നേമം സസ്പെൻസ് തുടരുന്നു, ദില്ലിയിൽ ഇന്നും ചർച്ച, തീരുമാനമാകാത്ത 10 മണ്ഡലങ്ങൾ ഇവ

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തും. ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും കേരളത്തിൽ നിന്ന് ചർച്ചയിൽ പങ്കാളികളാകും. 

kerala assembly election 2021 suspense in nemom and 10 constituencies

ദില്ലി: നേമം ഉൾപ്പെടെ തർക്കമുള്ള കോൺഗ്രസിന്‍റെ 10 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ ഇന്നും ദില്ലിയിൽ തുടരും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തും. ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും കേരളത്തിൽ നിന്ന് ചർച്ചയിൽ പങ്കാളികളാകും. ഇരുവരും ഇന്നലത്തെ ചർച്ചകൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. നാളെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കുകയെന്ന് ഇന്നലെ സോണിയാ ഗാന്ധി അടക്കമുള്ളവരുമായും സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളുമായുമുള്ള ചർച്ചകൾക്ക് ശേഷം കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. 

നേമത്തെ സ്ഥാനാർഥി ആരാകുമെന്നതിൽ ഇപ്പോഴും സസ്‌പെൻസ് തുടരുകയാണ്. ഉമ്മൻ ചാണ്ടിയും, ചെന്നിത്തലയും സിറ്റിംഗ് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് തന്നെയാണ് ഇപ്പോഴുമുള്ള ധാരണ. തീരുമാനമാകാത്ത 10 മണ്ഡലങ്ങളിൽ ഇപ്പോൾ ഹരിപ്പാടും പുതുപ്പള്ളിയുമില്ല. 10 മണ്ഡലങ്ങളിൽ ചർച്ച തുടരുമ്പോൾ 81 മണ്ഡലങ്ങളിൽ ചില മാറ്റങ്ങൾ വന്നേക്കാനുള്ള സാധ്യത ഇനിയും തള്ളിക്കളയാനുമാവില്ല.

ആര് വേണം? ആര് വരണം?

ആര് വേണമെന്ന ആശയക്കുഴപ്പം നിലനിൽക്കുന്ന മണ്ഡലങ്ങൾ ഇവയാണ്:

വട്ടിയൂർക്കാവ്, നേമം, വർക്കല, നെടുമങ്ങാട്, തൃപ്പൂണിത്തുറ, ഇരിക്കൂർ, കൽപ്പറ്റ, നിലമ്പൂർ, പട്ടാമ്പി, പീരുമേട് എന്നീ സീറ്റുകളിൽ ഇനിയും തീരുമാനമാകാനുണ്ടെന്നാണ് സൂചന. ബിജെപിയുടെ ഒറ്റത്തുരുത്തായ നേമമടക്കം ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ഈ പത്ത് സീറ്റുകളിൽ ആരിറങ്ങണമെന്നതിലാണ് തർക്കം. പുതുപ്പള്ളി വിട്ടെങ്ങോട്ടുമില്ലെന്ന് ഇന്നലെ ഉമ്മൻചാണ്ടി സംശയലേശമന്യെ വ്യക്തമാക്കിയിട്ടുണ്ട്. ഹരിപ്പാട് വിട്ട് വരാമോ എന്ന് ചെന്നിത്തലയോടും ഹൈക്കമാൻഡ് ആരാഞ്ഞിട്ടുണ്ട്. നായർ വോട്ടുകൾ നിർണായകമായ നേമത്ത് ചെന്നിത്തല വന്നാൽ വിജയസാധ്യതയുണ്ടെന്നാണ് ഹൈക്കമാൻഡിന്‍റെ വിലയിരുത്തൽ.

