ല. സ്ഥാനാർത്ഥിത്വത്തിനെതിരെ ആരിൽ നിന്നൊക്കെ എതിർപ്പുണ്ടായി എന്നത് പഠിക്കണമെന്നും കെപിഎ മജീദ് പ്രതികരിച്ചു.
അതേസമയം, കോഴിക്കോട് സൗത്തിലെ മുസ്ലീം ലീഗ് സ്ഥാനാർത്ഥി നൂർബിനാ റഷീദിന്‍റെ തോൽവിക്ക് കാരണം ലീഗിലെ വോട്ട് ചോർച്ചയാണെന്നാണ് സൂചന. സ്ഥാനാർത്ഥി നിർണയത്തിൽ പ്രാദേശിക പ്രവർത്തകർക്കിടയിലുണ്ടായിരുന്ന എതിർപ്പ് വോട്ടെടുപ്പിലും പ്രതിഫലിച്ചതാണ് ലീഗിന് തിരിച്ചടിയായത്. ലീഗിന്‍റെ സിറ്റിംങ് സീറ്റിൽ പന്ത്രാണ്ടായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ച് കയറിയത്.