മധ്യകേരളത്തിലും മികച്ച പോളിംഗ്; കടുത്ത മത്സരം നടന്ന മണ്ഡലങ്ങളില്‍ പോളിങ് കൂടി, മുന്നണികള്‍ ആത്മ വിശ്വാസത്തില്‍

അഭിമാന പോരാട്ടം നടക്കുന്ന മധ്യകേരളത്തില്‍ മഴ ചതിച്ചെങ്കിലും ആവേശം ഒട്ടും ചോരാതെ ജനം പോളിങ് ബൂത്തിലെത്തി. പാലക്കാട് ജില്ലയിൽ 76.17 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 

kerala assembly election in central kerala

കൊച്ചി: അഭിമാന പോരാട്ടം നടക്കുന്ന മധ്യകേരളത്തില്‍ മഴ ചതിച്ചെങ്കിലും ആവേശം ഒട്ടും ചോരാതെ ജനം പോളിങ് ബൂത്തിലെത്തി. വോട്ടിങ് ആരംഭിച്ച് ആദ്യ മണിക്കൂറിൽത്തന്നെ മികച്ച പോളിങ്ങാണ് മധ്യകേരളത്തിൽ രേഖപ്പെടുത്തിയത്. ഉച്ചക്ക് ശേഷം മധ്യകേരളത്തിലുണ്ടായ മഴ പോളിംഗ് മന്ദഗതിയിലാക്കിയെങ്കിലും വോട്ടെടുപ്പ് ആവേശം കുറഞ്ഞില്ല. കനത്ത പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനത്തില്‍ വര്‍ദ്ധനയാണ് ഉണ്ടായത്. കുന്നംകുളത്തും വടക്കാഞ്ചേരിയിലും കുന്നത്തുനാട്ടിലും ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വാശീയേറിയ രാഷ്ട്രീയ പോരാട്ടം നടന്ന കോട്ടയത്തെ കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ താരതമ്യേനെ പോളിംഗ് കുറഞ്ഞത് അമ്പരപ്പുണ്ടാക്കി.

അവസാന കണക്കുകളില്‍ പോളിംഗ് ശതമാനത്തില്ഡ മാറ്റം വന്നേക്കാമെങ്കിലും പോരാട്ട വീര്യം കണ്ട മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ച പോലെ ഉയര്‍ന്ന പോളിംഗ്. തൃശൂര്‍ ജില്ലയില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്ന യുഡിഎഫ് വലിയ പോരാട്ടം കാഴ്ചവെച്ച കുന്നംകുളത്തും വടക്കാഞ്ചേരിയിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. ചേലക്കര, കയ്പമംഗലം പുതുക്കാട് മണ്ഡലങ്ങളിലും പോളിംഗ് ഉയര്‍ന്നു. ഇടത് ശക്തി കേന്ദ്രങ്ങളില്‍ പലയിടത്തും റിക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയത്.

Also Read: കേരളം 73.58 %; വടക്ക് പോളിങ് കനത്തു, കോഴിക്കോട് മുന്നിൽ, മഞ്ചേശ്വരം കുതിച്ചു; പത്തനംതിട്ട കിതച്ചു | LIVE

ആലപ്പുഴയിലെ തീരദേശ മണ്ഡലങ്ങളായ അരൂരും ചേര്‍ത്തലയിലും 80 ശതമാനത്തിലധികം ആളുകള്‍ വോട്ട് ചെയ്തു . ഇടതു കോട്ടകളില്‍ ഇത്തവണ യുഡിഎഫ് നടത്തിയ ശക്തമായ മത്സരമാണ് പോളിമഗ് ശതമാനം ഉയര്‍ത്തിയത്. ആലപ്പുഴയിലെ തീരമേഖലയിലെ മണ്ഡലങ്ങളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ ചെങ്ങന്നൂര്‍ അടക്കമുള്ള അപ്പര്‍ കുട്ടനാട് മേഖലയില്‍  അത്ര ആവേശം ദൃശ്യമായില്ല. കോട്ടയത്ത് വാശിയേറിയ പോരാട്ടം നടന്ന പാലയിലും പൂഞ്ഞാറും പോളിംഗ് ശതമാനത്തില്‍ വലിയ വര്‍ദ്ധനയില്ല. എങ്കിലും കിട്ടേണ്ട വോട്ടുകളെല്ലാം വീണുവെന്നാണ് മുന്നണികളുടെ വാദം. പാലായില്‍ ജോസ് കെ മാണിയും മാണി സി കാപ്പനും ഒരു പോലെ വിജയം അവകാശപ്പെട്ടു കഴിഞ്ഞു. മൂന്നു മുന്നണികളേയും വെല്ലുവിളിച്ച് പിസി ജോര്‍ജ് മത്സരിക്കുന്ന പൂഞ്ഞാറിലും സ്ഥിതി മറിച്ചല്ല.  ശക്തി കേന്ദ്രങ്ങളില്‍ പോളിഗ് കൂടിയതിന്‍റെ ആത്മ വിശ്വാസത്തിലാണ് പി സി ജോര്‍ജ്.