ബിജെപി കേന്ദ്രകമ്മിറ്റിയോഗം ഇന്ന് വൈകിട്ട് ദില്ലിയിൽ ചേരാനിരിക്കുകയാണ്. സ്ഥാനാർത്ഥിപ്പട്ടിക ചർച്ച ചെയ്യുകയാണ് പ്രധാന അജണ്ട. ഈ യോഗത്തിലെ തീരുമാനമനുസരിച്ച് ഇന്നോ നാളെയോ ബിജെപി പട്ടിക പ്രഖ്യാപിക്കും. ഈ പട്ടിക കൂടി വരാൻ കാത്തിരിക്കുകയാണ് നേതൃത്വമെന്നാണ് സൂചന. സീറ്റ് കിട്ടാത്തവർ അതല്ലെങ്കിൽ പാർട്ടി വിടുമോയെന്നും നേതൃത്വത്തിന് ആശങ്കയുണ്ട്. ഇപ്പോൾത്തന്നെ പി സി ചാക്കോ പാർട്ടി വിട്ടതും, മുൻ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ച് ബിജെപിയിൽ ചേർന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 

ധാരണയായ മണ്ഡലങ്ങളേത്?

കായംകുളത്ത് ആരിറങ്ങുമെന്ന തർക്കം നിലനിന്നിരുന്നെങ്കിലും എം ലിജു തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന സൂചന. അതല്ലെങ്കിൽ ലിജു അമ്പലപ്പുഴയിലേക്ക് മാറിയേക്കും. കായംകുളത്ത് സിപിഎമ്മിനായി സിറ്റിംഗ് എംഎൽഎ യു പ്രതിഭയാണ് കളത്തിൽ. അമ്പലപ്പുഴയിൽ മന്ത്രി ജി സുധാകരൻ മാറി, പകരമിറങ്ങുന്നത് എച്ച് സലാമാണ്.  

കോന്നിയിൽ സിറ്റിംഗ് എംഎൽഎ കെ യു ജനീഷ് കുമാർ വീണ്ടും കളത്തിലിറങ്ങുമ്പോൾ റോബിൻ പീറ്റർ പോസ്റ്ററുകളൊക്കെ തയ്യാറാക്കി പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്നാണ് സൂചന. 

കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്നെയിറങ്ങുമ്പോൾ എസ് എസ് ലാലിന് നറുക്ക് വീണേക്കുമെന്നാണ് വിവരം. 

കൊല്ലം പത്തനാപുരത്ത് ശരണ്യ മനോജ് ഇറങ്ങിയേക്കുമെന്ന് ആദ്യം സൂചനയുണ്ടായിരുന്നെങ്കിലും, ജ്യോതികുമാർ ചാമക്കാലയ്ക്ക് സീറ്റ് ലഭിക്കുമെന്നാണ് സൂചന. ചടയമംഗലത്ത് എം എം നസീർ ഇറങ്ങിയേക്കും. കരുനാഗപ്പള്ളി സി ആർ മഹേഷ് ഉറപ്പിച്ചിട്ടുണ്ട്. പോസ്റ്ററുകൾ ഒട്ടിച്ചുതുടങ്ങി. നസീർ പോസ്റ്ററുകൾ തയ്യാറാക്കി കാത്തിരിക്കുന്നു. ജ്യോതികുമാർ ചാമക്കാല നാളെ ചുവരെഴുത്ത് തുടങ്ങിയേക്കും. 

കൊട്ടാരക്കരയിൽ കൊടിക്കുന്നിലിന്‍റെ നോമിനിയായ ആർ രശ്മിയ്ക്ക് നറുക്ക് വീണേക്കും. ഇപ്പോഴും തർക്കം കൊല്ലത്ത് ആരിറങ്ങും എന്നതിനെച്ചൊല്ലിയാണ്.

കൊല്ലത്താര് ഇറങ്ങും?

കൊല്ലത്ത് മാത്രമേ മൽസരിക്കൂ എന്നാണ് പി സി വിഷ്ണുനാഥ് വാശി പിടിക്കുന്നത്. വിഷ്ണുനാഥിനായി ഉമ്മൻചാണ്ടി വാദിക്കുന്നുണ്ട്. ബിന്ദുകൃഷ്ണയോട് കുണ്ടറ മൽസരിക്കണമെന്ന് രമേശും, മുല്ലപ്പള്ളിയും പറഞ്ഞുനോക്കി. കൊല്ലമില്ലെങ്കിൽ മൽസരത്തിനില്ല എന്ന നിലപാടിലാണ് ബിന്ദു കൃഷ്ണ. ഈ സാഹചര്യത്തിലാണ് അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുന്നത്. എങ്കിലും കിട്ടുന്ന സന്ദേശം ഉമ്മൻ ചാണ്ടിയുടെ കടുംപിടുത്തം തന്നെ നടക്കുമെന്നാണ്. 

ബിന്ദു കൊല്ലത്തെങ്കിൽ ചാത്തന്നൂരിൽ എൻ.പീതാംബര കുറുപ്പോ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് അരുൺ രാജോ (രണ്ടും നായർ സമുദായം) മത്സരിച്ചേക്കും. ബിന്ദു മൽസരിക്കുന്നില്ലെങ്കിൽ ചാത്തന്നൂരിൽ നെടുങ്ങോലം രഘു ( ഈഴവ സമുദായം) കളത്തിലിറങ്ങും. ബിന്ദു കുണ്ടറയിലും മൽസരിക്കാത്ത സാഹചര്യം വന്നാൽ കുണ്ടറയിൽ എൻഎസ്‍യുഐ നേതാവ് എറിക് സ്റ്റീഫൻ രംഗത്തിറങ്ങും. 

പട്ടിക വരുംമുമ്പേ പ്രതിഷേധം

മലമ്പുഴ മണ്ഡലം ഭാരതീയ ജനതാദളിന് വിടുന്നതിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ ഇന്നലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം നടന്നു. സീറ്റിൽ കോൺഗ്രസ് മത്സരിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്നാണ് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഭീഷണി. വീരേന്ദ്രകുമാർ യുഡിഎഫ് വിട്ടപ്പോൾ പോകാതെ നിന്ന ജോൺ ജോൺ എന്ന നേതാവിനൊപ്പമുള്ള കക്ഷിയാണ് ഭാരതീയജനതാദൾ. ജോൺ ജോണിന് ഇത്തവണ യുഡിഎഫ് സീറ്റ് നൽകിയേക്കുമെന്നാണ് സൂചന. ഇതിൽ പ്രതിഷേധിച്ച് ഇന്ന് ഡിസിസി ഓഫീസിലേക്ക് പ്രകടനം നടത്താനും യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് അടക്കം ആഹ്വാനമുണ്ട്. പുനലൂർ സീറ്റ് ലീഗിന് വിട്ടുനൽകുന്നതിനെതിരെ മണ്ഡലത്തിലും പ്രാദേശികപ്രതിഷേധം ശക്തമാണ്.

പുനലൂർ സീറ്റ് മുസ്‌ലിം ലീഗിന് തന്നെ നൽകുമെന്ന സൂചനകൾ ശക്തമായതോടെ കൂട്ടരാജിക്കൊരുങ്ങി പ്രാദേശിക കോൺഗ്രസ് നേതൃത്വം. ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചാലുടൻ രാജി പ്രഖ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിനിടെ കോൺഗ്രസ് നേതാവ് സഞ്ജയ് ഖാനെ യുഡിഎഫ് സ്വതന്ത്രനായി മൽസരിപ്പിച്ച് പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ചടയമംഗലത്ത് സീറ്റ് ഉറപ്പിച്ച കെപിസിസി ജനറൽ സെക്രട്ടറി എം. എം. നസീർ പ്രചാരണം തുടങ്ങി. കൊല്ലത്ത് പി.സി.വിഷ്ണുനാഥിനെ മൽസരിപ്പിച്ചാൽ രാജിവയ്ക്കുമെന്ന മുന്നറിയിപ്പുമായി ഒരു വിഭാഗം പ്രാദേശിക നേതാക്കളും രംഗത്തുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios