അയ്യപ്പന്‍ ആര്‍ക്കൊപ്പം? ശബരിമലയും ദേവ- അസുരഗണങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പ് ദിനം

വിശ്വാസികളും ശബരിമലയും കുറച്ചധികാലമായി നിലനിൽക്കുന്നുണ്ടെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണത്തോടെയാണ് പോളിംഗ് ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ശബരിമല ചര്‍ച്ചയായത്.

kerala assembly election 2021 sabarimala cpm congress bjp political parties response on election day

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവും വിശ്വാസി സമൂഹവും തെരഞ്ഞെടുപ്പ് ഗോദയിലെ പ്രചാരണ വേളയിൽ പല തവണ ഉയര്‍ന്ന് വന്നെങ്കിലും ഏറ്റവും കൂടുതൽ ച‍ര്‍ച്ചയായത് ഇന്നത്തെ വോട്ടിംഗ് ദിനത്തിലാണ്. എൻഎസ്എസിന്റെ ആദ്യ പ്രതികരണത്തോടെ തുടങ്ങിയ വാക്വാദങ്ങൾ രാഷ്ട്രീയ കക്ഷികൾ ഏറ്റടുത്തതോടെ തെരഞ്ഞെടുപ്പ് ദിനത്തിൽ കത്തിയത് ശബരിമല മാത്രമായി മാറി. 

വിശ്വാസികളും ശബരിമലയും കുറച്ചധികാലമായി നിലനിൽക്കുന്നുണ്ടെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണത്തോടെയാണ് പോളിംഗ് ദിവസത്തിന്റെ തുടക്കത്തിൽ ശബരിമല ചര്‍ച്ചയാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടാകണമെന്നും മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്ത് സൂക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്നുമായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം. ജനങ്ങൾക്ക് സമാധാനം തരുന്ന സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ് എൻഎസ്എസ് ആഗ്രഹിക്കുന്നതെന്നും ജി സുകുമാരൻ നായര്‍ പ്രതികരിച്ചു. 

മുന്നണികളോടുള്ള സമദൂരം വിട്ട് എൻഎസ്എസ് നിലപാടെടുത്തതോടെ വിഷയം സംസ്ഥാനത്താകെ ച‍ർച്ചയായി. ഇതോടെ പതിവിൽ നിന്നും വ്യത്യസ്തമായി സിപിഎം അടക്കമുള്ള ഇടത് കക്ഷികളും വിഷയത്തിൽ വിശ്വാസികൾക്ക് അനുകൂലമായ നിലപാടെടുത്ത് പരസ്യമായി പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു സുകുമാരൻ നായര്‍ക്ക് ആദ്യ മറുപടി നൽകിയത്. ധര്‍മ്മടത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച പിണറായി വിജയൻ സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് പ്രസ്താവന നടത്തി. 

സുകുമാരൻ നായർ ഒരിക്കലും സർക്കാരിനെതിരെ പറയില്ല. അദ്ദേഹം അയ്യപ്പ വിശ്വാസിയാണ്. അയ്യപ്പനും ബാക്കി ജനങ്ങളുടെ എല്ലാ ആരാധനാ മൂർത്തികളും ഈ സർക്കാരിനൊപ്പമാണ്. എല്ലാ മതവിശ്വാസികളേയും ജനങ്ങളേയും സംരക്ഷിച്ച് നിർത്തിയത് ഈ സർക്കാരാണ്. ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്കൊപ്പമാണ് എല്ലാ കാലത്തും എല്ലാ ദേവഗണങ്ങളുമെന്നായിരുന്നു പിണറായിയുടെ മറുപടി. ഇതേറ്റ് പിടിച്ച് പരസ്യപ്രതികരണവുമായി എത്തിയ ഇടത് നേതാക്കളായ കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും എകെ ബാലനും വിഷയം വീണ്ടും ച‍ര്‍ച്ചയാക്കി. 

പിണറായി പറഞ്ഞതിന് ഒരു പടികൂടി കടന്ന് കോടിയേരി ബാലകൃഷ്ണൻ ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ ഇത്തവണ എല്ലാവോട്ടും ഇടത് പക്ഷത്തിനാകുമായിരുന്നുവെന്നും പറഞ്ഞുവെച്ചു. വിശ്വാസികൾ കൂട്ടത്തോടെ ഇടത് പക്ഷത്തിന് വോട്ട് ചെയ്യാനെത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്നും കോടിയേരി പറഞ്ഞു.  