Also Read:കത്തിക്കയറി,കിതച്ചുതീർന്നു; കഴിഞ്ഞ തവണത്തേക്കാൾ പോളിങ് കുറഞ്ഞു; നേട്ടമാർക്കെന്ന് കൂട്ടിയും കിഴിച്ചും മുന്നണികൾ

വിദേശ കുടിയേറ്റ മേഖലയായ കടുത്തുരുത്തിയില്‍ വാശിയേറിയ പോരാട്ടമാണെങ്കിലും പതിവു പോലെ  പോളിംഗ് ശതമാനത്തില്‍ വലിയ വര്‍ദ്ധന ഉണ്ടായില്ല. തൃശൂരിലും ആലപ്പുഴയിലും തീരമേഖലയില്‍ പോളിംഗ് ഉയര്‍ന്നപ്പോള്‍ കൊച്ചിയില്‍ അത് പ്രതിഫലിച്ചില്ല. വൈപ്പിനില്‍ ഭേദപ്പെട്ട പോളിംഗ്  രേഖപ്പെടുത്തിയത് ഇടത് കേന്ദ്രങ്ങളില്‍ ആത്മ വിശ്വാസം കൂട്ടിയിട്ടുണ്ട്. 

പോളിങ് കണക്കുകള്‍ ഇങ്ങനെ:

പാലക്കാട് ജില്ലയിൽ 76.17 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 1747907
പേർ  വോട്ട് രേഖപ്പെടുത്തി. തൃത്താല- 76.95,  പട്ടാമ്പി- 76.38, ഷൊർണൂർ- 76.54, ഒറ്റപ്പാലം- 75.65, കോങ്ങാട്- 75.14, മണ്ണാർക്കാട്- 75.41, മലമ്പുഴ- 75.02, പാലക്കാട്- 73.62, തരൂർ-  75.72,  ചിറ്റൂർ-  79.07, നെന്മാറ- 76.67, ആലത്തൂർ- 77.40 എന്നിങ്ങനെയാണ് നിയോജകമണ്ഡലങ്ങളിലെ വോട്ടിംങ് ശതമാനം. ജില്ലയിലെ ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 58.82 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.

തൃശൂരില്‍ 73.59 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. തൃശൂർ ജില്ലയിൽ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് ഗുരുവായൂർ നിയോജക മണ്ഡലത്തിൽ.68.40 ശതമാനമാണ് ഗുരുവായൂരിലെ പോളിംഗ് നില. ബിജെപിക്ക് സ്വന്തം സ്ഥാനാർത്ഥി ഇല്ലാതിരുന്ന ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയെയാണ് ബിജെപി പിന്തുണച്ചത്.എന്നാൽ ബിജെപി വോട്ടുകൾ പൂർണ്ണമായും പോൾ ചെയ്തിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബിജെപിക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ ഇത്തവണ വോട്ടിങ് ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ ഗുരുവായൂരിൽ ബിജെപി നേടിയ 25000 ത്തിൽ അധികം വോട്ടുകൾ ഇത്തവണ നേടാനാകുമോ എന്നത് സംശയമാണ്. എന്നാൽ ബിജെപി വോട്ടുകൾ പൂർണ്ണമായും പോൾ ചെയ്യപ്പെടാത്തത് എല്‍ഡിഎഫ് ക്യാമ്പിന് ആശ്വാസമായേക്കും. 

ചേലക്കര - 75.69%, കുന്നംകുളം - 76.30%, ഗുരുവായൂര്‍ - 68.35%, മണലൂര്‍ - 73.08%
വടക്കാഞ്ചേരി - 75.97%, ഒല്ലൂര്‍ - 73.75%, തൃശൂര്‍ - 68.76%, നാട്ടിക - 71.21%, കയ്പമംഗലം - 76.48%, ഇരിങ്ങാലക്കുട - 74.63%, പുതുക്കാട് - 75.48%
ചാലക്കുടി - 72.43%, കൊടുങ്ങല്ലൂര്‍ - 74.84% എന്നിങ്ങനെയാണ് നിയോജകമണ്ഡലങ്ങളിലെ വോട്ടിംങ് ശതമാനം. 

74.00 ശതമാനം പോളിങാണ് എറണാകുളം ജില്ലയില്‍ രേഖപ്പെടുത്തിയത്. 76.38% പുരുഷന്മാരും 71.73% സ്ത്രീകളും 37.03% ട്രാൻസ്ജെൻഡർ വോട്ടർമാരും ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവില്‍ വന്ന കണക്കനുസരിച്ച് പെരുമ്പാവൂർ 76.18, അങ്കമാലി- 75.93, ആലുവ - 75.18, കളമശേരി - 75.68, പറവൂർ - 76.94, വൈപ്പിൻ - 74.46, കൊച്ചി- 69.63, തൃപ്പൂണിത്തുറ - 72.98, എറണാകുളം- 65.78, തൃക്കാക്കര - 69.20, കുന്നത്തുനാട് - 80.79, പിറവം - 72.40, മുവാറ്റുപുഴ - 73.42, കോതമംഗലം - 76.66 എന്നിങ്ങനെയാണ് നിയോജകമണ്ഡലങ്ങളിലെ വോട്ടിംങ് ശതമാനം.

കോട്ടയം ജില്ലയില്‍ 71.70 ശതമാനവും ഇടുക്കിയില്‍ 70.20 ശതമാനവും പോളിങാണ് രേഖപ്പെടുത്തിയത്. ദേവികുളം - 67.16%, ഉടുമ്പഞ്ചോല - 73.21%, തൊടുപുഴ - 69.98%, ഇടുക്കി -68.76%, പീരുമേട് - 72.05% എന്നിങ്ങനെയാണ് നിയോജകമണ്ഡലങ്ങളിലെ വോട്ടിംങ് ശതമാനം.

Latest Videos
Follow Us:
Download App:
  • android
  • ios