മലക്കംമറിച്ചിലെന്ന് ആരോപിച്ച് യുഡിഎഫും, എൻഡിഎയും രംഗത്തെത്തിയതോടെ വിഷയം കൂടുതൽ ച‍ര്‍ച്ചയായി. അതോടെ തെരഞ്ഞെടുപ്പ് ദിനത്തിലെ നേതാക്കളുടെ പ്രതികരണങ്ങളെല്ലാം ശബരിമലയിലും ദേവഗണത്തിലും അസുരഗണത്തിലും വിശ്വാസികളിലുമായി ഒതുങ്ങുകയും ചെയ്തു. 

ശബരിമലയിൽ സത്യവാങ്മൂലം പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ പോലും നിഷേധാത്മക മറുപടി നൽകിയ മുഖ്യമന്ത്രി, ശബരിമലയെ കുറിച്ച് പറഞ്ഞത് ആര് വിശ്വസിക്കാനാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ചോദ്യം. കേരളത്തിലെ ഒരു വിശ്വാസി പോലും മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. അയ്യപ്പ ഭക്തൻമാരുടെ വികാരങ്ങളെ മുറിവേൽപ്പിച്ച സര്‍ക്കാരിന്  ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.  

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് സ്വാമി അയ്യപ്പനോട് മാപ്പ് പറയണമെന്നായിരുന്നു മുതി‍ര്‍ന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എകെ ആന്റണിയുടെ പ്രതികരണം. ഇപ്പോൾ സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രിക്ക് അന്ന് ഈ ബോധം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി അയ്യപ്പനോട് ഖേദംപ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ട ആന്റണി അല്ലെങ്കിൽ ഇതൊക്കെ കാപട്യമാണെന്ന് വിശ്വസിക്കേണ്ടി വരുമെന്നും പറ‍ഞ്ഞു. 

എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പൻ ക്ഷമിക്കില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. വോട്ടെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്നത് കൃത്രിമ വിനയം ആണെന്നും ഇത് പിആര്‍ ഏജൻസികൾ പഠിപ്പിച്ച് വിട്ടതാണെന്നും മുല്ലപ്പള്ളിയും   വോട്ടിംഗ് ദിനമല്ല അയ്യപ്പനെ ഓർക്കേണ്ടതെന്ന് ശശി തരൂരും പ്രതികരിച്ചു. 

സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന പിണറായിയുടെ പ്രസ്താവനയെ തള്ളിയ സുധാകരൻ, ദേവഗണങ്ങൾ അസുര വിഭാഗത്തോടൊപ്പം എവിടെയും നിന്നിട്ടില്ലെന്നും പരിഹസിച്ചു. ഇരു കൂട്ടരും യോജിച്ച സന്ദ‍ര്‍ഭം ചരിത്രത്തിലില്ല. ഭക്തരുടെ വികാരത്തെ ചൂഷണം ചെയ്യുകയാണ് പിണറായി. വോട്ടർമാർ ബുദ്ധിയുള്ളവരാണ്. വിശ്വാസികളെയും ഇത്രയും അധികം അപമാനിച്ചത് പിണറായി വിജയൻ മാത്രമാണെന്നും സുധാകരൻ പറഞ്ഞു. 

തെരഞ്ഞെടുപ്പിലുടനീളം ശബരിമല വിഷയം ഉയ‍ർത്തി വോട്ട് ചോദിച്ച ബിജെപിയും പിണറായിയെ രൂക്ഷമായി വിമ‍ര്‍ശിച്ചാണ് രംഗത്തെത്തിയത്. 
സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി സുരേന്ദ്രൻ, ഏറ്റവും വലിയ അസുരൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പിണറായിയും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്ന് ശബരിമലയിൽ ചെയ്ത നീചമായ കാര്യങ്ങൾ  വോട്ടര്‍മാര്‍ വീണ്ടും ഓ‍ര്‍മ്മിക്കുമെന്ന് കരുതിയാണ് അദ്ദേഹം മലക്കം മറിഞ്ഞതെന്നും ആരോപിച്ചു.

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios